polio-vaccine

ന്യൂഡൽഹി: ഉത്തർപ്രദേശ് കേന്ദ്രമായ കമ്പനി നിർമിച്ച് വിതരണം ചെയ്‌ത പോളിയോ തുള്ളിമരുന്നിൽ ടൈപ്പ് 2 പോളിയോ വൈറസ് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിതരണം പോളിയോ മരുന്ന് കഴിച്ച കുട്ടികളെ കണ്ടെത്തി അടിയന്തര വൈദ്യചികിത്സ നൽകാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. പോളിയോ വിമുക്ത രാജ്യമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിതരണം ചെയ്‌ത മരുന്നുകൾ അടിയന്തരമായി തിരിച്ച് വിളിക്കാനും അധികൃതർ ഉത്തരവിട്ടു. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉന്മൂലനം ചെയ്‌ത മാരകമായ വൈറസാണ് പോളിയോ വൈറസ് ടൈപ്പ് 2.


തുള്ളിമരുന്ന് കഴിച്ച കുട്ടികളെ കണ്ടെത്തി വൈറസ് അവരുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധിക്കാൻ പോളിയോ സർവൈലൻസ് സംഘത്തിന് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ ഏജൻസികൾക്ക് വാക്‌സിൻ വിതരണം ചെയ്‌ത ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌താൽ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്താകുമെന്നാണ് വിവരം. കമ്പനിയുടെ മറ്റ് നാല് ഡയറക്‌ടർമാരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഉത്പാദനവും വിതരണവും നിറുത്തി വയ്‌ക്കാൻ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിയോ വാക്‌സിൻ കഴിച്ച ചില കുട്ടികളുടെ മലത്തിൽ നിന്നും പോളിയോ വൈറസിന്റെ സാമ്പിൾ ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ ടൈപ്പ് 2 പോളിയോ വൈറസ് സ്ഥിരീകരിക്കുകയും ചെയ്‌തു. കമ്പനിയുടെ പോളിയോ വാക്‌സിൻ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുകയായിരുന്നു.