വാസുക്കുട്ടനെന്താ ധീരതയ്ക്കുള്ള അവാർഡ് കിട്ടാത്തതെന്ന് നാട്ടിലെ പലരും ചോദിക്കാറുണ്ട്. കയത്തിൽ താണു കൊണ്ടിരുന്ന ദമ്പതികളെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തി. പാമ്പിനെയോ പേപ്പട്ടിയെയോ ഭയമില്ല. നട്ടെല്ലുയർത്തി നെഞ്ചു വിരിച്ചാണ് നടപ്പ്. ആർക്കും കീഴടങ്ങാത്ത സ്വഭാവം. വാസുക്കുട്ടന് രണ്ടിലധികം ചങ്കുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല. അടുത്തിടെ ഒരു മൂർഖൻ പാമ്പിനെ ചരടിൽ കെട്ടിയിട്ട് കളിപ്പിക്കുന്നതു കാണാൻ വൻജനക്കൂട്ടമായിരുന്നു. സന്ധ്യ കഴിഞ്ഞാൽ മൂന്നാലെണ്ണം വീശും. കുട്ടിക്കാലത്തെ തന്റെ വീരസാഹസികകഥകൾ സരസമായി വർണ്ണിക്കും. അതുകേട്ടിട്ട് ആരെങ്കിലും നെറ്റിചുളിക്കുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്താൽ തെളിവുകൾ അക്കമിട്ട് നിരത്തും. വല്ലാത്തൊരു മനുഷ്യൻ തന്നെ. മനുഷ്യനായാൽ ഇത്രയും തന്റേടം വേണം എന്നൊക്കെ കേൾവിക്കാർ പറഞ്ഞുപോകും.
നാട്ടിൻപുറത്തെ പേടിത്തൊണ്ടന്മാരെ വാസുക്കുട്ടന്റെ കഥകൾ പറഞ്ഞ് പലരും ഉത്തേജിപ്പിക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി വാസുക്കുട്ടൻ അധികം സംസാരിക്കില്ല. നടപ്പിലും നോക്കിലും ഉരുക്കിന്റെ പേശീബലമില്ല. വല്ല മാരകരോഗവുമാണോ അതോ കുടുംബപ്രശ്നങ്ങളോ എന്നൊക്കെ പലരും സംശയിച്ചു. എന്തു പറ്റിഎന്ന് മുഖത്തുനോക്കി ചോദിക്കാനുള്ള തന്റേടം ആർക്കുമില്ലെന്നതാണ് സത്യം. കാരണം ഏതു രീതിയിലാവും പ്രതികരണമെന്ന് പ്രവചിക്കാനാവില്ല.
നാട്ടിൻപുറത്തെ ധീരതയുടെ ദീപസ്തംഭമായ വാസുക്കുട്ടന്റെ മനം മാറ്റവും ഭാവമാറ്റവും പരമേശ്വരൻ പിള്ള സാർ അറിഞ്ഞു. വാസുക്കുട്ടനെ എഴുത്തിനിരുത്തിയത് അദ്ദേഹമാണ്. അതിൽ ഒട്ടൊരു അഭിമാനം ഇരുവർക്കുമുണ്ടായിരുന്നു. നാട്ടിൽ പരക്കെ അംഗീകരിക്കപ്പെട്ട വ്യക്തിത്വമാണ് പരമേശ്വരൻ സാറിന്റേത്. വാസുക്കുട്ടനെ കാണാൻ തന്റെ ഉറ്റ വിശ്വസ്തനും സുഹൃത്തുമായ ശങ്കരൻ കുട്ടിയെയും പരമേശ്വരൻ പിള്ള സാർ കൂട്ടിയിരുന്നു. ഇരുവരും വാസുക്കുട്ടനെ കാണാൻ പോയ വിവരമറിഞ്ഞ പലരും പിന്നീട് എന്താണ് വാസുക്കുട്ടന് സംഭവിച്ചതെന്ന് പലരീതിയിൽ കിണഞ്ഞ് ശ്രമിച്ച് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കാരണം അറിയാത്ത നാട്ടുകാർ പലതരം കഥകൾ കെട്ടിച്ചമച്ചു. കെട്ടുകഥകൾ പ്രളയമായി മാറിയപ്പോൾ പരമേശ്വരൻ പിള്ളസർ വിശ്വസ്തനായ മറ്റൊരു സുഹൃത്തിനോട് യഥാർത്ഥ സംഭവം രണ്ടോമൂന്നോ വരിയിൽ ഒതുക്കിപ്പറഞ്ഞു.
ചക്രവാളം വരെ വെട്ടിപ്പിടിച്ചാലും സ്വന്തം കൊട്ടാരത്തിനുള്ളിൽ തോറ്റുപോയാൽ മുഖത്ത് വെന്നിക്കൊടി പറക്കില്ല. താൻ മടിയിലിരുത്തി വാത്സല്യത്തോടെ വളർത്തിയ മകൻ ഒരുനാൾ വാസുക്കുട്ടനോട് കയർത്തു. വിരൽചൂണ്ടി സംസാരിച്ചു. വാസുക്കുട്ടനും വിട്ടുകൊടുത്തില്ല. തിരിച്ച് ദേഷ്യപ്പെട്ടപ്പോൾ മകൻ പിടിച്ചു തള്ളി. വീടിന്റെ പടിയിൽ തട്ടി തലമുറിഞ്ഞു.ആശുപത്രിയിലും അന്വേഷിച്ച് വന്നവരോടും വാസുക്കുട്ടൻ ശുദ്ധമായ നുണ പറഞ്ഞു: ഒറ്റിയിരുപ്പിന് ഒരു കുപ്പി അകത്താക്കി. അങ്ങനെ തലകറങ്ങി വീണതാണെന്ന്! എവിടെയൊക്കെ തോറ്റാലും സ്വന്തം വീട്ടിലെങ്കിലും ജയിക്കണം. എന്തൊക്കെ നേടിയാലും സ്വന്തം വീട്ടിൽ അംഗീകരിക്കപ്പെടാതെ പോയാൽ അതില്പരം അപമാനം മറ്റെന്തുണ്ട്? വാസുക്കുട്ടന്റെ ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനായില്ല.
(ഫോൺ: 9946108220)