നമുക്കു പ്രിയങ്കരനായ ബാപ്പുവിന്റെ 150-ാമതു ജൻമവാർഷിക ആചരണത്തിനു നാം ഇന്നു തുടക്കമിടുകയാണ്. സമത്വവും അന്തസ്സുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം കാംക്ഷിക്കുന്ന ലോകത്തിലാകമാനമുള്ള കോടിക്കണക്കിനു ജനങ്ങൾക്ക് പ്രതീക്ഷയുടെ ദീപനാളമാണ് ബാപ്പു. മാനവസമൂഹത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിനു സമാനതകളില്ല.
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ചിന്തയിലും പ്രവൃത്തിയിലും മഹാത്മാഗാന്ധി ഇന്ത്യയെ കൂട്ടിയോജിപ്പിച്ചു. സർദാർ പട്ടേൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നാനാത്വത്തിന്റെ ഭൂമികയാണ് ഇന്ത്യ. നമ്മുടേതിനോളം നാനാത്വമുള്ള മറ്റൊരു പ്രദേശമില്ല. കൊളോണിയലിസത്തെ എതിരിടാൻ ജനങ്ങൾ ഭിന്നതകൾ മറന്ന് ഒന്നിക്കുന്ന സാഹചര്യം സൃഷ്ടിച്ചതും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ തലപ്പൊക്കം ഉയർത്തിയതും മഹാത്മാ ഗാന്ധി ആയിരുന്നു.
അദ്ദേഹത്തിന്റെ ജീവിതകാലത്ത് എത്രമാത്രം പ്രസക്തമായിരുന്നോ അത്രത്തോളം തന്നെ പ്രസക്തമാണ് ഗാന്ധിജിയുടെ ആശയങ്ങൾ 21-ാം നൂറ്റാണ്ടിലും. ഭീകരവാദവും മൗലികവാദവും തീവ്രവാദവും ഹൃദയരഹിതമായ പകയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന ഇന്നത്തെ ലോകത്തിൽ ശാന്തിയും അഹിംസയും പാലിക്കാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിനു മാനവികതയെ ഒന്നിപ്പിക്കുന്നതിനുള്ള കരുത്തുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും ഏറ്റവും പ്രധാന വിഷയങ്ങളായിത്തീർന്ന കാലഘട്ടത്തിൽ ലോകത്തിനു ഗാന്ധിജിയുടെ ചിന്തകളെ ആശ്രയിക്കാവുന്നതാണ്. പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിമിതമായ തോതിലേ പാടുള്ളൂ എന്നു നിർദേശിച്ച അദ്ദേഹം ഇക്കാര്യത്തിൽ സ്വയം മാതൃകയായി. ശുചിത്വമാർന്ന ചുറ്റുപാടു സൃഷ്ടിക്കുന്നതിനായി സ്വന്തം ശൗചാലയങ്ങൾ ശുചിയാക്കാൻ അദ്ദേഹം തയ്യാറായി. വെള്ളത്തിന്റെ ദുരുപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിച്ച ഗാന്ധിജി അഹമ്മദാബാദിലായിരിക്കെ സബർമതിയിലെ ജലത്തിലേക്കു മലിനജലം കടത്തിവിടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
സ്വാതന്ത്ര്യസമര പ്രസ്ഥാനം സജീവമായിരിക്കെ, 1941ൽ 'നിർമാണപദ്ധതി: അതിന്റെ അർഥവും സ്ഥാനവും" എന്ന ലേഖനം എഴുതുകയും 1945ൽ, സ്വാതന്ത്ര്യ സമരത്തിന്റെ വർദ്ധിച്ച ആവേശത്തിൽ അദ്ദേഹം അത് പുതുക്കുകയും ചെയ്തു. പ്രസ്തുത ലേഖനത്തിൽ ഗ്രാമവികസനം, കാർഷികമേഖല ശക്തിപ്പെടുത്തിൽ, ശുചിത്വം വർധിപ്പിക്കൽ, ഖാദി പ്രചരിപ്പിക്കൽ, സ്ത്രീശാക്തീകരണം, സാമ്പത്തിക സമത്വം തുടങ്ങിയ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.
'നിർമാണ പദ്ധതി" എന്ന ആ ലേഖനം വായിക്കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ഞാൻ ആഹ്വാനം ചെയ്യുകയാണ്. അതു ബാപ്പുവിന്റെ സ്വപ്നത്തിലുള്ള ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിന് മാർഗദീപമാക്കണം. അഭിവന്ദ്യനായ ബാപ്പു ഏഴു ദശാബ്ദങ്ങൾ മുമ്പേ ഉയർത്തിക്കാട്ടിയതും ഇതുവരെ നടപ്പാക്കപ്പെടാതെ പോവുകയും ചെയ്ത പല കാര്യങ്ങളും നടപ്പാക്കാൻ ഇപ്പോൾ കേന്ദ്ര ഗവൺമെന്റ് ശ്രമിച്ചുവരികയാണ്.
