ഒരേമണ്ണിൽ അടുത്തടുത്ത് നിന്നാലും ചന്ദനമരത്തിന്റെ വേരിലും ഇലയിലും ഓരോ കോശത്തിലും സുഗന്ധമുണ്ടാകും. തൊട്ടടുത്തു നിൽക്കുന്ന ശീമക്കൊന്നയ്ക്കാകട്ടെ സുഗന്ധമുണ്ടാകില്ല. പക്ഷേ, അതിന്റെ ഇല ഒന്നാംതരം വളമാണ്. മനുഷ്യരും ഇതുപോലെയാണ്. ജന്മനാ ലഭിക്കുന്ന ഗുണങ്ങൾ ചിലരിൽ അവസാനം വരെയുണ്ടാകും. അതിന് പിന്നിലെ കാര്യകാരണ രഹസ്യങ്ങൾ പ്രകൃതിക്കു മാത്രമേ അറിയൂ.
ജീവിതത്തെക്കുറിച്ചുള്ള സുരേന്ദ്രന്റെ വിലയിരുത്തൽ കേട്ടു നിന്നവരെ അതിശയിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് പോകാതെ ജീവിത മാർഗം അന്വേഷിച്ച് ഗൾഫിലേക്ക് പോയ സുരേന്ദ്രൻ മരുഭൂമിയുടെ എഴുതാപ്പുറങ്ങളിൽ നിന്ന് പലതും പഠിച്ചു. മരുഭൂമിയിലെ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ശൂന്യമായ മണൽപ്പരപ്പിലും അകലെയെവിടെയോ ഒരു പച്ച കാത്തു നില്പുണ്ടെന്ന് ചിന്തിച്ചാൽ യാത്ര കഠിനമായി തോന്നില്ല. നല്ലൊരു നാളെ നമുക്കുമുണ്ടാകും എന്ന പ്രതീക്ഷ പൊള്ളുന്ന അനുഭവപ്പരപ്പിലും കൈവെടിയാൻ പാടില്ലെന്ന പക്ഷക്കാരനാണ് സുരേന്ദ്രൻ. അടുത്തറിഞ്ഞപ്പോൾ നിരവധി സവിശേഷതകളുള്ള വ്യക്തിയാണെന്ന് മനസിലായി. ദിവസവും ഡയറിയെഴുതും. അതിൽ താൻ തോറ്റുപോയത്, ജയിച്ചത് എന്നിവ രേഖപ്പെടുത്തും.
സുരേന്ദ്രൻ ആഹാരം കഴിക്കാനിരിക്കുമ്പോഴായിരിക്കും ഫോണിൽ ഒരു സഹായത്തിന് വിളിക്കുന്നത്. വിളിക്കുന്നവരുടെ സാമ്പത്തിക സ്ഥിതിയോ വലിപ്പച്ചെറുപ്പമോ അപ്പോൾ നോക്കാറില്ല. ആ നാട്ടിൽ ആദ്യം കാറെടുത്തത് സുരേന്ദ്രനാണ്. അതിനാൽ കാറെടുത്ത് സഹായിക്കാൻ പോകും. പിന്നെ മടങ്ങി വന്ന് ഉച്ചയ്ക്ക് വിളമ്പിവച്ച ഭക്ഷണം അത്താഴമാക്കി കഴിക്കും. ആറുമാസം കഴിയുമ്പോൾ താൻ സഹായിച്ച ആൾ ചിലപ്പോൾ തനിക്കെതിരെ പാരവയ്ക്കാൻ വന്നെന്നു വരും. അപ്പോഴും സുരേന്ദ്രന് കുലുക്കമൊന്നുമുണ്ടാകില്ല. ഭഗവത് ഗീതയുടെ സാരമൊന്നും പഠിച്ചിട്ടില്ലെങ്കിലും അതിന്റെ മധുരം സുരേന്ദ്രന്റെ രക്തത്തിലുണ്ട്.
ഒരു അപകടം പറ്റിയ സുഹൃത്തിനെ സഹായിക്കാൻ പോയ അനുഭവവും ഡയറിയിൽ സുരേന്ദ്രൻ എഴുതിയിട്ടുണ്ട്. കാറപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ടു. നഷ്ടപരിഹാരക്കേസിൽ സുഹൃത്തിനെ സഹായിക്കാൻ മറ്റൊന്നും ചിന്തിക്കാതെ രംഗത്തിറങ്ങി. വരും വരായ്കകൾ പലരും ചൂണ്ടിക്കാട്ടിയെങ്കിലും പിൻമാറിയില്ല. സുഹൃത്ത് നഷ്ടപരിഹാരത്തുകയുടെ ചെക്കുമായി വരുമ്പോൾ സുരേന്ദ്രൻ കാറുമായി വർക്ക് ഷോപ്പിലായിരുന്നു. സുഹൃത്തിനുവേണ്ടി മൊഴി നൽകിയതിന്റെ ശിക്ഷ പോലെ തന്റെ കാറിന് അപകടം പിണഞ്ഞു. തെറ്റു ചെയ്താൽ പ്രകൃതിക്ക് പിഴയടയ്‌ക്കേണ്ടിവരും. അതിന് വലിപ്പചെറുപ്പമില്ല. വലിയൊരു തുക കാർ നന്നാക്കിയെടുക്കാൻ ചെലവായെങ്കിലും സുരേന്ദ്രൻ സന്തുഷ്ടനായിരുന്നു. ആ അനുഭവത്തിലും പാസ് മാർക്കാണ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
നിത്യവും ജീവിതാനുഭവങ്ങളിലെ ശരിയും തെറ്റും പാകപ്പിഴകളും വിലയിരുത്തണം. സ്വയം തോറ്റു പോയതും വിധി തോൽപ്പിച്ചതും മറ്റുള്ളവർ പരാജയപ്പെടുത്തിയതും നിരീക്ഷിക്കണം. എങ്കിലേ വലിയ മുന്നൊരുക്കങ്ങളില്ലാതിരുന്നിട്ടും ചില പരീക്ഷകളിൽ പ്രകൃതി നൽകിയ ഉയർന്ന മാർക്ക് നന്ദിപൂർവം ഓർക്കാൻ സാധിക്കൂ. ആദ്യം ജീവിതത്തിന്റെ അക്ഷരം പഠിക്കണം. പിന്നെ അക്ഷരമാല പഠിക്കണം. എങ്കിലേ വിലകൂടിയ ചിത്രങ്ങളോടുകൂടിയ പുസ്തകം വായിക്കാൻ കഴിയൂ. ഇപ്പോഴുള്ള പല രക്ഷിതാക്കളും പ്രാഥമിക കാര്യങ്ങളും മൂല്യങ്ങളും ഗുണങ്ങളും കുട്ടികളെ പഠിപ്പിക്കാതെ വിലകൂടിയ പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുന്നു. അതിനാൽ സമ്പത്തും സൗഭാഗ്യങ്ങളുമുണ്ടെങ്കിലും ജീവിതത്തെ സമീപിക്കുമ്പോൾ നിരക്ഷരകുക്ഷികളായി മാറുന്നു. മക്കൾ ഉയർന്ന മാർക്കുംവാങ്ങി വരുമെന്ന് പാവം രക്ഷിതാക്കൾ സ്വപ്നം കണ്ടിരിക്കുന്നു.
(ഫോൺ : 9946108220)