women-doctor

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സ്ത്രീപ്രവേശനം അനുവദിച്ചത് ശരിയായ നടപടിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ ലിംഗനീതിയുടെ പുതിയ സമവാക്യങ്ങൾ സുപ്രീം കോടതിയുടെ വിധിയിലൂടെ നടപ്പിലായെന്നും എന്ത് വന്നാലും ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്നും മറ്റൊരു കൂട്ടരും അവകാശപ്പെടുന്നു. ഇതിനിടയിൽ ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് കുഴപ്പമെന്ന് വിശദീകരിച്ച് വനിതാ ഡോക്‌ടർ നടത്തുന്ന വിശദീകരണം വൈറലായി. ന്യൂയോർക്കിൽ കാർഡിയോളജിസ്‌റ്റായ ഡോ.നിഷപിള്ളയാണ് വീഡിയോയിലൂടെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.




ആർത്തവവും ആർത്തവ രക്തവും അശുദ്ധമല്ലെന്നും ആർത്തവ സമയത്ത് സ്ത്രീകൾ കയറിയാൽ ക്ഷേത്രത്തിനോ അവിടുത്തെ പ്രതിഷ്‌ടയ്‌ക്കോ യാതൊരു അശുദ്ധിയും സംഭവിക്കില്ലെന്നും ഡോക്ടർ തന്റെ വീഡിയോയിൽ പറയുന്നു. എന്നാൽ ശാരീരികമായ ചില പ്രത്യേകതകൾ കൊണ്ട് ആർത്തവ കാലത്തും ഗർഭാവസ്ഥയിലും സ്ത്രീകൾ ക്ഷേത്രത്തിൽ കയറുന്നത് വന്ധ്യതയ്‌ക്കും വിവിധ അസുഖങ്ങൾക്കും കാരണമാകും. ഇതൊഴിവാക്കാൻ വേണ്ടിയാണ് പണ്ട് മുതൽ ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളുടെ ക്ഷേത്രസന്ദർശനം വിലക്കിയതെന്നും ഇതിന് ശാസ്ത്രീയമായ അടിത്തറയുണ്ടെന്നും ഡോക്‌ടർ അവകാശപ്പെടുന്നു.

അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയും ശാസ്ത്രീയമായി ശബരിമല വിഷയത്തെ കൈകാര്യം ചെയ്‌തതിന് നന്ദി അറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. എന്നാൽ നിഷയുടെ അവകാശവാദങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ യാതൊരു അടിത്തറയുമില്ലെന്ന് വിശദീകരിച്ച് നിരവധി ഡോക്‌ടർമാരും രംഗത്തെത്തുന്നുണ്ട്. ഡോക്‌ടറെന്ന പ്രിവിലേജ് ഉപയോഗിച്ച് ഇത്തരം വൃത്തികേടുകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. ഭാരതീയ മിത്തുകളെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന സംഘപരിവാർ അജൻഡയാണ് ഇതിന് പിന്നിലെന്നും ചിലർ ആരോപിക്കുന്നു.