ഗാന്ധിജിയുടെ ദർശനം യാഥാർത്ഥ്യമാക്കുന്നതിനു സഹായകമെന്നു തോന്നുന്ന കാര്യങ്ങൾ നമുക്ക് ഇക്കാലത്തു ചെയ്യാൻ ശ്രമിക്കാം. ഭക്ഷണം പാഴാക്കാതിരിക്കൽ, അഹിംസയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊള്ളൽ തുടങ്ങിയ കാര്യങ്ങളിലൂടെ അതിനു തുടക്കമിടാം.
വരുംതലമുറകൾക്കായി ശുചിത്വമാർന്നതും ഹരിതാഭവുമായ പരിസ്ഥിതിക്കായി എന്തു സംഭാവനകൾ അർപ്പിക്കാൻ സാധിക്കുമെന്നു നമുക്കു ചിന്തിക്കാം. ജോഹന്നസ്ബർഗിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാൻ ഏറ്റവും ദുരിതം അനുഭവിക്കുന്ന മേഖലയിലേക്കു ഗാന്ധിജി എത്തിയിരുന്നത് സൈക്കിൾ ചവിട്ടി ആയിരുന്നത്രെ. ഈ മാതൃക അനുകരിക്കാൻ നമുക്ക് ഇന്നു സാധിക്കുമോ?
ഈ ഉത്സവകാലത്ത് ഇന്ത്യയിലെ ജനങ്ങൾ പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റു പലതും വാങ്ങാനുള്ള തിരക്കിലായിരിക്കും. ഇത്തരം വസ്തുക്കൾ തിരയുന്നതിനിടെ രക്ഷാകവചമെന്ന പോലെ ഗാന്ധിജി നമുക്കു തന്ന വിവേകമാർന്ന ചിന്ത നമുക്ക് ഓർമിക്കാം. നമ്മുടെ പ്രവൃത്തി മറ്റു ഭാരതീയർക്ക് എങ്ങനെ ഗുണകരമായിത്തീരും എന്നു ചിന്തിക്കാം. കഴിഞ്ഞ നാലു വർഷത്തിനിടെ 130 കോടി ഇന്ത്യക്കാരും സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഇന്നേക്കു നാലു വർഷം പൂർത്തിയാക്കുന്ന സ്വച്ഛ് ഭാരത് ദൗത്യം ഓരോ ഇന്ത്യക്കാരന്റെയും കഠിനാധ്വാനത്തിലൂടെ ശ്രദ്ധേയമായ ഫലം നേടിയെടുത്ത സജീവമായ ബഹുജന പ്രസ്ഥാനമായി മാറിയിട്ടുണ്ട്.
ഇന്നു ജീവിച്ചിരിപ്പുള്ള ഇന്ത്യക്കാരിൽ മഹാഭൂരിപക്ഷവും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരല്ല. അന്നു രാഷ്ട്രത്തിനായി ജീവൻ കൊടുക്കാൻ സാധിക്കാതെ പോയ നാം ഇപ്പോൾ രാഷ്ട്രത്തിനായി ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നംകണ്ട ഇന്ത്യ സൃഷ്ടിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുകയും വേണം.
ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കുന്ന വലിയ അവസരം ഇന്നു നമ്മുടെ മുന്നിൽ ഉണ്ട്. ഈ ദിശയിൽ ഏറെ മുന്നേറി എന്നു മാത്രമല്ല, വരുംനാളുകളിൽ ഇനിയുമേറെ ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വസവും എനിക്കുണ്ട്.
ബാപ്പുവിന് ഏറെ ഇഷ്ടമുണ്ടായിരുന്ന മന്ത്രങ്ങളിൽ ഒന്ന് 'വൈഷ്ണവജനതോ തേനേകഹിയജേ, പീര്പരായീജാനേരേ" എന്നതായിരുന്നു. ഇതിന്റെ അർത്ഥം ' മറ്റുള്ളവരുടെ വേദന തിരിച്ചറിയാൻ സാധിക്കുന്നവനാണു നല്ല മനുഷ്യൻ' എന്നാണ്. ഈ ആദർശമാണു മറ്റുള്ളവർക്കായി ജീവിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഏതു രാജ്യത്തിനു വേണ്ടിയാണോ ബാപ്പു സ്വജീവൻ സമർപ്പിച്ചത് ആ രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ 130 കോടി ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാണ്.