nirav

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോഡിയുടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള 637 കോടി രൂപയ്‌ക്കു തുല്ല്യമായ സ്വത്തു വകകൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 278 കോടി രൂപ ബാലൻസുള്ള അഞ്ച് വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ, ന്യൂയോർക്കിലെ 278 കോടി രൂപ വിലയുള്ള സ്വത്തുക്കൾ, ദക്ഷിണ മുംബയിൽ നീരവിന്റെ സഹേദരി പൂർവി മോദിയുടെ ഉടമസ്ഥതയിലുള്ള 19.5 കോടി രൂപ വിലയിരുന്ന ഫ്ളാറ്റ്, 22.69 കോടി രൂപയ്‌ക്കു തുല്യമായ വജ്ര ആഭരണങ്ങൾ,ലണ്ടനിലെ 56.97 കോടി രൂപയുടെ സ്വത്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ക്രിമിനൽ കേസിലെ പ്രതിയുടെ വിദേശത്തെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് അപൂർവമാണ്. 13,500 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച കേസിൽ നീരവ് മോഡിയുടെ 4000 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് കണ്ടെത്തിയിരുന്നു. ബാങ്കിന്റെ മുംബയിലെ ബ്രാഡ് ഹൗസ് ശാഖ വഴി നടത്തിയ വായ്‌പാ ഇടപാടിലൂടെയാണ് രത്ന വ്യാപാരിയായ നീരവ് മോഡിയും അമ്മാമവൻ മെഹുൽ ചോക്‌സിയും ചേർന്ന് വൻ തട്ടിപ്പ് നടത്തിയത്.