ഈ എപ്പിസോഡിൽ വാവ സുരേഷിന്റെ ആദ്യത്തെ യാത്ര മാവേലിക്കരയിലും പുനലൂരിലേക്കുമായിരുന്നു. പക്ഷേ, രണ്ടിടത്തും നിരാശയായിരുന്നു ഫലം. പാന്പ് പിടികൊടുത്തതല്ല. പിടിക്കാൻ പറ്റാത്ത ഇടങ്ങളിലായിരുന്നു അവയുടെ ഇരിപ്പെന്നത് തന്നെ. റോഡുവക്കിലുള്ള കൽക്കെട്ടിലൊക്കെ പാന്പ് ഇരുന്നാൽ പിടികൂടുക പ്രയാസമാണ്. അതിനാൽ തന്നെ വാവ അവയെ വിട്ടുകളയുകയാണ് പതിവ്.പക്ഷേ, ആ നിരാശ മാറ്റിയത് ഒരു മൂർഖനേയും പെരുന്പാന്പിനേയും പിടിച്ചുകൊണ്ചാണ്. ആലപ്പുഴ ജില്ലയിലെ ചെറുകോൽ ഈഴക്കടവിൽ നിന്നാണ് മൂർഖനെ പിടികൂടിയത് .പണി നടന്നു കൊണ്ടിരുന്ന സ്ഥലത്തെ തകര ഷീറ്റിനടിയിൽ നിന്നായിരുന്നു ചട്ട പൊഴിക്കാറായ ആൺ മൂർഖനെ പിടികൂടിയത്. ചട്ട പൊഴിക്കാറായതിനാൽ തന്നെ അദ്ദേഹത്തിന് ശൗര്യം കൂടുതലായിരുന്നു. അനായാസം തന്നെ വാവ അതിനെ കൈപ്പിടിയിലാക്കി.
അന്ന് രാത്രി പത്തനംതിട്ടയിലെ പന്തളത്തിനടുത്ത് കുരംപാലയിൽ നിന്നായിരുന്നു പെരുന്പാന്പിനെ പിടികൂടിയത്. മൂർഖൻ എന്ന് കരുതിയാണ് വാവ എത്തിയത്. എന്നാൽ, കക്ഷി പെരുന്പാന്പ് ആയിരുന്നു. റോഡ് കടന്നെത്തിയ പെരുന്പാന്പ് ക്ഷേത്രത്തിലെ കാവിലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു. പ്രളയത്തിന് പിന്നാലെ എത്തിയതെന്നാണ് കരുതുന്നത്.