namitha

നും എപ്പോഴും ഹാപ്പിയാണ് നമിത പ്രമോദ്. പ്രകാശിക്കുന്ന മുഖത്തോടെയല്ലാതെ നമിതയെ കാണാൻ സാധിക്കില്ല. മലയാളത്തിലെ മുൻനിര യുവനായിക, തെലുങ്കിൽ തിളക്കമുള്ള വിജയങ്ങൾ, ഒടുവിൽ പ്രിയദർശൻ ചിത്രം നിമിറിലൂടെ തമിഴിലും അരങ്ങേറ്റം.

ഓരോ ചുവടും സൂക്ഷിച്ച്
ഇപ്പോൾ വളരെ ആലോചിച്ച് മാത്രമേ സിനിമകൾ തിരഞ്ഞെടുക്കുന്നുള്ളൂ. കരിയറിന്റെ ഈ ഘട്ടത്തിൽ ഓടിനടന്ന് അഭിനയിക്കേണ്ട കാര്യമില്ല. കുറച്ചുനാൾ അഭിനയിച്ചില്ലെന്ന് കരുതി ആളുകൾ മറന്നുപോകുമോയെന്ന പേടിയുമില്ല. സിനിമയല്ലാതെ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. നല്ല അവസരങ്ങൾ ലഭിക്കുന്നിടത്തോളം അഭിനയിക്കും. കുറച്ചു കഴിയുമ്പോൾ സ്വാഭാവികമായും ഫീൽഡൗട്ടാകും. പുതിയ ആളുകൾ വരും. അതൊന്നും നമ്മുടെ കൈയിലുള്ള കാര്യങ്ങളല്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയത്തിലേക്ക് വന്നത്. നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. വിജയങ്ങളെയും പരാജയങ്ങളെയും അധികം മനസിലേക്കെടുക്കാതെ, സന്തോഷമായി പോകുന്നു.

ത്രീഡി സൂപ്പറാണ്
പ്രൊഫസർ ഡിങ്കനിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രസമാണ് ഡിങ്കനിലെ അഭിനയം. ദിലീപേട്ടനൊപ്പം അഞ്ചാമത്തെ ചിത്രം. ഇതിനിടയിൽ വന്ന കമ്മാരസംഭവം ശ്രദ്ധിക്കപ്പെട്ടു. ഡിങ്കന്റെ ഷൂട്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുനഃരാരംഭിച്ചത്. ഇപ്പോൾ വീണ്ടുമൊരു ബ്രേക്ക് വന്നിരിക്കുകയാണ്. ഇതിനിടയിൽ അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തിരക്കുകളുണ്ടായിരുന്നു. ഡിങ്കൻ ഒരു ത്രീഡി സിനിമയായതുകൊണ്ട് ജോലികൾ പതുക്കെയാണ് മുന്നോട്ട് പോകുന്നത്. ത്രീഡിയുടെ കാര്യങ്ങൾ മാത്രം നോക്കാൻ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുള്ള ഒരു വാൻ എപ്പോഴും ലൊക്കേഷനിലുണ്ടാകും. ഓരോ ഷോട്ടും എടുത്ത ശേഷം ആ വാനിൽ പോയി ഓക്കെയാണോയെന്ന് നോക്കും. എന്നിട്ടേ അടുത്ത ഷോട്ടിലേക്ക് കടക്കൂ. മലയാളത്തിൽ ത്രീഡി സിനിമകൾ കുറവല്ലേ. മൈ ഡിയർ കുട്ടിച്ചാത്തനൊക്കെ കണ്ട പരിചയമേ നമുക്കുള്ളൂ. അഭിനയിക്കുമ്പോൾ അതിന്റേതായ കൗതുകമുണ്ട്. ഡിങ്കന് വേണ്ടി കുറച്ചധികം ദിവസങ്ങൾ ആവശ്യമാണ്. അതുകഴിഞ്ഞേ മറ്റ് പ്രോജക്ടുകൾ ചെയ്യൂ.

