ഇസ്‌ലമാബാദ്: മുംബയ് ഭീകരാക്രമണക്കേസിലെ സൂത്രധാരനായ പാക് ഭീകരൻ ഹാഫിസ് സെയിദുമൊത്ത് വേദി പങ്കിട്ട പാകിസ്ഥാൻ മന്ത്രിയുടെ നീക്കം വിവാദത്തിൽ. ഭീകരവാദത്തിനെ നേരിടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പാക് പ്രതിനിധി യു.എൻ ജനറൽ അസംബ്ലിയിൽ പറഞ്ഞതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ ഉന്നതൻ ഹാഫിസുമൊത്ത് വേദി പങ്കിട്ടത്.
പാകിസ്ഥാനിലെ മതകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായ നൂറുൽ ഹഖ് ഖാദിരിയാണ് രാജ്യത്തെ എല്ലാ പാർട്ടികളുടെയും കൂട്ടായ്‌മയായ ദിഫായെ പാകിസ്ഥാൻ കൗൺസിലിന്റെ യോഗത്തിൽ ഹാഫിസ് സെയിദിനൊപ്പം വേദി പങ്കിട്ടത്. കാശ്‌മീർ വിഷയത്തിൽ ഇന്ത്യയുടെ വാദങ്ങളിൽ പാകിസ്ഥാന്റെ വിശദീകരണം എന്ന് പേരിട്ട് നടത്തിയ പരിപാടിയിലാണ് മന്ത്രിയും ഭീകരനേതാവും ഒരുമിച്ചിരുന്നത്. പാകിസ്ഥാൻ നേരിടുന്ന പൊതുവായ വിഷയങ്ങളിൽ സമവായ തീരുമാനം കൈക്കാള്ളാനായി രാജ്യത്തെ പ്രധാന 40 രാഷ്ട്രീയ പാർട്ടികളെയും മതസംഘടനകളെയും ചേർത്ത് രൂപീകരിച്ചതാണ് ദിഫായെ പാകിസ്ഥാൻ കൗൺസിൽ.
അതേസമയം, പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദം ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന യു.എൻ ജനറൽ അസംബ്ലിയിലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ആരോപണം ശരിവയ്‌ക്കുന്നതാണ് പുതിയ തെളിവുകൾ. ഒരു ഭാഗത്ത് തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് സ്വയം പ്രഖ്യാപിക്കുകയും മറുഭാഗത്ത് ഭീകരർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പുറത്ത് കാട്ടുന്നത് കൂടിയാണ് പുതിയ സംഭവവികാസങ്ങൾ. ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പുതുതായി സ്ഥാനമേറ്റെടുത്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചക്ക് ഇന്ത്യ സമ്മതം മൂളിയെങ്കിലും കാശ്‌മീരിൽ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഭീകരവാദവും ചർച്ചയും ഒരുമിച്ച് വേണ്ടെന്ന കേന്ദ്രനിലപാട് ശരിവയ്‌ക്കുന്നതാണ് പാകിസ്ഥാന്റെ നീക്കം.