ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക വിദഗ്‌ദ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുഖ്യ സാമ്പത്തികോപദേഷ്‌ടാവായി നിയമിച്ചു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനു ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. മൗറിസ് ഒബ്‌സ്‌റ്റ്ഫീൽഡ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
യു.എസ് പൗരത്വമുള്ള ഗീതാ ഗോപിനാഥ് ഹാർഡ്‌വാർഡ് സർവ്വകലാശാലയിൽ പ്രൊഫസറാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായും പ്രവർത്തിച്ചു വരുന്നു. ഡൽഹി സർവ്വകലാശാല, വാഷിംഗ്ടൺ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീത ചിക്കാഗോ സർവ്വകലാശാലയിൽ അസിസ്‌റ്റന്റ് പ്രൊഫസറായാണ് ജോലിയിൽ പ്രവേശിച്ചത്. നിരവധി സ്ഥാപനങ്ങളുടെ സാമ്പത്തിക ഉപദേഷ്‌ടാവാണ്. 45 വയസിനു താഴെയുള്ള മികച്ച 25 സാമ്പത്തിക വിദഗ്‌ദ്ധരിൽ ഒരാളായി ഐ.എം.എഫ് തിരഞ്ഞെടുത്തിരുന്നു. കണ്ണൂർ മയ്യിൽ സ്വദേശി ടി.വി. ഗോപിനാഥിന്റെ മകളാണ് .