നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചത്. പ്രമുഖ നടൻ നാനാ പടേക്കർക്കെതിരെയായിരുന്നു തനുശ്രീയുടെ ആരോപണ ശരങ്ങൾ. 2009ൽ പുറത്തിറങ്ങിയ 'ഹോൺ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ.
ഇപ്പോഴിതാ, നടിയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 2009ലായിരുന്നു സംഭവം. പടേക്കറിനോട് ഇഴുകി ചേർന്ന് അഭിനയിക്കാത്തതിനാലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് തനുശ്രീ പറഞ്ഞിരുന്നു. തുടർന്ന് തനുശ്രീ സെറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും, നടിയും കുടുംബത്തേയും ഒരു കൂട്ടം ആളുകൾ ആക്രമിക്കാൻ നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മഹാരാഷ്ട്ര നവനിർമ്മാൺ സേനയിലെ അംഗങ്ങളാണ് ഇവരെന്നാണ് ആരോപണം.
ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ട്വിങ്കിൾ ഖന്ന എന്നിവർ തനുശ്രീയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.