എന്റെ സ്വന്തം തെലുങ്ക്
തെലുങ്കിൽ കുറേ പ്രോജക്ടുകൾ ചെയ്തു. ഇതരഭാഷാ സിനിമകൾ നല്ല അനുഭവം മാത്രമേ തന്നിട്ടുള്ളൂ. മലയാള സിനിമകൾ എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് അടുത്ത നിൽക്കുന്നവയാണ്. തമിഴ് സിനിമകൾ കളർഫുളാണ്. തെലുങ്കിൽ അതിന്റെ അങ്ങേയറ്റമാണ്. മലയാള സിനിമ കലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നെങ്കിൽ, തമിഴിലും തെലുങ്കിലും ബിസിനസാണ്. പ്രൊഫഷണലിസത്തിന്റെ കാര്യത്തിൽ മാത്രം നമ്മൾ അല്പം പിറകിലാണെന്ന് തോന്നാറുണ്ട്. എവിടെപ്പോയാലും നന്നായി അഭിനയിച്ചാൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാം. അതിൽ മാത്രം ഒരു വ്യത്യാസവുമില്ല. തെലുങ്ക് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടി. ഇതുവരെ സ്വന്തമായി ഡബ്ബ് ചെയ്തിട്ടില്ല.namitha1

 

 

പഠിക്കും പക്ഷേ, ജോലി വേണ്ട
ബി.എസ്. ഡബ്ള്യു കറസ്‌പോണ്ടൻസായി പഠിക്കുന്നുണ്ട്. അതിന്റെ പരീക്ഷകൾ വൈകാതെയുണ്ടാകും. സോഷ്യൽ സയൻസ് പണ്ടേ ഇഷ്ടമായിരുന്നു. പക്ഷേ, സോഷ്യൽ വർക്ക് ഒരു പ്രൊഫഷനായി എടുത്താൽ എങ്ങനെയാകുമെന്ന് അറിയില്ല. സിനിമയോളം പ്രാധാന്യം പഠനത്തിനും കൊടുക്കുന്നു. എന്നു കരുതി പഠിച്ച് ജോലി വാങ്ങാനൊന്നും താത്പര്യമില്ല. ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാനും അഞ്ചു മണി വരെ ഓഫീസിൽ ഇരിക്കാനും മടിയാണ്. ടീച്ചറാവുകയാണെങ്കിൽ കുഴപ്പമില്ല. വെക്കേഷനൊക്കെ കിട്ടുമല്ലോ. ജോലി ചെയ്യാൻ അല്പം മടിയുള്ള കൂട്ടത്തിലാണെന്ന് കരുതിക്കോളൂ. പക്ഷേ, പഠിക്കണമെന്ന ആഗ്രഹത്തിന് കുറവില്ല.

വിവാഹത്തിനുശേഷം വീട്ടിലിരിക്കും
കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാൽ ഭർത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വർഷം കൂടി കഴിഞ്ഞാൽ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാൾ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്സിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. അതിനിടയിൽ ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ അഭിനയിക്കണമെന്നുണ്ട്. അവർ മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായകന്മാരല്ലേ. പോരാത്തതിന് ഞാൻ അവരുടെ കട്ട ഫാനും. വിവാഹശേഷം സിനിമയിൽ അഭിനയിക്കാൻ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാൻ എന്റെ അമ്മയെ കണ്ടാണ് വളർന്നത്. അമ്മയുടെ ജീവിതം ഞങ്ങൾക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്.namitha2

 

വിവാദങ്ങളിൽ ഞാനില്ല
സിനിമാരംഗത്ത് ചില പ്രശ്നങ്ങൾ വന്നപ്പോൾ എന്റെ പേരും വാർത്തകളിലേക്ക് വലിച്ചിഴച്ചു, ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാദ്ധ്യമങ്ങളാണ്. അവർക്ക് തീർച്ചയായും നീതി ബോധം വേണം. ഒരാളെ കുറിച്ച് വാർത്ത കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെ കുറിച്ച് അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ല. ആദ്യമൊക്കെ ടെൻഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണ്.