മലയാളത്തിലേക്ക് ഐശ്വര്യത്തിന്റെ സൈറൺ മുഴക്കിയെത്തിയ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ ഐശ്വര്യ ലക്ഷ്മി മലയാളികളുടെ മനസിൽ ഇടംപിടിച്ചു കഴിഞ്ഞു. ഫഹദ് ഫാസിൽ അമൽ നീരദ് വരത്തൻ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
കഥയുടെ കൈപിടിച്ച സിനിമ
വളരെ അധികം കഴിവുള്ള സംവിധായകനാണ് അമൽ നീരദ് സാർ. ഫഹദ് സാറിനെ കുറിച്ച് ഞാൻ അധികം പറയേണ്ടതില്ല. രണ്ടുപേരുടെയും കൂടെ ജോലി ചെയ്യാൻ കിട്ടിയ അവസരം വലിയ ഭാഗ്യമാണ്. കഥയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം കെട്ടുറപ്പുള്ള തിരക്കഥയുമുണ്ട്. ഏകദേശം 30 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാനായിരുന്നു പ്ലാൻ. പക്ഷേ, പ്രതികൂല കാലാവസ്ഥ കാരണം 70 ദിവസം വേണ്ടി വന്നു. അഭിനേതാക്കളിൽ പലരും മറ്റ് പ്രോജക്ടുകൾ മാറ്റിവച്ച് ഇതിനൊപ്പം നിന്നു. ഇത്രയും നല്ല സിനിമ വല്ലപ്പോഴുമേ ലഭിക്കൂയെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടായിരുന്നു. നല്ല കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.
അപ്പു അല്ല ഐശ്വര്യ ലക്ഷ്മി
അപ്പു നല്ല സ്മാർട്ടും ബോൾഡുമായ പെൺകുട്ടിയാണ്. പക്ഷേ, ഐശ്വര്യ ലക്ഷ്മി അതിനടുത്തൊന്നും എത്തിയിട്ടില്ല. കുറച്ചു കൂടി സ്മാർട്ടാവാൻ ശ്രമിക്കേണ്ട ആളാണ് ഐശ്വര്യ. ആധുനിക കാലത്ത് ജീവിക്കുന്ന മിടുക്കിയായ പെൺകുട്ടിയാണ് അപ്പു. ഏത് പ്രതികൂല സാഹചര്യത്തെയും തകർത്ത് മുന്നോട്ട് പോകും. അഭിനയമോഹത്തിൽ മാത്രമാണ് എനിക്കും അപ്പുവിനും സാമ്യമുള്ളത്. അപ്പു ഉറക്കമൊഴിച്ചിരുന്ന് അമരീഷ് പുരിയുടെ വീഡിയോയൊക്കെ കാണുന്നുണ്ട്. ഞാനും അതുപോലെയായിരുന്നു. സിനിമയോടുള്ള ഇഷ്ടക്കൂടുതൽ കാരണം സ്വാഭാവികമായി ചെയ്തുപോകുന്നതാണ് അതൊക്കെ. ഒടുവിൽ അപ്പുവും ഐശ്വര്യയും സിനിമയിൽ എത്തുകയും ചെയ്തു.
ഡോക്ടർ അകത്തുണ്ട്
സിനിമയും മെഡിക്കൽ പ്രൊഫഷനും എന്റെ ബാക്ക് അപ്പ് പ്ലാനുകളല്ല. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കാരണം നന്നായി കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടർ ആയത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്ന് നിവിൻ പോളി ചിത്രം !*!ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലേക്ക് അവസരം കിട്ടി. ആ സിനിമയിൽ അഭിനയിക്കുമ്പോഴും തുടർന്ന് അവസരങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, മായാനദി ശ്രദ്ധിക്കപ്പെട്ടതോടെ എന്നെ തേടി വളരെ നല്ല ഓഫറുകൾ എത്തിത്തുടങ്ങി. മോഡലിംഗിനെക്കാൾ പ്രയാസമാണ് സിനിമാ അഭിനയം. പരസ്യങ്ങളുടെ ദൈർഘ്യം 30 സെക്കൻഡല്ലേ. ആളുകൾക്ക് വിലയിരുത്താനുള്ള അവസരം ലഭിക്കില്ല. സിനിമയാണെങ്കിൽ കീറിമുറിച്ച് പരിശോധിക്കും. പക്ഷേ, സിനിമയും മോഡലിംഗും ജീവിതകാലം മുഴുവൻ ആശ്രയിക്കാവുന്ന തൊഴിൽ മേഖലകളല്ല. വിദ്യാഭ്യാസമുള്ളതിന്റെ ആത്മവിശ്വാസമുണ്ട്. സംഭവിച്ചതെല്ലാം ദൈവാനുഗ്രഹമായി കരുതുന്നു.
