sarad-pawar

ന്യൂഡൽഹി: റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.സി.പി തലവൻ ശരദ് പവാർ രംഗത്തെത്തി. താൻ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത് ചർച്ചകൾക്ക് വഴിവയ്‌ക്കുകയും പാർട്ടിയിൽ നിന്ന് നിരവധി പേർ രാജിവയ്‌ക്കുകയും ചെയ്‌തതോടെയാണ് പവാർ നിലപാട് മാറ്റവുമായി രംഗത്തെത്തിയത്. റാഫേൽ വിമാനങ്ങൾ വാങ്ങുന്ന കാര്യത്തിൽ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടെന്നായിരുന്നു പവാറിന്റെ പ്രസ്‌താവന.


മോദിയെ പിന്തുണച്ചുവെന്ന് ആരോപിച്ച് ചിലർ എന്നെ വിമർശിക്കുകയാണ്. എന്നാൽ താൻ മോദിയെ പിന്തുണച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ലെന്നും അദ്ദേഹം ഒരു പാർട്ടി യോഗത്തിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരാണ് റാഫേൽ വിമാനങ്ങൾ വാങ്ങിയത്. ആദ്യം 650 കോടി വില നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ വില 1600 കോടിയായി ഉയർന്നത് എങ്ങനെയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷം ആക്രമണം ശക്തിപ്പെടുത്തവേ, ശരദ് പവാറിന്റെ മോദി അനുകൂല വിവാദപ്രതികരണം പ്രതിപക്ഷ നിരയിൽ അസംതൃപ്‌തിക്ക് ഇടയാക്കിയിരുന്നു.റാഫേലിന്റെ പേരിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന്റെ നിറം കെടുത്തുന്നതാണ് പരാമർശമെന്നാണ് ദേശീയതലത്തിൽ പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം. സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരായ വിശാലസഖ്യമുണ്ടാക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസ് ശരദ് പവാറിനെ ചുമതലപ്പെടുത്തിയിരിക്കെയാണ് വിവാദം. ഇത് ബി.ജെ.പിക്കും സന്തോഷകരമായി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ ശരദ് പവാറിനെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് നാടകീയമായി പവാർ നിലപാട് മാറ്റിയത്.