അടിമക്കച്ചവടം പൊടിപൊടിച്ചിരുന്ന ഒരു കാലഘട്ടം നമുക്ക് സങ്കല്പിക്കാനേ കഴിയൂ. പക്ഷേ ഒന്നോ രണ്ടോ നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നവർ അതു അനുഭവിച്ചിരുന്നു. കാലം പുരോഗമിക്കുമ്പോൾ പിന്നിടുന്നതെല്ലാം സങ്കല്പിക്കേണ്ടിവരും. രാമകൃഷ്ണൻനായർ ഇപ്പോഴും അടിമത്തമുണ്ടെന്ന് സ്ഥാപിക്കാനാണ് ഈ വാദഗതികൾ നിരത്തിയത്. ഒരു എൽ.പി സ്‌കൂൾ അദ്ധ്യാപകനായി റിട്ടയർ ചെയ്ത അദ്ദേഹം ഉദാഹരണങ്ങൾ നിരത്തിയായിരിക്കും എപ്പോഴും തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നത്.
ശരിയെന്ന് ഉള്ളിന്റെയുള്ളിൽ നൂറുശതമാനവും അറിയാമെങ്കിലും സ്വജാതിയുടെ പേരിൽ, സ്വന്തം മതത്തിന്റെ പേരിൽ, സ്വരാജ്യത്തിന്റെ പേരിൽ, ബന്ധുത്വത്തിന്റെ പേരിൽ ന്യായീകരിക്കേണ്ടിവരുന്നത് ആശയപരമായ അടിമത്തമല്ലേ. സസ്യഭുക്ക് മാംസഭുക്കിനെ കളിയാക്കും. ഹോമിയോ ഡോക്ടർ ആയുർവേദത്തെയും അലോപ്പതിയെയും കുറ്റപ്പെടുത്തും. അലോപ്പതിക്കാരനാകട്ടെ മറ്റെല്ലാ ചികിത്സാമാർഗങ്ങളും അശാസ്ത്രീയമാണെന്ന് സ്ഥാപിക്കും. സ്വന്തം നയങ്ങളുടെ, ആദർശങ്ങളുടെ, വിശ്വാസപ്രമാണങ്ങളുടെ ലക്ഷ്മണരേഖയ്ക്കുള്ളിൽ നിൽക്കാനാണ് ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഒന്നുകിൽ പരിഹസിക്കും അല്ലെങ്കിൽ ഒറ്റപ്പെടുത്തും രാമകൃഷ്ണൻനായർ ഇത്രയും പറഞ്ഞിട്ടാണ് പ്രഭാകരന്റെ ജീവിതത്തിലേക്ക് കടന്നത്.
പ്രകൃതിജീവന മുദ്രാവാക്യമനുസരിച്ചാണ് പ്രഭാകരൻ ജീവിക്കുന്നത്. മനുഷ്യൻ കഴിക്കുന്ന പലതും അവനു വേണ്ടാത്തതാണ്. കഴിക്കുന്ന പല മരുന്നുകളും രോഗം ക്ഷണിച്ചുവരുത്തുന്നവ. പ്രകൃതിയുടെ താളത്തിനൊത്തു ജീവിച്ചാൽ ഒരു രോഗവും വരില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയാണെങ്കിൽ സസ്യങ്ങൾക്കും മരങ്ങൾക്കും രോഗങ്ങൾ വരുന്നില്ലേ. സസ്യാഹാരം മാത്രം കഴിക്കുന്ന ജീവജാലങ്ങൾ രോഗബാധിതരാകുന്നില്ലേ എന്നൊക്കെ ചോദിച്ചാൽ അതിനെ ഖണ്ഡിക്കും. പ്രകൃതി ചികിത്സയൊഴികെ ബാക്കിയെല്ലാം ദോഷം ചെയ്യുന്നവയാണെന്ന് സമർത്ഥിക്കും.
