മലയാള സിനിമയിൽ പണ്ട് ഒരു നിഷ്‌കളങ്കനായ പയ്യനുണ്ടായിരുന്നു. നമ്മുടെ അയൽവീട്ടിലെ പയ്യൻ എന്നപോലെ അടുപ്പം തോന്നുന്ന ഒരാൾ. ഒരു സമയത്ത് 'കിണ്ടി' എന്ന വാക്കു കേൾക്കുമ്പോൾ ഓരോ മലയാളിയുടെ മനസിലും വരുന്നത് ചെറിയ പരുങ്ങലോടെ ചിരിക്കുന്ന സുധീഷിന്റെ മുഖമാണ്. 'തീവണ്ടി' എന്ന ഒരൊറ്റച്ചിത്രത്തിലൂടെ സുധീഷ് ആ മേൽവിലാസം മാറ്റിയെഴുതി. 'ദേ കിണ്ടി പോകുന്നു' എന്നു പറഞ്ഞവർ ഇപ്പോൾ 'ദേ അമ്മാവൻ പോകുന്നു ' എന്നാക്കിയിട്ടുണ്ടെന്ന് ചിരിയോടെ സുധീഷ് പറയുന്നു.
അനിയനിൽ നിന്നും അമ്മാവനിലേക്ക്
വളരെക്കാലമായി ഒരു മാറ്റം ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അതത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. സിനിമയെ സംബന്ധിച്ച് ഒരു ഇമേജിലേക്ക് എത്തിച്ചേർന്നാൽ അതിൽ നിന്നും പുറത്തു കടക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. നമ്മുടെ രൂപം പോലും അതിനൊരു തടസമാണ്. ഒരുപക്ഷേ ഇമേജ് ബ്രേക്ക് ചെയ്യുന്ന കഥാപാത്രം തരാൻ സംവിധായകന് ഒരു പേടിയുണ്ടാകും. കാരണം അവരെ സംബന്ധിച്ച് അതൊരു റിസ്‌ക് ആണ്. അല്ലെങ്കിൽ നമ്മളെ അത്രത്തോളം അറിയുന്ന, നമ്മുടെ കഴിവിൽ വിശ്വാസമുള്ള ഒരാളായിരിക്കണം.
ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ
തീവണ്ടിയുടെ ആൾക്കാരുമായി എനിക്ക് ഒരു പരിചയവും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു റോളുണ്ട് എന്ന് എന്നെ വിളിച്ച് പറയുകയായിരുന്നു. ഒരു പക്ഷേ എന്നിൽ ആ അമ്മാവനെ അവർക്ക് കാണാൻ സാധിച്ചിട്ടുണ്ടാകാം. സിനിമയുടെ തുടക്കം കേട്ടപ്പോൾ തന്നെ ഒരു വ്യത്യാസം അനുഭവപ്പെട്ടതുകൊണ്ട് ഇത് ചെയ്യാം എന്നു തീരുമാനിച്ചു. ഇപ്പോഴും നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇത്തരം അമ്മാവൻമാർ സാധാരണമാണ്. കാര്യമായ ചിന്തയൊന്നും ഇല്ലാതെ ചെറുപ്പക്കാരുടെ സെറ്റുകളിലൊക്കെ വന്നിരുന്ന് തമാശകളൊക്കെ പൊട്ടിക്കുന്ന അമ്മാവൻമാർ നമുക്കെല്ലാം പരിചയമുള്ളവരാണ്.
ആദ്യദിവസം മനസിലിരിപ്പ് മാറി
അമ്മാവനെക്കുറിച്ച് ആദ്യം തന്നെ സംവിധായകൻ പറഞ്ഞത് 'ആഭാസനായ ഒരു അമ്മാവൻ ' എന്നാണ്. കാരണം പുകവലിയും അത്യാവശ്യം മദ്യപാനവും ചീട്ടുകളിയുമൊക്കെയായി ഒരു ഉത്തരവാദിത്തവും ഇല്ലാതെ ജീവിക്കുന്ന ഒരു മനുഷ്യൻ. സമപ്രായക്കാരേക്കാളും ചെറുപ്പക്കാരുമായാണ് അമ്മാവന്റെ സഹവാസം. നേരിട്ടറിയുന്ന അത്തരം ചില അമ്മാവൻമാരുടെ രീതികളൊക്കെ നിരീക്ഷിച്ചു. പിന്നെ ഷൂട്ടിംഗ് തുടങ്ങുന്നതുവരെ താടിയെടുക്കണ്ട എന്ന് സംവിധായകൻ പറഞ്ഞിരുന്നു. അങ്ങനെ ആദ്യദിവസം ഞാൻ കറുകറുത്ത താടിയൊക്കെ വച്ച് സെറ്റിലെത്തി. ഉള്ളിന്റെയുള്ളിൽ ചെറുപ്പക്കാരനായ ഒരു അമ്മാവനെയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ സെറ്റിലെത്തിയപ്പോൾ ധാരണയാകെ മാറി.
അവർക്ക് വേണ്ടത് സ്വാഭാവികത
'തീവണ്ടി' യുടെ ടീം ആണ് അമ്മാവനാവാൻ ഏറ്റവും കൂടുതൽ സഹായിച്ചത്. വളരെ ജോളിയായ ഒരു സെറ്റായിരുന്നു. ഡയറക്ടറും സ്‌ക്രി്ര്രപ് റൈറ്ററുമെക്കെ വളരെ സൗഹൃദത്തോടെ ഇടപെടുന്നവരായിരുന്നു. പഴയ തലമുറ, പുതിയ തലമുറ അങ്ങനെയൊരു വ്യത്യാസം അഭിനയത്തിൽ ഇല്ല. സിനിമ എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ അംഗീകരിക്കാൻ നമ്മളും തയ്യാറാകണം. ഇപ്പോഴത്തെ തലമുറ വളരെ ബുദ്ധിയുള്ളവരാണ്.അതുകൊണ്ടുതന്നെ കൃത്രിമത്വം അവർ അംഗീകരിച്ചു തരില്ല. അങ്ങേയറ്റം സ്വാഭാവിക അഭിനയമാണ് വേണ്ടത്. അതിനുവേണ്ടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. അഭിനയം എന്നത് എന്റെ ഏറ്റവും വലിയ സന്തോഷമാണ്, അതിൽ തലമുറ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. മണിച്ചിത്രത്താഴിന് ശേഷം ഇത്രയും പ്രതികരണം കിട്ടുന്നത് അമ്മാവനിൽ നിന്നാണ്. ഒരു ചെയ്ഞ്ച് കിട്ടാൻ വൈകിപ്പോയി എന്ന നിരാശയൊന്നും ഇല്ല. അഭിനയം അത്രത്തോളം ഇഷ്ടപ്പെട്ട മേഖലയായതുകൊണ്ട് അതിൽ പരീക്ഷണങ്ങൾ നടത്തണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മണിച്ചിത്രത്താഴ് ശരിക്കും ഒരു ബ്രേക്ക് ആയിരുന്നു. കൂടാതെ വല്ല്യേട്ടൻ, അനിയത്തിപ്രാവ്, ബാലേട്ടൻ, വേനൽകിനാവ്, ആധാരം എന്നിവയിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ തന്നെയായിരുന്നു. ' വസന്തത്തിന്റെ കനൽ വഴികൾ ' എന്നൊരു ചിത്രത്തിൽ ഇ.എം.എസ് ആയി വേഷമിട്ടിട്ടുണ്ട്. പക്ഷേ ചിത്രം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല.
കൂടെയുണ്ട് അച്ഛൻ
ഞാൻ ഒരു കലാകാരനായി മാറിയതിന്റെ പിന്നിലെ ശക്തി അച്ഛനാണ്. ചെറുപ്പത്തിൽ അച്ഛന്റെ നാടകങ്ങൾ കണ്ടാണ് വളർന്നത്. അങ്ങനെയാണ് അഭിനയിക്കാനുള്ള മോഹം ഉദിച്ചത്. പിന്നീട് അച്ഛന്റെ പ്രോത്സാഹനത്തിൽ മോണോ ആക്ട്, നാടകം തുടങ്ങിയവയിൽ പങ്കെടുക്കാൻ തുടങ്ങി. അച്ഛന്റെ സഹായത്തോടെയാണ് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമയിൽ ഇന്റർവ്യുവിന് പോയതും അഭിനയിക്കാൻ അവസരം ലഭിച്ചതും. അച്ഛന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനവും വിമർശനവും ഉണ്ടായിരുന്നു. മറ്റൊരു കാര്യം അച്ഛൻ തന്ന സ്വാതന്ത്ര്യമായിരുന്നു. അത് സിനിമയിലുള്ള റിസ്‌ക്ക് ഫാക്ടർ നന്നായി അറിഞ്ഞുകൊണ്ടായിരുന്നു. എന്റെ മോൻ രുദ്രാക്ഷിന് അഭിനയിക്കാനുള്ള കഴിവും താത്പര്യവുമുണ്ടെന്ന് മനസിലാക്കിയത് സംവിധായകൻ സിദ്ദാർത്ഥ ശിവയാണ്. സിദ്ധാർത്ഥ ആകെ പറഞ്ഞത് നന്നായി നീന്തൽ പഠിക്കണം എന്നാതായിരുന്നു. പണ്ട് അടൂർ ഗോപാലകൃഷ്ണൻ സാർ എന്നെ ഇന്റർവ്യൂ ചെയ്തപ്പോഴും ഇതേ വാക്കുകളാണ് പറഞ്ഞത്.
സിനിമയിലെ സൗഹൃദങ്ങൾ
ഒരുപാട് സൗഹൃദങ്ങളുണ്ട്. സുഹൃത്തുക്കൾ കൂടുതൽ തിരക്കുള്ളവരാകുമ്പോൾ അവരുമായി കൂടുതൽ സൗഹൃദത്തിന് ശ്രമിക്കാറില്ല. പിന്നെ അഭിനന്ദിക്കാനൊരവസരം വരുമ്പോൾ അത് ചെയ്യാറുണ്ട്. സ്ഥിരം വിളിച്ചില്ലെങ്കിൽ പോലും എല്ലാവരോടും ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട്. അവർക്കൊക്കെ ഒരു നല്ല കഥാപാത്രം കിട്ടുമ്പോൾ ഒരുപാട് സന്തോഷം തോന്നും. കുഞ്ചാക്കോബോബൻ, ബിജു മേനോൻ, ഫഹദ് ഫസിൽ എന്നിവരുമായി അടുപ്പമുണ്ട്. അവരുടെയൊക്കെ ഉയർച്ച എനിക്കും സന്തോഷം നൽകുന്നു.
വരാൻ പോകുന്ന പടങ്ങൾ
ഇനി വരാൻ പോകുന്നത് ആസിഫ് അലി നായകനാവുന്ന ' കക്ഷി അമ്മിണിപ്പിള്ള ' എന്ന പടമാണ്. അതിൽ ആസിഫിന്റെ ചേട്ടന്റെ വേഷമാണ്. ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ. മറ്റു പ്രൊജക്ടുകളൊന്നും തത്കാലം എടുത്തിട്ടില്ല. കുറച്ചുകൂടി വ്യത്യസ്തയുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
സംവിധാനം എളുപ്പമേയല്ല
ആദ്യഘട്ടങ്ങളിൽ ഫാസിൽ സാറൊക്കെ സിനിമ ചെയ്യുന്നതു കാണുമ്പോൾ എനിക്കും അങ്ങനെയാവണം, എഴുതണം എന്നൊക്കെ തോന്നിയിട്ടുണ്ട്. അതിനുള്ള ശ്രമങ്ങളും ചെറുതായി നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചിന്തിച്ചു നോക്കുമ്പോൾ സംവിധാനം ചെയ്യണമെന്നില്ല, കാരണം അത് അത്ര എളുപ്പമുള്ള പണിയല്ല.