തിരുവനന്തപുരം: പ്രളയദുരന്തം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് സിറ്റി പൊലീസിന്റെ ബിഗ് നോ. സേനാംഗങ്ങളും മിനിസ്റ്റീരിയൽ ജീവനക്കാരുമടക്കം 1600 പേരാണ് സാലറി ചലഞ്ചിനോട് വിസമ്മതം അറിയിച്ചത്. സംസ്ഥാന പൊലീസിൽ ഏറ്റവുമധികം പേർ വിസമ്മതം അറിയിച്ചത് സിറ്റി പൊലീസിലാണ്. ഇവരുടെ വിവരങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ ശേഖരിച്ചിട്ടുണ്ടെങ്കിലും പട്ടിക പ്രസിദ്ധീകരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എ.ആർ ക്യാമ്പിലേതടക്കം 3800 അംഗങ്ങളാണ് സിറ്റി പൊലീസിലുള്ളത്. ഇതിൽ 2200 പേർ ഒരുമാസത്തെ ശമ്പളം നൽകാൻ സന്നദ്ധതയറിയിച്ച് സമ്മതപത്രം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന നൽകുന്ന സാലറി ചലഞ്ചിലൂടെ ഉദ്യോഗസ്ഥരിൽ നിന്ന് 3800 കോടി സമാഹരിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
സാലറി ചലഞ്ചിനോട് വിസമ്മതം അറിയിച്ച 573 പൊലീസുകാരുടെ പട്ടിക കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിട്ടത് വിവാദമായിരുന്നു. ഒരുമാസത്തെ ശമ്പളം നൽകണമെന്ന് പൊലീസുകാരോട്നിർബന്ധിച്ച്,കാസർകോട്എസ്.പിഇറക്കിയ30ഇ നകുറിപ്പുംവിവാദമായിരുന്നു. വിസമ്മതം അറിയിക്കാൻ പൊലീസുകാർ നേരിട്ടെത്തണമെന്ന് ഇടുക്കി എസ്.പി വയർലെസിലൂടെ സന്ദേശം നൽകിയതും വിവാദമായി. ഇതിനു പിന്നാലെ തലസ്ഥാന പൊലീസിൽ സാലറി ചലഞ്ച് കത്തിക്കയറി. ചലഞ്ചിനെ എതിർത്ത് ഒരുവിഭാഗം രംഗത്തെത്തി, വിരട്ടലുമായി മറുപക്ഷവും. ഇതിനിടെ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഒമ്പത് ഹവിൽദാർമാരെ മലപ്പുറത്തേക്ക് സ്ഥലംമാറ്റിയതും വിവാദമായി. വിസമ്മതപത്രം നൽകിയതിലെ പ്രതികാരനടപടിയാണ് സീനിയറായവരുടെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചതോടെ പിന്നീട് ഇവരുടെ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. പൊലീസ് ക്യാമ്പുകളിലെ റിക്രൂട്ടുകളെ സാലറി ചലഞ്ചിനായി ഭീഷണിപ്പെടുത്തുന്നതായും ആരോപണമുയർന്നിരുന്നു.
എന്നാൽ ഒരുമാസത്തെ ശമ്പളം നൽകാൻ ആരെയും നിർബന്ധിക്കില്ലെന്നും കഴിവുള്ള പരമാവധി പേർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് പറഞ്ഞു. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകാൻ കൂടുതൽ ഉദാരമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയത് കൂടുതൽ പേർ ഉപയോഗിച്ചു. പത്തുവർഷത്തിൽ താഴെ സർവീസ് ഉള്ളവർക്കും ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പി.എഫിൽനിന്ന് തിരിച്ചടയ്ക്കേണ്ടാത്ത വായ്പയെടുക്കാൻ സർക്കാർ അനുവദിച്ചിരുന്നു. ലീവ് സറണ്ടർ, പി.എഫ് വിഹിതം എന്നിവയിൽ നിന്ന് സംഭാവന ഈടാക്കൽ, പി.എഫ് വിഹിതം അടയ്ക്കാൻ പത്തുമാസത്തെ അവധി, ശമ്പളപരിഷ്കരണ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് നൽകൽ എന്നീ സൗകര്യങ്ങളാണ് കൂടുതൽ പേരും ഉപയോഗിച്ചത്. നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശമുള്ളതിനാൽ അത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. പൊലീസുകാർക്ക് ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശിക എന്നീ മാർഗങ്ങളിലൂടെ സാലറി ചലഞ്ചിൽ പങ്കാളിയാകാമെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഈ സൗകര്യം ലഭ്യമല്ല. നഗരത്തിലെ എല്ലാ ഐ.പി.എസുകാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിട്ടുണ്ട്.
പ്രളയാശ്വാസത്തിന് ഒരുമാസത്തെ ശമ്പളം നൽകുന്നതിൽ വിസമ്മതം അറിയിച്ചുള്ള പ്രസ്താവന സ്വീകരിക്കുന്നത് റൂറൽ പൊലീസ് നിറുത്തിയത്വ്യാപകമായപരാതിക്കിടയാക്കിയിരുന്നു. പൊലീസ് ഓഫീസുകളിലെ ഡി.ഡി.ഒമാർക്ക് വിസമ്മതം അറിയിച്ചുള്ള പ്രസ്താവന നൽകാമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ദുരിതാശ്വാസ നിധിയിലേക്ക് പൊലീസുകാർ ഒരുമാസത്തെ ശമ്പളം ഒന്നിച്ചോ പത്തു തവണകളായോ നൽകണമെന്നും തയ്യാറല്ലാത്തവർ തന്റെ ഓഫീസിലെത്തി എഴുതിനൽകണമെന്നും ഇടുക്കി എസ്.പി വയർലെസിലൂടെ സന്ദേശം നൽകിയത് വിവാദമായതിനു പിന്നാലെയാണ് വിസമ്മതം സ്വീകരിക്കുന്നത് നിറുത്തിയിരുന്നത്. ഒരുമാസത്തെ ശമ്പളം നൽകിയില്ലെങ്കിൽ വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റുമെന്ന് ഭരണപക്ഷ സംഘടനകൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു.
സായുധസേനാ ബറ്റാലിയനുകളിൽ പരിശീലനത്തിലുള്ള പൊലീസ് ട്രെയിനികളിൽ (റിക്രൂട്ട്) നിന്നും പണപ്പിരിവ് നടത്തുന്നുണ്ട്. പരിശീലനം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണത്രേ പണപ്പിരിവ്. സാലറി ചലഞ്ച് സ്വീകരിച്ചില്ലെങ്കിൽ, അടുത്തു നടക്കാനിരിക്കുന്ന ഹവിൽദാർ പരീക്ഷയിൽ തോല്പിക്കുമെന്ന് ബറ്റാലിയനുകളിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഒരുമാസത്തെ ശമ്പളം ഒരുമിച്ച് നൽകാൻ സൊസൈറ്രികൾ വായ്പയും നൽകുന്നുണ്ട്. സാലറി ചലഞ്ചിന് വിസമ്മതിച്ച പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത്തിനെതിരെ വാട്സ്ആപ്പിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു.