youth-shot-dead

ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മഹേന്ദ്ര പാർക്ക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മുപ്പത്തിയൊന്നുകാരനെ അജ്ഞാത സംഘം വെടിവച്ച് കൊന്നു. തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയാണ് അങ്കിത് എന്ന യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നത്. അതേസമയം, അങ്കിത് ഒരു മുസ്‌ലിം യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ യുവതിയുടെ സഹോദരനാണ് കൊലയ്‌ക്ക് പിന്നിലെന്നും അങ്കിതിന്റെ സഹോദരി ആരോപിച്ചു.


അങ്കിതും മുസ്‌ലിം യുവതിയുമായി 12 വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ യുവതിയുടെ സഹോദരൻ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും ഇയാളാണ് കൊലയ്‌ക്ക് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, കൊലയ്‌ക്ക് പിന്നിലുള്ള കാരണത്തെപ്പറ്റി ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അങ്കിതുമായി പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കളാണ് കൊലയ്‌ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയാണ്. കുറ്റവാളികളെ ഉടൻ ഉടൻ പിടികൂടുമെന്നും ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.