നൂറുശതമാനവും സസ്യഭുക്കായി ജീവിക്കാൻ തുടങ്ങി പത്തുവർഷം കഴിഞ്ഞപ്പോൾ പ്രഭാകരന് പ്രമേഹം. അതു താനേ മാറുമെന്ന് അയാൾ വിശ്വസിച്ചു. ഡോക്ടർമാരെ കാണാനോ മരുന്നു കഴിക്കാനോ കൂട്ടാക്കിയില്ല. രോഗം കലശലായി കാലിലെ വ്രണം പഴുത്തപ്പോഴും തന്റെ നിലപാടിൽ നിന്ന് പ്രഭാകരൻ അണുവിട പിന്മാറിയില്ല. ഒടുവിൽ ഭാര്യയും മക്കളും നിർബന്ധിച്ച് ആശുപത്രിയിലാക്കി. ഇനിയെങ്കിലും ചികിത്സിച്ചില്ലെങ്കിൽ കാൽ മുറിക്കേണ്ടിവരുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. താൻ പഠിച്ചതും ഗ്രഹിച്ചതുമായ പ്രകൃതി ചികിത്സാപാഠങ്ങൾ കൊണ്ട് പ്രഭാകരൻ ഡോക്ടറെ നേരിട്ടു. പുഞ്ചിരിയോടെ ഡോക്ടർ ലക്ഷ്മി എല്ലാം കേട്ടു. പ്രകൃതിയുടെ അപാരമായ സിദ്ധികളെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ഡോക്ടർ ലക്ഷ്മി വാചാലയായപ്പോൾ പ്രഭാകരൻ അന്തംവിട്ടു. ഒരു അലോപ്പതി ഡോക്ടർക്ക് പ്രകൃതി ചികിത്സയെക്കുറിച്ച് ഇത്രയും ജ്ഞാനമോ?
പ്രകൃതി നമുക്ക് സമ്മാനിച്ച ശരീരം ഏതെങ്കിലും വാദത്തിനോ സിദ്ധാന്തത്തിനോ അടിയറവയ്ക്കാനുള്ളതല്ല. ബലി നൽകാനുള്ളതുമല്ല. ഏതു വിളക്കിലും പ്രകാശമുണ്ടെന്ന് മനസിലാക്കിയാൽ വൈദ്യുത ദീപത്തെയോ റാന്തൽ വിളക്കിനെയോ മെഴുകുതിരിയെയോ വെറുക്കാനാകില്ല. എന്തായാലും ഡോക്ടർ ലക്ഷ്മിയുടെ സ്‌നേഹത്തിനു വഴങ്ങി പ്രഭാകരൻ ചികിത്സയ്ക്കു സമ്മതിച്ചു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം ഡോക്ടർ ലക്ഷ്മി തന്നെ മികച്ച ഒരു ആയുർവേദ ഡോക്ടറെയും ഹോമിയോ ഡോക്ടറെയും പരിചയപ്പെടുത്തി. തന്റെ കാൽ നഷ്ടപ്പെടാതെ തിരികെ പഴയ ജീവിതത്തിലേക്ക് നയിച്ച പ്രകൃതിക്ക് പ്രഭാകരൻ നന്ദി പറഞ്ഞു. തന്റെ ജീവിതത്തിലൂടെ പഠിച്ച വിലപ്പെട്ട ഒരു പാഠം പ്രഭാകരൻ പലരോടും പറയാറുണ്ട്. ഒന്നിനെ അറിയുകയെന്നാൽ മറ്റെല്ലാറ്റിനെയും അറിയാതിരിക്കുകയല്ല. ഒന്നിനെ സ്‌നേഹിക്കുകയെന്നാൽ മറ്റെല്ലാറ്റിനെയും വെറുക്കുകയെന്നല്ല. ഒന്നിനെ ആദരിക്കുകയെന്നാൽ മറ്റെല്ലാറ്റിനെയും അനാദരിക്കുകയല്ല.
(ഫോൺ : 9946108220)