nobel

സ്റ്റോക്ഹോം: കാൻസർ ചികിത്സാ രംഗത്തെ ഗവേഷണത്തിന് യു.എസ് ശാസ്ത്രജ്ഞൻ ജെയിംസ് പി.അലിസൺ, ജാപ്പനീസ് ശാസ്ത്രജ്ഞൻ തസുകു ഹോഞ്ചോ എന്നിവർ വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ സമ്മാനം പങ്കിട്ടു. രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെ തടഞ്ഞുകൊണ്ടുള്ള കാൻസർ ചികിത്സാരീതിക്കാണ് (‘ഇമ്യൂൺ ചെക്ക്പോയിന്റ് തെറാപ്പി ') പുരസ്കാരം ലഭിച്ചത്.

അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്ന ഇവരുടെ ചികിത്സാരീതി  വൻ വിപ്ളവത്തിന് വഴിതുറക്കുമെന്ന് പുരസ്കാരം പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാഡ‌മി പറഞ്ഞു. രോഗപ്രതിരോധ സംവിധാനത്തിന്റെ വേഗം കുറയ്ക്കുന്ന നിർണായക പ്രോട്ടീൻ സാന്നിദ്ധ്യത്തിലാണ് അലിസൺ പഠനം നടത്തിയത്. ഈ പ്രോട്ടീനുകളെ ഒഴിവാക്കുന്നതിലൂടെ അർബുദ കോശങ്ങളെ  പ്രതിരോധിക്കാനുള്ള ശരീര കോശങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന്  അദ്ദേഹം കണ്ടെത്തി. പുതിയ കാൻസർ പ്രതിരോധ ചികിത്സാരീതിയും അലിസൺ വികസിപ്പിച്ചെടുത്തു.

ഇതേ പ്രോട്ടീൻ സാന്നിദ്ധ്യം തന്നെയാണ് ഓൻജോയും പഠന വിധേയമാക്കിയത്. എന്നാൽ, വ്യത്യസ്ത രീതിയിലാണ് ഇവയുടെ പ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഹോഞ്ചോ അവലംബിച്ച ചികിത്സാ രീതിയും കാൻസർ പ്രതിരോധത്തിന് വളരെ ഫലപ്രദമാണെന്ന് കണ്ടു.

ഹൂസ്റ്റണിലെ ടെക്സാസ് എം.ഡി ആൻഡേഴ്സൺ കാൻസർ സെന്ററിലെ ശാസ്ത്രജ്ഞനാണ് ജെയിംസ് അലിസൺ. ക്യോട്ടോ സർവകലാശാല പ്രൊഫസറാണ് തസുകു ഹോഞ്ചോ.