ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുന്നു. ഇതിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു . ഗോപി സുന്ദർ സംഗീത സംവിധാനവും സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.വിശ്വരൂപം, വാസിർ, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സാനു ജോൺ വർഗീസ്.
പ്രശസ്ത എഡിറ്ററായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ടേക്ക് ഒാഫ്.പ്രേക്ഷകശ്രദ്ധയുംനിരൂപകപ്രശംസയുംപിടിച്ചുപറ്റിയഈചിത്രം നിരവധി ദേശീയ, അന്തർദേശീയ അവാർഡുകളും സ്വന്തമാക്കി.
അതേസമയം സോയാ ഫാക്ടർ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സോനം കപൂറാണ് നായിക. ഒരു യമണ്ടൻ പ്രേമ കഥയാണ് ദുൽഖറിന്റെ മറ്റൊരു മലയാളം പ്രോജക്ട്. ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് ദുൽഖർ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ പോയത്. കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് തിരക്കഥ രചിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി. നൗഫലാണ്. നിഖില വിമലും സംയുക്ത മേനോനുമാണ് നായികമാർ. ദേസിംഗ് പെരിയ സാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താൽ, ആർ. കാർത്തിക്കിന്റെ വാൻ എന്നീ തമിഴ് ചിത്രങ്ങളിലും ദുൽഖർ നായകനാകുന്നുണ്ട്