ക്വാലാലംപുർ: ലോകകപ്പ് കളിക്കാൻ ഒരു ജയം അകലെ ഇന്ത്യൻ കുതിപ്പ് അവസാനിച്ചു. ഇന്ത്യയെ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണകൊറിയ പരാജയപ്പെടുത്തിയതോടെ അടുത്ത വർഷം പെറുവിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിൽ യോഗ്യത നേടാതെ ഇന്ത്യ പുറത്താവുകയായിരുന്നു.
കരുത്തരായ കൊറിയയെ ആദ്യ പകുതിയിൽ സമനിലയിൽ പിടിച്ചതിന് ശേഷം 67 മിനിറ്റിൽ ജിയോൺ സാൻ ബിംഗ് നേടിയ ഗോളാണ് ഇന്ത്യയുടെ വിധി കുറിച്ചത്. ഗോൾ പോസ്റ്റിന് മുന്പിൽ പ്രതിരോധക്കോട്ട തീർത്ത നീരജ് സിംഗിന്റെ പ്രകടനം ഇന്ത്യൻ പോരാട്ടത്തിന് കരുത്തേകി.
2017ൽ ആതിഥേയരെന്ന നിലയിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം അണ്ടർ 17 ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. എന്നാൽ ഇത്തവണ യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്ന് ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യക്കുണ്ടായിരുന്നത്. എ.എഫ്.സി അണ്ടർ16 ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകൾക്കും അണ്ടർ17 ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും.