കേരളത്തിലെ സർക്കാരുകൾ വ്യത്യസ്ത നയങ്ങളാൽ പല കാലത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ഒരു മേഖലയായിരുന്നു മദ്യ വ്യവസായം. എന്നാൽ കേരളത്തിന്റെ സ്വന്തം മദ്യമായ കള്ളിന് ഇതുവരെയും നിയന്ത്രണങ്ങളൊന്നുമില്ല. സ്ത്രീ പുരുഷ ഭേദമന്യ പലരും ആ രുചി നുണയാൻ ഷാപ്പുകളിലേക്ക് എത്താറുമുണ്ട്.
യു.ഡി.എഫ് സർക്കാരിന്റെ മദ്യ നിരോധനത്തോടെ നേരത്തെ അടച്ചുപൂട്ടിപോയ പല ഷാപ്പുകളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് വന്ന ഇടതു സർക്കാർ കള്ളു വ്യവസായത്തിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതോടെ ആ മേഖല കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുയാണ് ഇപ്പോൾ.
തെക്കൻ കേരളത്തിലേക്കും വടക്കൻ കേരളത്തിലേക്കും പ്രധാനമായും കള്ള് എത്തുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, ഗോപാലപുരം മേഖലകളിലാണ് കള്ളുൽപ്പാദനം പ്രധാനമായും നടക്കുന്നത്. പുലർച്ചെ നാലു മണിയോടെ കള്ള് കൊണ്ട് പോകാൻ തോപ്പുകളിൽ വണ്ടി എത്തിത്തുടങ്ങും. കള്ളു കയറ്റി എത്തുന്ന വാഹനങ്ങൾ ആലത്തൂരിലെ എക്സൈസ് ചെക്പോസ്റ്റ് കടന്ന് തെക്കൻ കേരളത്തിലേക്ക് എത്തും.
എന്നാൽ ഇപ്പോൾ ചിറ്റൂരിൽ കള്ളിന്റെ ഉൽപ്പാദനം ഇന്ന് നേർ പകുതിയായി കുറഞ്ഞിരിക്കുന്നു. പാലക്കാട് ജില്ലയിൽ പോലും മതിയായ അളവിൽ കള്ള് എത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. ചെത്ത് കുറഞ്ഞതോടെ ജില്ലയിലെ തന്നെ പല ഷാപ്പുകളും ഉച്ചയോടെ അടച്ചുപൂട്ടുകയാണ് പതിവ്. തെക്കൻ കേരളത്തിലേക്ക് ദിനം പ്രതി 400 ഓളം വാഹനങ്ങൾ കള്ളുമായി പോയിരുന്നെങ്കിൽ ഇന്ന് അത് 150 ൽ താഴെയാണ് എന്നതാണ് വസ്തുത
കേരളത്തിലെ ഭൂരിഭാഗം ഷാപ്പുകൾക്കും ഒരു ദിവസം 250 ലിറ്റർ കള്ളിനുള്ള പെർമിറ്റാണ് ലഭിക്കുക. എന്നാൽ ഇതിന്റെ എത്രയോ ഇരട്ടിയോളം കള്ള് വിവിധ ഷാപ്പുകളിലായി വിതരണം ചെയ്തുവരികയാണ്. ചെത്തു തൊഴിലാളികളും ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞെങ്കിലും ഷാപ്പുകൾ നടത്തിക്കൊണ്ട് പോകുന്നതിൽ കരാറുകാർക്ക് വലിയ തടസ്സമില്ലെന്ന് ചുരുക്കം.
കേരളത്തിൽ 140 ഓളം റെയ്ഞ്ചിലായാണ് കള്ളുഷാപ്പുകൾ. ഓരോ റെയ്ഞ്ചിലും ദിവസേന വിൽക്കുന്നത് 15,000 ലിറ്റർ കള്ളെന്ന് എകൈ്സസ് വകുപ്പിന്റെ കണക്ക്. എങ്കിൽ ആകെ വേണ്ടത് ദിവസം 20 ലക്ഷം ലിറ്ററിൽ അധികവും ചിറ്റൂരിൽനിന്നാണ് കൊണ്ടുവരുന്നത്. എന്നാൽ ഇവിടെനിന്ന് പോവുന്നത് എക്സൈസ് വകുപ്പിന്റെ കണക്കിൽ ദിവസം വെറും രണ്ടേകാൽലക്ഷം ലിറ്റർ മാത്രവും. അപ്പോൾ ശേഷിക്കുന്ന 18.15 ലക്ഷം ലിറ്റർ എവിടെനിന്നു വരുന്നു.
ഉത്തരം അറിയണ്ടേ, കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് ഈ ആഴ്ചയിൽ അന്വേഷണവുമായി ഇറങ്ങുകയാണ്. നമ്മൾ കഴിക്കുന്ന കള്ള് വിശ്വസിച്ച് കുടിക്കാനാവുമോ. തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴിയെങ്കിലും ഒരു പക്ഷേ കള്ള് ചതിക്കും ഇന്നല്ലെങ്കിൽ നാളെ...