tka-nair

 എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന ചരിത്രപരമായ വിധിയോടെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു ശബരിമല ക്ഷേത്രം. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ മുറുകവെ 32 വർഷങ്ങൾക്ക് മുമ്പ് ശബരിമല ക്ഷേത്രസന്നിധിയിൽ ചിത്രീകരിച്ച സിനിമാ ഗാനരംഗങ്ങളടക്കം വൈറലായിരുന്നു. ശബരിമലയിൽ 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകൾ പ്രവേശിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തൽ.


ഇതിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ. തന്റെ ചോറൂണ് ചടങ്ങ് നടത്തിയത് ശബരിമല ക്ഷേത്രത്തിൽ അമ്മയുടെ മടിയിലിരുത്തിയാണ് എന്ന് മാതാപിതാക്കൾ പറഞ്ഞ കാര്യമാണ് പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടി.കെ.എ നായർ പറയുന്നത്.

1939ലാണ് ടി.കെ.എ നായർ ജനിച്ചത്. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണപ്പിള്ളയും അയ്യപ്പ ഭക്തരായിരുന്നു. ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികൾ ജനിച്ചയുടൻ മരണപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ജനിച്ച തന്നെ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ലഭിച്ചതെന്നാണ് അവരുടെ വിശ്വാസം- ടി.കെ.എ.നായർ പറഞ്ഞു. പന്തളം രാജാവിന്റെ നിർദ്ദേശ പ്രകാരം തനിക്ക് അയ്യപ്പൻകുട്ടി എന്നാണ് പേരിട്ടതെന്ന് നായർ കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധിയെ വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകൾ അംഗീകരിക്കൂ എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർത്തവം അശുദ്ധമാണ് എന്ന ബോധത്തിൽ വളർത്തപ്പെടുന്ന സത്രീകൾക്ക് ഇത് ബോധ്യപ്പെടാൻ സമയമെടുക്കുമെന്നും നായർ വ്യക്തമാക്കി.