ഇന്ധനവിലക്കയറ്റത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഇതിനുമുമ്പൊരിക്കലും ഉണ്ടാകാത്തതരത്തിലുള്ള വൻ പ്രതിസന്ധി നേരിടുകയാണ്. കെ.എസ്.ആർ.ടി.സിക്കുമുണ്ട് ഇന്ധനവില വർദ്ധനയെത്തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ട്. ഗതാഗത മേഖലയെ പൊതുവെ ബാധിക്കുന്ന ഇൗ പ്രശ്നം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ സ്വകാര്യ ബസ് വ്യവസായ മേഖലയിൽ നിന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡീസൽ വിലയിൽ ദിവസേനയുണ്ടാകുന്ന വർദ്ധന ഉൾപ്പെടെ ബസ് നടത്തിപ്പുചെലവുകൾ കുതിച്ചുയർന്നതോടെ സ്വകാര്യ ബസുടമകളിൽ പലരും പിടിച്ചുനിൽക്കാനാകാതെ രംഗം വിട്ടൊഴിയാൻ തുനിയുന്നു എന്നാണ് റിപ്പോർട്ട്. ശരാശരി ഒരുദിവസം 20 ബസുകൾ എന്ന തോതിലാണ് റോഡുകളിൽ നിന്ന് പിൻവാങ്ങുന്നതത്രെ. ഇതിനകം ആയിരത്തി അറുനൂറോളം ബസുകൾ ഇപ്രകാരം സർവീസ് അവസാനിപ്പിച്ചുകഴിഞ്ഞു. ആയിരത്തി ഇരുനൂറെണ്ണംകൂടി കളമൊഴിയാൻ കാത്തുനിൽക്കുകയാണ്. ഇങ്ങനെ പോയാൽ പൊതു ഗതാഗത മേഖല അധികം വൈകാതെ നാമാവശേഷമാകും. യാത്രാദുരിതം വർദ്ധിക്കുന്നതിനൊപ്പം ഇൗ മേഖലയിൽ പണി എടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അന്നവും മുടങ്ങും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും ഇതുമൂലമുണ്ടാവുക.
ഇന്ധനവില വർദ്ധന ഉണ്ടാകുമ്പോൾ ആനുപാതികമായി ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സമര പാതയിലേക്ക് നീങ്ങുകയായിരുന്നു മുൻകാലങ്ങളിൽ ബസുടമകൾ ചെയ്തിരുന്നത്. വിലവർദ്ധന ദിവസേനയായതോടെ സമരം ചെയ്യുന്നതിൽ കഥയില്ലെന്ന് അവർക്ക് ബോദ്ധ്യമായതുകൊണ്ടാവും പണിമുടക്കിന് ഇപ്പോൾ മുതിരാത്തത്. പണിമുടക്കുന്നതിനുപകരം ബസുകൾ നിരത്തിൽ നിന്ന് പിൻവലിച്ച് സ്വസ്ഥമായിരിക്കുക എന്ന തന്ത്രമാണ് അവർ സ്വീകരിക്കുന്നത്. ബസ് നിരക്കുകൾ കൂട്ടണമെന്ന ആവശ്യവും ബസുടമകൾ ഇപ്പോൾ ഉന്നയിച്ചുകാണുന്നില്ല. ബസ് നടത്തിപ്പ് എന്ന വലിയ കുരിശ് എങ്ങനെയും ഒന്നവസാനിപ്പിച്ചു കിട്ടാനാണ് പലരും കാത്തിരിക്കുന്നത്. പെർമിറ്റ് പുതുക്കാതെയും നിശ്ചിത ഫീസ് അടയ്ക്കാൻ ദീർഘനാൾ അവധി ചോദിച്ചുമൊക്കെ ബസ് നിരത്തുകളിൽനിന്ന് പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ആകർഷകമായിരുന്ന സ്വകാര്യ ബസ് വ്യവസായ മേഖല ഇന്ന് എത്രമാത്രം അനാകർഷകമായെന്നറിയണമെങ്കിൽ നിലവിൽ രംഗത്തുള്ള ബസുകളുടെ കണക്കെടുത്താൽ മതി. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇരുപതിനായിരത്തോളം സ്വകാര്യ ബസുകളെങ്കിലും സർവീസ് അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് ബസുടമകളുടെ സംഘടന വെളിപ്പെടുത്തുന്നത്.
