bruery-controversy

തിരുവനന്തപുരം: ഒരു തവണ മുതൽമുടക്കിയാൽ മതി. പിന്നെ വർഷങ്ങളോളം  ലാഭത്തിന്റെ കുത്തൊഴുക്ക്. വൻ തുക  മുടക്കുണ്ടെങ്കിലും ബ്രൂവറികളിലേക്ക് ബിസിനസുകാരെ ആകർഷിക്കുന്നത് ഈ ലാഭമാണ്. അതേസമയം,  ലാഭത്തിലെ കുറവാണ് ഡിസ്റ്റിലറികളോട്  പ്രിയം കുറയാൻ കാരണം. ആധുനിക സംവിധാനങ്ങളുള്ള  ബ്രൂവറി സ്ഥാപിക്കാൻ കുറഞ്ഞത് 100 കോടി വേണം.ഒരു കുപ്പി ബിയർ നിർമിക്കാൻ  ആകെ വരുന്ന ചെലവ് 15 മുതൽ 20 രൂപവരെയാണ്.ഇത് ബെവ്കോയ്ക്ക് കൊടുക്കുമ്പോൾ കിട്ടുന്നത് 30-35 രൂപ.കഞ്ചിക്കോട്ടെ യൂണിറ്റിൽ പ്രതിമാസ ഉത്പാദനം 7 ലക്ഷം കെയ്സാണ്.

കേരളത്തിൽ  25 ഓളം ബ്രാൻഡുകൾ ലഭ്യമാണ്.   എങ്കിലും കഴിഞ്ഞ 20 വർഷമായി  വില്പനയുടെ 80-85 ശതമാനവും  യുണൈറ്റഡ് ബ്രിവറീസിന്റെ കിംഗ് ഫിഷറിന്റെ കുത്തകയാണ്. 2010-11 ൽ 85.61 ലക്ഷം കെയ്സായിരുന്നു കേരളത്തിലെ ബിയർ വില്പനയെങ്കിൽ 2017-18 ൽ 115.42 ലക്ഷം കെയ്സായി ഉയർന്നു.പുതിയ മദ്യനയത്തെ തുടർന്ന് ബാറുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും എണ്ണം കൂടാനും സാദ്ധ്യതയുണ്ട്. ചേർത്തലയിലെയും കഞ്ചിക്കോട്ടെയും യൂണിറ്റുകളിലാണ് കിംഗ്ഫിഷർ ഉത്പാദിപ്പിക്കുന്നത്. സാബ്മില്ലർ എന്ന കമ്പനിയുടെ ചാലക്കുടിയിലെ യൂണിറ്റിൽ ഹെയ് വാർഡ്സും ഉത്പാദിപ്പിക്കുന്നു. മഹാരാഷ്ട്രയിലും കർണാടകയിലും   നിന്ന്  മറ്റ് ബ്രാൻഡുകളും വരുന്നു. ബിയറും വിൽക്കാവുന്ന 432 ബാറുകളും 468 ബിയർ-വൈൻ പാർലറുകളും കേരളത്തിലുണ്ട്.  ഇതിന് പുറമെയാണ്  ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും 306 വില്പനശാലകൾ.

#ബിയർ വരുന്ന വഴി

 മാൾട്ട് (ബാർലി)  ധാന്യത്തിൽ നിന്നാണ് ബിയർ ഉത്പാദനം. പ്രക്രിയ  വളരെ സങ്കീർണമാണ്. പിളർന്ന ധാന്യം വെള്ളം ചേർത്ത്   നിശ്ചിത ഊഷ്മാവിൽ (30, 50, 75  ഡിഗ്രികളിൽ) രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ തിളപ്പിക്കും.ഇതോടൊപ്പം 'ഹോപ്പ്'എന്ന ചെടിയുടെ പൂവിന്റെ സത്ത് ചേർക്കും.ബിയറിന് ചവർപ്പുണ്ടാവാനും കേട് വരാതിരിക്കാനുമാണ് ഇത്. ഈ മിശ്രിതത്തെ വർക്ക്(worc) എന്നാണ് പറയുക.ഇതിനെ വീണ്ടും 100 ഡിഗ്രിയിൽ തിളപ്പിച്ചശേഷം തണുപ്പിക്കും. തുടർന്ന് നിശ്ചിത അളവ് ഈസ്റ്റ് ചേർത്ത് അഞ്ചുമുതൽ ഏഴു ദിവസം വരെ സൂക്ഷിക്കും.പുളിക്കാൻ വേണ്ടിയാണ്.  പിന്നീട് ദ്രാവകം ഫിൽട്ടർ ചെയ്ത് മതിയായ മർദ്ദത്തിൽ കുപ്പികളിൽ നിറയ്ക്കും.വീണ്ടും പ്രത്യേക ചേംബറിൽ കയറ്റി ചൂടാക്കി തണുപ്പിച്ചാണ് കെയ്സുകളിലാക്കുന്നത്. അരിച്ചെടുക്കുന്ന വസ്തു (വേസ്റ്റ്) കാലിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നു.

#ജലചൂഷണം പ്രധാനം

ബ്രൂവറിയുടെ പ്രവർത്തനത്തിന് ഏറ്റവും കൂടുതൽ വേണ്ടത് ശുദ്ധജലമാണ്.4000 കെയ്സ് ബിയർ പ്രതിദിനം ഉത്പാദിപ്പിക്കുന്ന ചേർത്തലയിലെ യൂണിറ്റിന് ഒരു ദിവസം 30,000 ലിറ്റർ വെള്ളം വേണം.