പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പന്തളം കൊട്ടാരം ഭാരവാഹികൾ രംഗത്തെത്തി. മകരവിളക്കിന് തിരുവാഭരണം വിട്ട് തരില്ലെന്ന രീതിയിൽ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങൾ ആണെന്ന് കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ശബരിമലയിലെ ആചാരങ്ങൾ ഉൾക്കൊള്ളാൻ സുപ്രീം കോടതി തയ്യാറായില്ലെന്നും ഭക്തജനങ്ങളിൽ വനിതകളുടെ അഭിപ്രായം വോട്ടിട്ട് നോക്കിയാൽ പത്ത് ശതമാനം പോലും വിധിയെ അനുകൂലിക്കില്ലെന്നും കൊട്ടരം നിർവാഹക സമിതിയംഗം പി.ജി ശശികുമാർ പറഞ്ഞു. കൂടാതെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്തത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹൈന്ദവരുടെ കടക്കൽ കത്തി വെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീംകോടതി നടത്തിയതെന്നും ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്നും കൊട്ടാരം ഭാരവാഹികൾ വ്യക്തമാക്കി.