ഡീസൽ വില വർദ്ധനയാണ് പ്രധാനമായും സ്വകാര്യ ബസ് മേഖലയെ തളർത്തുന്നത്. എൺപത് രൂപയും കടന്ന ഡീസൽ വില മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി ഒരു ബസിന് ഡീസൽ ചെലവിൽ മാത്രം ഒരുദിവസം ആയിരംരൂപയുടെയടുത്ത് അധികച്ചെലവാണ് നേരിടുന്നത്. ബസ് യാത്ര ഉപേക്ഷിച്ച് കൂടുതൽപേർ സ്വന്തം വാഹനങ്ങൾ തിരഞ്ഞെടുത്തതോടെ വരുമാനത്തിലും വൻ കുറവാണുണ്ടാകുന്നത്. വേതനച്ചെലവ് വായ്പ തിരിച്ചടവ്, നികുതി വർദ്ധന, സ്പെയർ പാർട്ടുകളുടെ അധികവില തുടങ്ങി നാനാ വിധത്തിൽ നടത്തിപ്പു ചെലവുകൾ വർദ്ധിക്കുകയാണ്. പ്രതിദിന വരുമാനം കുറയുന്നതിനാൽ മിച്ചം ഉണ്ടാകുന്നില്ല. കടക്കെണിയിൽ പെടാതിരിക്കാൻ രംഗത്തുനിന്ന് പിൻവാങ്ങുകയാണ് അഭികാമ്യമെന്ന തോന്നലിൽ നിന്നാണ് സർവീസ് മതിയാക്കാനുള്ള തീരുമാനം.
ഇൗ വിഷയത്തിൽ സർക്കാരിന്റെ സഹായം എത്രത്തോളം പ്രതീക്ഷിക്കാമെന്ന കാര്യത്തിലും തീർച്ചയൊന്നുമില്ല. നികുതി ഇളവ് ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ സർക്കാരും കടുത്ത പ്രതിസന്ധിയിലായതിനാൽ സ്വാഭാവികമായും നികുതിയിളവ് നൽകാൻ സർക്കാർ മടിക്കും. ചെയ്യാവുന്ന ഒരു കാര്യം ബസ് നിരക്ക് വർദ്ധിപ്പിക്കുകയാണ്. അതാകട്ടെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാകും. എന്നിരുന്നാലും പൊതുഗതാഗതമേഖല ചെന്നുപെട്ടിരിക്കുന്ന ദുഃസ്ഥിതിയിൽ നിന്ന് അതിനെ കരകയറ്റാനുള്ള ചുമതല സർക്കാരിനുണ്ടെന്ന വസ്തുത മറന്നുകൂടാ. സ്വകാര്യ ബസ് മേഖല മാത്രമല്ല പൊതുമേഖലയിലുള്ള കെ.എസ്.ആർ.ടി.സിയും ഇന്ധനവില വർദ്ധനയുടെ അധികഭാരം താങ്ങാനാകാതെ കൈകാലിട്ടടിക്കുകയാണ്. അതിന്റെ രക്ഷയ്ക്ക് സർക്കാർതന്നെയാകും ഒടുവിൽ ഒാടിയെത്തുന്നത്. അതുപോലെ സ്വകാര്യ ബസ് മേഖലയും നിലനിൽക്കേണ്ടത് ആവശ്യമാണ്. വലിയ ലാഭം നേടാനായില്ലെങ്കിലും പ്രവർത്തനച്ചെലവെങ്കിലും ഉറപ്പാക്കും വിധം നികുതി ഇളവുകൾ നൽകിയും ആനുപാതികമായി നിരക്ക് വർദ്ധന അനുവദിച്ചും പ്രതിസന്ധി മറികടക്കാനുള്ള മാർഗം തേടണം. രാജ്യവും ജനങ്ങളും ഇന്ധനവില വർദ്ധനയുടെ കനത്ത ആഘാതങ്ങൾ നേരിടേണ്ടിവന്നിട്ടുംകേന്ദ്ര ഭരണാധികാരികൾ യുക്തിസഹമായി ഇന്ധനവില കുറയ്ക്കാൻ തയ്യാറാകാത്തത് കടുത്ത ദ്റോഹം തന്നെയാണ്. ഇൗ വിഷയത്തിൽ ഏതാണ്ട് പ്രതികാരം തീർക്കുന്നതുപോലെയാണ് കേന്ദ്രത്തിന്റെ സമീപനം. സ്വയം കണ്ടെത്തുന്ന പ്രതിവിധികളിലൂടെയല്ലാതെ ഗതാഗത മേഖലയ്ക്ക് ഇൗ ദുഃസ്ഥിതി തരണം ചെയ്യാനാകുമെന്നു തോന്നുന്നില്ല.