അടുത്ത നായകനാര്
ആദ്യ സിനിമയിൽ നായകൻ നിവിൻ പോളി. രണ്ടാമത്തേതിൽ ടൊവിനോ തോമസ്. ഇപ്പോഴിതാ ഫഹദ് ഫാസിലും. മലയാളത്തിന്റെ ഒന്നാംനിര നായകന്മാർക്കൊപ്പം അഭിനയിക്കാനായതിൽ സന്തോഷമുണ്ട്. മൂന്ന് നായകന്മാരും അടിപൊളിയായിരുന്നു. നിവിൻ പോളിയും ഫഹദ് ഫാസിലുമൊക്കെ വലിയ ഗൗരവക്കാരാണോയെന്ന് ചോദിക്കുന്നവരുണ്ട്. കാണുന്ന പോലെയൊന്നുമല്ല ,ഇവരൊക്കെ ഭയങ്കര സിംപിളാ. അടുത്ത സിനിമയിൽ ഈ നായകന്റെ കൂടെ അഭിനയിക്കണം എന്നൊന്നും ആഗ്രഹിക്കാറില്ല. നായകൻ ആരെന്നതിലുപരി നല്ല തിരക്കഥ വേണം. തുടക്കത്തിൽ തന്നെ മികച്ച ടീമുകൾക്കൊപ്പമാണ് ജോലി ചെയ്തത്. ഇനി മോശമാക്കാൻ പാടില്ലല്ലോ.
ഭാഷയേതായാലും പഠിക്കണം
സിനിമയിൽ അഭിനയിക്കാൻ ഭാഷ ഒരു പ്രശ്നമല്ല. പക്ഷേ, ഏത് ഭാഷയിൽ അഭിനയിച്ചാലും അത് മലയാളം പോലെ എളുപ്പത്തിൽ കൈകാര്യം ചെയ്യണമെന്നാഗ്രഹമുണ്ട്. അതിനായി കഷ്ടപ്പെടാനും റെഡിയാണ്. കുറച്ചുനാൾ മുമ്പ് ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. അതിനിടയിലാണ് മായാനദിയിലേക്ക് വിളിച്ചത്. നമ്മുടെ നാട്ടിൽ നിന്ന് കിട്ടുന്ന നല്ലൊരു ഓഫർ കളയാനുള്ള വിഷമം കാരണം തെലുങ്ക് ചിത്രത്തിൽ നിന്ന് പിന്മാറി. അഭിനയത്തിൽ സജീവമായതോടെ വിവിധ ഭാഷകളിലെ സിനിമകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല കൂട്ടുകാരുമായുള്ള വർത്തമാനങ്ങളെല്ലാം ഒടുവിൽ സിനിമാ ചർച്ചകളിലാണ് അവസാനിക്കുക.
കഥാപാത്രങ്ങൾ ഓർമ്മിക്കപ്പെടണം
എല്ലാ ചെറിയ കാര്യങ്ങൾക്കും ടെൻഷനടിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവമുണ്ട്. കരയാൻ തോന്നിയാൽ സ്ഥലവും സന്ദർഭവുമൊന്നും നോക്കാറില്ല. അതോടെ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെ കുറിച്ചോർത്ത് ഇരിക്കില്ല. ചെറിയൊരു പനി വന്നാൽ പോലും അമ്മ അടുത്തുവേണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കാറില്ല. വെറുതേ സിനിമ ചെയ്യേണ്ട ആവശ്യവും എനിക്കില്ല. സിനിമ ഒരു പാഷനാണ്. മറ്റൊരു നല്ല പ്രൊഫഷൻ കൈയിലുണ്ട്. അപ്പോൾ പിന്നെ അയ്യോ എനിക്ക് ഇനി സിനിമ കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്നാലോചിക്കേണ്ട കാര്യമില്ലല്ലോ.എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നതാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.