balabaskar

തിരുവനന്തപുരം: സംഗീതത്തിന്റെ ആകാശത്തേക്ക് പ്രഭാത സൂര്യനെപ്പോലെ ഉദിച്ചുയർന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്കർ (40) അകാലത്തിൽ പൊലിഞ്ഞു. ഇന്ന് പുലർച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയലിനിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ബാലഭാസ്കർ, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഇവിടെ ചികിത്സയിലായിരുന്നു.ആരോഗ്യനിലയിൽ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.


കഴിഞ്ഞ മാസം 25ന് പുലർച്ചെ നാല് മണിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്തെ ശ്രീപാദം കോളനിക്ക് മുന്നിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് തകർന്നത്. ഒപ്പമുണ്ടായിരുന്ന മകൾ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോൾ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്.ഡ്രൈവർ അർജ്ജുനും ചികിത്സയിലാണ്. തൃശൂർ വടക്കുംനാഥക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

വയലിനിസ്റ്റായ അമ്മാവൻ ബി. ശശികുമാറിന്റെ ശിക്ഷണത്തിൽ മൂന്ന് വയസു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്‌റ്റേജിലെത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ചു വർഷം തുടർച്ചയായി കേരള സർവകലാശാല യുവജനോത്സവത്തിൽ വയലിനിൽ ഒന്നാംസ്ഥാനം നേടിയ ബാലഭാസ്‌കർ പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്‌ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടർന്ന് മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്തോ വെസ്‌റ്റേൺ ഫ്യൂഷൻ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. പുതുതായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് മകൾക്ക് വഴിപാട് നടത്താൻ ബാലഭാസ്‌കർ സമയം കണ്ടെത്തിയത്.