ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിന്റെ പാദമുദ്രകളിലൂടെ
ഒറ്റനോട്ടത്തിൽ
പേര് : മോഹൻദാസ് കരംചന്ദ് ഗാന്ധി
അച്ഛൻ : കരംചന്ദ് ഗാന്ധി
അമ്മ : പുത്ലിബായി
ജനനം : ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ 2 ന്.
ഇംഗ്ളണ്ടിൽ പോയി നിയമം പഠിച്ചു.
ഭാര്യ : കസ്തൂർബ
വിദേശയാത്ര : ദാദാ അബ്ദുള്ള ആൻഡ് കമ്പനിയുടെ കേസ് വാദിക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. വർണ വിവേചനത്തിനെതിരെ പ്രവർത്തിച്ചു. സത്യം, അഹിംസ, സത്യാഗ്രഹം എന്നീ മൂല്യങ്ങളിലൂന്നി ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്നിച്ചു. ബാപ്പു, മഹാത്മ, രാഷ്ട്രപിതാവ് എന്നീ വിശേഷണങ്ങൾ
ആത്മകഥ : എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
1948 ജനുവരി 30 ന് ഡൽഹിയിലെ ബിർള മന്ദിരത്തിൽ പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ പോകുംവഴി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു.
ഗാന്ധിയൻ യുഗം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 1919 മുതൽ 1947 വരെയുള്ള കാലഘട്ടം ഗാന്ധിയൻ യുഗം എന്നറിയപ്പെടുന്നു
രാഷ്ട്രീയ ഗുരു
ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു. ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരം 1917 ൽ ചമ്പാരനിലായിരുന്നു. ആദ്യത്തെ നിരാഹാരസമരം 1918 ൽ അഹമ്മദാബാദിൽ. റൗലറ്റ് സത്യാഗ്രഹമായിരുന്നു അഖിലേന്ത്യാതലത്തിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം. 1924 ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. 1922 ൽ ജയിൽ വാസത്തിനിടയിലാണ് ആത്മകഥ എഴുതിയത്.
സത്യം അഹിംസ
ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനെതിരായ സമരത്തിലാണ് ഗാന്ധിജി തന്റെ സത്യാഗ്രഹ സമരം ആശയം ആവിഷ്കരിച്ചത്. സത്യവും അഹിംസയുമായിരുന്നു സത്യാഗ്രഹത്തിന്റെ അടിസ്ഥാനം. ഗാന്ധിജിയുടെ അഭിപ്രായത്തിൽ സത്യാഗ്രഹം ഭീരുവിന്റെയും ദുർബലന്റെയും ആയുധമല്ല. മറിച്ച് ശക്തനും ധീരനും മാത്രമേ സത്യാഗ്രഹം അനുഷ്ഠിക്കാൻ സാധിക്കുകയുള്ളു.
ദീനബന്ധു
ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി ഇന്ത്യയിലെത്തിയ ഇംഗ്ളീഷുകാരനാണ് ചാൾസ് ഫ്രീയർ ആൻഡ്രൂസ്. ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിളിച്ചത്. സി.എഫ്. ആൻഡ്രൂസ് അദ്ധ്യാപകനായിരുന്ന സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളാണ് അദ്ദേഹത്തിന് ദീനബന്ധു എന്ന പേര് നൽകിയത്.
സുപ്രധാന സന്ദേശം
ഗാന്ധിജിയുടെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനവും സന്ദേശവുമാണ ് 'എന്റെ ജീവിതം എന്റെ സന്ദേശം" ചിന്തയെ ഒരിക്കലും അദ്ദേഹം പ്രവൃത്തിയിൽനിന്ന് വേർതിരിച്ചില്ല. 1909 ൽ പുറത്തിറങ്ങിയ ഹിന്ദ് സ്വരാജ എന്ന ഗ്രന്ഥത്തിൽ ദേശീയ പുനർനിർമ്മാണത്തിനുള്ള ആശയങ്ങൾ അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് പുത്രിമാർ
ഗാന്ധിജിയുടെ ഇംഗ്ളീഷ് പുത്രിമാർ എന്ന് മീരാബഹൻ, സരളാബെൻ എന്നിവർ അറിയപ്പെടുന്നു. മീരാബഹന്റെ യഥാർത്ഥ നാമം മാഡലിൻ സ്ളേഡ് എന്നായിരുന്നു. സരളാബെന്നിന്റെ യഥാർത്ഥ പേര് കാതറിൻ മേരി ഹെലിമാൻ എന്നും.
