കണ്ണൂർ : സെൻട്രൽ ജയിൽ രേഖകളിലെ ക്രൈംനമ്പർ 11107 വെറും അക്കങ്ങളല്ല. അതൊരു പശ്ചാത്താപത്തിന്റെ മുദ്രയാണ്. ഗാന്ധിജിയുടെ നൂറ്റമ്പതാം പിറന്നാൾ നാടെങ്ങും ആഘോഷിക്കുമ്പോൾ ' 11107" ചരിത്രത്തിന്റെ ചുരുക്കെഴുത്താകുകയാണ്. സെൻട്രൽ ജയിൽ കവാടത്തിൽ ഗാന്ധിജിയുടെ പ്രതിമ നിർമ്മിച്ചത് തടവുകാരനായിരുന്ന എറണാകുളം സ്വദേശി ഫ്രാൻസിസ് സേവ്യറാണ്. തന്റെ അപരാധങ്ങൾക്കുള്ള പ്രായശ്ചിത്തമായാണ് ശില്പം നിർമ്മിച്ചത്. ശില്പം അനാവരണം ചെയ്തതിന്റെ പിറ്റേന്ന് സേവ്യർ ജയിലിൽ കുഴഞ്ഞുവീണ് മരിച്ചു. കള്ളനോട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചതിനാണ് ഫ്രാൻസിസ് ശിക്ഷിക്കപ്പെട്ടത്.
പ്രതിമ പൂർത്തിയായത്1960ൽ. അമ്പത്തിയെട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ആ കള്ളനോട്ടടിക്കാരൻ ശില്പിയോടും നാടിന് സ്നേഹമാണ്. കള്ളനോട്ടെന്തെന്ന് അറിയാത്ത കാലത്താണ് ഒറിജിനലിനെ വെല്ലുന്ന നോട്ടുകളെത്തുന്നത്. അതിൽ ഗാന്ധി ചിത്രം ആലേഖനം ചെയ്യാനാണ് നോട്ടടിക്കാർ ചിത്രകാരനായ എറണാകുളം കലൂർ സ്വദേശി ഫ്രാൻസിസ് സേവ്യറിന്റെ അടുത്തെത്തിയത്. കള്ളനോട്ടിലാണ് ചിത്രം മുദ്രണം ചെയ്യുന്നതെന്ന് സേവ്യറിന് അറിയില്ലായിരുന്നു. മാത്രമല്ല, നല്ല പ്രതിഫലവും ലഭിച്ചിരുന്നു.
പക്ഷേ, കള്ളി വെളിച്ചത്തായതോടെ അച്ചുകൂടവും അച്ചടിക്കാരും ചിത്രകാരൻ സേവ്യറും അകത്തായി. 15 വർഷം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെത്തി.
ഗാന്ധിചിത്രങ്ങൾ വരച്ച് ജയിലിൽ
കള്ളനോട്ടിനായി ഗാന്ധിമുദ്ര നിർമ്മിച്ചതിൽ സേവ്യർ ഏറെ ദുഃഖിതനായിരുന്നു. ജയിൽ ചുവരുകളിലും തറയിലും ഗാന്ധിചിത്രം വരച്ചാണ് ആ ദുഃഖത്തെ അതിജീവിച്ചത്. ഒടുവിൽ ജയിൽ കവാടത്തിൽ ഗാന്ധിപ്രതിമ തീർക്കാനായി സേവ്യർ നൽകിയ അപേക്ഷ അധികൃതർ അംഗീകരിച്ചു. ഒരു വർഷം കൊണ്ട് ഗാന്ധിജിയുടെ മനോഹര ശില്പം കരിങ്കല്ലും സിമന്റും ഉപയോഗിച്ച് സേവ്യർ ഒറ്റയ്‌ക്ക് നിർമ്മിച്ചു. സേവ്യറുടെ പേരും ക്രൈം നമ്പറും പ്രതിമയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1960 മേയ് ഏഴിന് ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയാണ് പ്രതിമ അനാവരണം ചെയ്‌തത്. ചടങ്ങിൽ സേവ്യറെയും ആദരിച്ചിരുന്നു.