pray

ചില മേഖലകളിലുള്ളവർക്ക് വലിയ പാണ്ഡിത്യവും ജീവിതനിരീക്ഷണവും ഉണ്ടാവുമെന്ന് സമൂഹം തെറ്റിദ്ധരിക്കും. കേരളത്തിൽ എത്ര ജില്ലയുണ്ടെന്ന് നിശ്ചയമില്ലാത്ത പുരോഹിതന്മാരുണ്ടായെന്ന് വരും. സ്വന്തം സഭയ്ക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് വലിയ പരിജ്ഞാനമില്ലാത്ത പാതിരിമാരുണ്ടായേക്കാം. പക്ഷേ, കാഴ്ചയിലും പെരുമാറ്റത്തിലും അവർ വലിയ പണ്ഡിതന്മാരെന്ന് തോന്നിയേക്കാം. അഞ്ചു മിനിട്ട് സമയം വേണ്ടിവരില്ല ആ ധാരണ പൊളിയാൻ. രാമപ്പൊതുവാൾ വ്യത്യസ്തനായ ഒരു പൂജാരിയാണ്. പ്രസാദവും തീർത്ഥവും കൊടുക്കുന്നതിൽ വലിപ്പചെറുപ്പമില്ല. ഭക്തരുടെ മനോവിചാരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ദക്ഷിണയുടെ കാര്യം ശ്രദ്ധിക്കുക പോലുമില്ല. തട്ടത്തിൽ ചിലരിടുന്ന നാണയങ്ങളും നോട്ടുകളും എപ്പോഴെങ്കിലുമായിരിക്കും എടുക്കുക. വേദമന്ത്രങ്ങൾ ചൊല്ലുന്നതിനിടയിലും ശ്രീകോവിലിനുള്ളിൽ രഹസ്യ അറയിൽ ഇടയ്ക്കിടെ തട്ടത്തിൽ നിന്ന് പണം മാറ്റുന്ന പൂജാരിമാർ ധാരാളം. അതിൽ നിന്ന് വ്യത്യസ്തനാണ് രാമപ്പൊതുവാൾ. അദ്ദേഹത്തിന്റെ മുന്നിൽവച്ച് തട്ടത്തിലെ ചന്ദനമെടുക്കുന്ന ഭാവത്തിൽ കാശെടുക്കുന്ന വിരുതന്മാരുമുണ്ട്.

ദേവാലയത്തിൽ വരുന്നവരിൽ ചിലർ സ്വന്തം ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു. ചിലർ തനിക്കും തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്മയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മറ്റു ചിലർ ലോകത്തിനാകെ ക്ഷേമം കാംക്ഷിക്കുന്നു. നാലാമതൊരു കൂട്ടർ തനിക്കുക്ഷേമം കിട്ടിയില്ലെന്നും അന്യന് ദോഷമുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. ഇവരിൽ ആരുടെ പ്രാർത്ഥന ഫലിക്കുമെന്ന് ഒരിക്കൽ ഒരു ഭക്തൻ സംശയം ചോദിച്ചു. പൊതുവാളുടെ ഉത്തരം പെട്ടെന്നായിരുന്നു. പ്രാർത്ഥിക്കും മുമ്പേ അത് വരുന്ന മനസിനനുസരിച്ചായിരിക്കും ഫലം. അതിനെ ബലപ്പെടുത്താൻ ഒരു ഉദാഹരണവും അദ്ദേഹം നിരത്തി. സതീന്ദ്രനും ദാക്ഷായണിയും അയൽക്കാരും ബന്ധുക്കളുമാണ്. അതിനേക്കാൾ വലിയ ബന്ധം അവർ നിതാന്ത ശത്രുക്കളാണെന്നതാണ്. സതീന്ദ്രന്റെ ഒച്ച സിംഹം അലറുംപോലെയാണ്. വഴക്ക് കൂടുമ്പോൾ നാലുപേരറിയും. ദാക്ഷായണിയുമായി ഒരു ദിവസം ഒരു നേരമെങ്കിലും കലഹിച്ചിരിക്കും. കലഹം കഴിഞ്ഞാൽ അടുത്ത ദിവസം സൂര്യൻ ഉദിച്ചുവരുമ്പോൾ നിൽക്കുന്ന തറയിലെ ഒരുപിടി മണ്ണുവാരി ദാക്ഷായണി പ്രാർത്ഥിക്കും. സതീന്ദ്രന്റെ തൊണ്ടയ്ക്ക് എന്തെങ്കിലും സംഭവിക്കണേ. ഇങ്ങനെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് അഞ്ചുവർഷം കഴിയുമുമ്പേ സതീന്ദ്രന്റെ ശബ്ദം നിലച്ചു. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു കാലത്ത് ശബ്ദം കൊണ്ട് അയൽക്കാരെ വിറപ്പിച്ചിരുന്ന സതീന്ദ്രൻ പിറുപിറുക്കുംപോലുള്ള നേർത്ത ശബ്ദവുമായി ജീവിച്ചു. മരിക്കുംവരെ പഴയ ആ ശബ്ദം തിരിച്ചു കിട്ടിയില്ല. താൻ ക്ഷേത്രപൂജ നടത്തുന്ന ഒരു വലിയ കാലയളവിലെ അനുഭവം പറഞ്ഞപ്പോൾ കേട്ടുനിന്ന ഒരാൾ സംശയം ചോദിച്ചു. അപ്പോൾ ശാപം ഫലിക്കുമല്ലേ. അതെ എല്ലാ വാക്കുകളും ഫലിക്കും. നല്ലതും ചീത്തയും. നമ്മുടെ നാവിൽ നിന്നിറങ്ങി പോകുന്ന വാക്കുകളെല്ലാം ഒരു നാൾ മടങ്ങിവരും. ചിലപ്പോൾ പെട്ടെന്ന് തിരിച്ചുവരും. ചിലപ്പോൾ വർഷങ്ങളെടുക്കും. സതീന്ദ്രന്റെ ദോഷത്തിനായി പ്രാർത്ഥിച്ച ദാക്ഷായണിക്കും കിട്ടി വാക്കിന്റെ ശിക്ഷ. വാതോരാതെ അയൽക്കാരന്റെ ശബ്ദം നിലയ്ക്കാൻ പ്രാർത്ഥിച്ച അവർ ഉറങ്ങാൻ കിടന്നാൽ അപ്പോൾ തുടങ്ങും ചുമ. പ്രഭാതം വരെ അതു തുടരും. ചുമയോട് ചുമ.

സ്വസ്ഥമായൊന്നുറങ്ങിയിട്ട് ദശാബ്ദങ്ങളായെന്ന് അവർ കണ്ണീരോടെ പരിതപിക്കും. മറ്റുള്ളവരെ ശപിക്കാൻ മഹർഷിമാർ ഭയപ്പെട്ടിരുന്നു. കാരണം ശപിക്കുമ്പോൾ അവരുടെ തപസിദ്ധിയുടെ മുക്കാലും നഷ്ടപ്പെട്ടിരിക്കും. ചീത്തവാക്കുകൾ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് വരാം. പക്ഷേ അത് തിരിച്ചുവരുമെന്ന് മറക്കാതിരിക്കുക. രാമപ്പൊതുവാൾ ഇടയ്ക്കിടെ ഭക്തരെ ഓർമ്മിപ്പിക്കാറുണ്ട്. എത്രപേർ അത് ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം ചിന്തിക്കാറില്ല.
(ഫോൺ: 9946108220)