കോൽഹാപൂർ(മഹാരാഷ്ട്ര): വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ നിരന്തര ഉപദ്രവം കാരണം പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്ര ഇച്ചൽകറഞ്ചി പൊലീസ് സ്‌റ്റേഷനിലെ 42കാരനായ കോൺസ്‌റ്റബിൾ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാവുന്നത്.
നേരത്തെ ഒരു സ്‌റ്റേഷനിൽ ഇയാളും ആരോപണ വിധേയരായ രണ്ട് വനിതാ ഉദ്യോഗസ്ഥരും ജോലി ചെയ്‌തിരുന്നു. ഇവിടെ നിന്ന് രണ്ട് പേരുമായി കോൺസ്‌റ്റബിൾ അടുപ്പത്തിലായത് പുറത്തറിഞ്ഞതോടെ മൂന്ന് പേരെയും വ്യത്യസ്ഥ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഭർത്താവിന് താത്പര്യമില്ലാതിരുന്നിട്ടും ഇരുവരും അടുപ്പം തുടരാനും വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്.
ഇതിൽ ഒരാൾ വിവാഹബന്ധം വേർപെടുത്താൻ തന്നെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിൽ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സെപ്തംബർ 24ന് വിഷംകഴിച്ച പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്‌ചയാണ് മരണപ്പെട്ടത്.