ആദ്യത്തെ ആശ്രമം
ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ഗാന്ധിജി അഹമ്മദാബാദിനടുത്ത് ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. ഇതു പിന്നീട് സബർമതിയിലേക്ക് മാറ്റി.
കേരള സന്ദർശനങ്ങൾ
ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. 1920 ആഗസ്റ്റ് 18 നു ആദ്യമായി ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം കോഴിക്കോട്ടെത്തി. കോഴിക്കോട് കടപ്പുറത്തു നടന്ന പൊതുയോഗത്തിൽ സംസാരിച്ചു.
1925 മാർച്ച് 8 നു രണ്ടാംതവണ . വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുകയെന്നതായിരുന്നു പ്രധാനലക്ഷ്യം. ഈ യാത്രയിലാണ് ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവുമായി സംഭാഷണം നടത്തിയത്. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ഒക്ടോബർ 9 നു കേരളത്തിലെ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
1934 ജനുവരി 10 ന് ഫണ്ട് പിരിവിന്റെ ഭാഗമായി നാലാംതവണ കേരളത്തിലെത്തി. 1936 നവംബർ 12 ന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ 1937 ജനു. 13 നു ആയിരുന്നു അഞ്ചാമത്തെ സന്ദർശനം. ഒരു തീർത്ഥാടനം എന്നാണ് ഗാന്ധിജി തന്റെ ഈ യാത്രയെ വിശേഷിപ്പിച്ചത്.
ഇന്ന് ലോക അഹിംസാ ദിനം
ചരിത്രത്തിൽ രാജ്യങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ് രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകിയിരിക്കുന്നത്. ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയാണ്.
സുഭാഷ്ചന്ദ്രബോസ് ആണ് ആദ്യമായി അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്തത്. ഗാന്ധിയൻ ആദർശങ്ങളോടുള്ള ബഹുമാനാർത്ഥം ഒക്ടോബർ 2 ന് ഐക്യരാഷ്ട്രസഭ 'ലോക അഹിംസ" ദിനമായി ആചരിച്ചുവരുന്നു.
അനുഭവങ്ങൾ, പരീക്ഷണങ്ങൾ
ഗാന്ധിജിയുടെ ജീവിതവും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വക്കീലായി ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം തുടങ്ങി. ആദ്യമായി സത്യാഗ്രഹ സമരം പരീക്ഷിച്ചതും അവിടെത്തന്നെ.
ആദ്യ ജയിൽവാസം
ഗാന്ധിജിയുടെ ആദ്യ ജയിൽവാസം ദക്ഷിണാഫ്രിക്കയിലായിരുന്നു. കറുത്ത വർഗക്കാരുടെ നീതിനിഷേധത്തിനെതിരെ ശബ്ദമുയർത്തിയ അദ്ദേഹം ജൊഹന്നാസ് ബർഗിൽ ആദ്യ ജയിൽവാസം അനുഷ്ഠിച്ചു. 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്നത്.
ചമ്പാരൻ സമരം
ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസുമായാണ് ഗാന്ധിജി മടങ്ങിയെത്തിയത്. 1917ൽ ചമ്പാരൻ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായിരുന്നു ചമ്പാരൻ. നീലം കർഷകർക്കുവേണ്ടി നടത്തിയ ചമ്പാരൻ സത്യാഗ്രഹം വലിയ കോളിളക്കമുണ്ടാക്കി.
നിസഹകരണ സമരം
ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാൻ ഗാന്ധിജി കണ്ടെത്തിയ സമരമാർഗമായിരുന്നു നിസഹകരണം. രാജ്യവ്യാപകമായി സമരം വ്യാപിച്ചു. ഉത്തർപ്രദേശിൽ 1922 ൽ നടന്ന ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിസഹകരണ സമരം ഗാന്ധിജി പിൻവലിച്ചു.
ഉപ്പു സത്യാഗ്രഹം
സ്വാതന്ത്ര്യ സമരത്തിന്റെ നാഴികക്കല്ലാണ് ഉപ്പു സത്യാഗ്രഹം. 1930 മാർച്ച് 12 നാണ് ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചത്. 61-ാം വയസിലായിരുന്നു ഈ സമരം.തിരഞ്ഞെടുക്കപ്പെട്ട അനുയായികളാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. 1930 ഏപ്രിൽ 6 ന്് ദണ്ഡി കടപ്പുറത്ത് ഉപ്പു നിയമം ലംഘിച്ച് ഉപ്പ് കുറുക്കി.
വ്യക്തിസത്യാഗ്രഹം
1940 ഒക്ടോബറിൽ ഗാന്ധിജി രൂപം നൽകിയതാണ് വ്യക്തി അധിഷ്ഠിത സത്യാഗ്രഹസമരം. ഗവൺമെന്റിന്റെ യുദ്ധകാര്യങ്ങളെപ്പറ്റി സംസാരിക്കുകയെന്നതായിരുന്നു ഇതിലൂടെ ഗാന്ധിജി ലക്ഷ്യം വച്ചത്. വിനോബാഭാവെയായിരുന്നു ആദ്യമായി സത്യാഗ്രഹത്തിന് തിരഞ്ഞെടുത്തത്. വിവിധഭാഗങ്ങളിൽ ഇരുപതിനായിരത്തോളം പേർ ഈ സമരത്തിൽ പങ്കെടുത്തു.
ക്വിറ്റിന്ത്യാസമരം
ക്രിപ്സ് മിഷന്റെ പരാജയം ഇന്ത്യൻ ദേശീയ നേതാക്കന്മാർക്കിടയിൽ നിരാശ പടർത്തി. സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷ സമരങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. 1942 ആഗസ്റ്റ് 8 ന് കോൺഗ്രസ് പാർട്ടി ബോംബെയിൽ സമ്മേളിക്കുകയും ക്വിറ്റിന്ത്യാപ്രമേയം പാസാക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ ക്വിറ്റിന്ത്യാപ്രമേയത്തിലൂടെ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാനും അധികാരം കൈമാറാനും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി നൽകിയത് ക്വിറ്റിന്ത്യാ സമരവേളയിലാണ്.
ഗാന്ധിജിയെപ്പറ്റിയുള്ള രചനകൾ
എന്റെ ഗുരുനാഥൻ : വള്ളത്തോൾ
ധർമ്മസൂര്യൻ : അക്കിത്തം
ഹരിജനങ്ങളുടെ പാട്ട് : വൈലോപ്പിള്ളി
യുഗപ്രവാചകൻ : പാലാനാരായണൻ നായർ
രാഷ്ട്രപിതാവ് : കെ.പി. കേശവമേനോൻ
മഹാത്മാവിന്റെ പുസ്തകം : ഡോ. സുകുമാർ അഴീക്കോട്
മഹാത്മാവിന്റെ കർമ്മപഥങ്ങൾ : ഡോ. ആർസു
ഇവരുടെ പേരിലും ഗാന്ധി
കെ. കേളപ്പൻ - കേരള ഗാന്ധി
ഐ.കെ. കുമാരൻ - മയ്യഴി ഗാന്ധി
ഡോ.രാജേന്ദ്രപ്രസാദ് -ബിഹാർ ഗാന്ധി
ഖാൻ അബ്ദുൽ ഗാഫർഖാൻ- അതിർത്തി ഗാന്ധി
നെൽസൺ മണ്ടേല -ദക്ഷിണാഫ്രിക്കൻ ഗാന്ധി
കെന്നത്ത് കൗണ്ട- ആഫ്രിക്കൻ ഗാന്ധി
മാർട്ടിൻ ലൂതർ കിംഗ് -അമേരിക്കൻ ഗാന്ധി
ഓങ്സാൻ സൂചി - ബർമിസ് ഗാന്ധി
അഹമ്മദ് സുകാർണോ- ഇന്തോനേഷ്യൻ ഗാന്ധി
ബാബാ ആംതെ -ആധുനിക ഗാന്ധി
ഗാന്ധിജിയെക്കുറിച്ചുള്ള വചനങ്ങൾ
അർദ്ധനഗ്നനായ ഫക്കീർ : വിൻസ്റ്റന്റ് ചർച്ചിൽ
വിശുദ്ധനായ പോരാളി : നെൽസൻ മണ്ടേല
ഈ ഭൂമുഖത്ത് ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി വരും തലമുറ വിശ്വസിച്ചേക്കില്ല : ആൽബർട്ട് ഐൻസ്റ്റിൻ
ഞാനും മറ്റുള്ളവരും വിപ്ളവനേതാക്കന്മാരായിരിക്കാം. പക്ഷേ ഞങ്ങൾ എല്ലാവരും തന്നെ ഗാന്ധിയുടെ ശിഷ്യരാണ്. നേരിട്ടോ അല്ലാതെയോ : ഹോചിമിൻ
ഒരു നല്ല മനുഷ്യനാവുകയെന്നത് എത്ര അപകടകരമാണ് : ജോർജ് ബർണാഡ് ഷാ
നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു (രക്തസാക്ഷിത്വത്തെക്കുറിച്ച്) ജവഹർലാൽ നെഹ്റു
മഹാത്മാ : ടാഗോർ
രാഷ്ട്രപിതാവ് : സുഭാഷ് ചന്ദ്രബോസ്