തിരുവനന്തപുരം: വയലിൻ തന്ത്രികളിൽ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്‌മരികത വിരിയിച്ച ബാലഭാസ്കർ കൂടി വിട വാങ്ങുമ്പോപോൾ ഭാര്യ ലക്ഷ്മിയുടെ ജീവിതം തന്ത്രികൾ മുറിഞ്ഞുപോയ ഒരു ഈണം മാത്രമായി അവശേഷിക്കുകയാണ്. ആറ്റുനോറ്റ് 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയായ തേജസ്വി ബാലയ്ക്ക് പിന്നാലെ ബാലഭാസ്കറും വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങിയപ്പോൾ ലക്ഷ്‌മി തനിച്ചായി.
ഈ മാസം 25ന് കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ തേജസ്വിനിയെ മരണം കൂട്ടിക്കൊണ്ടു പോയിരുന്നു. മകളുടെ മരണം അറിയാതെ ഇപ്പോഴിതാ അച്ഛനും യാത്രയായി. ഇരുകാലുകളും ഒടിഞ്ഞ് ശരീരത്തെ കൊത്തിവലിക്കുന്ന വേദന കടിച്ചമർത്തി ആശുപത്രിയിൽ കഴിയുന്ന ലക്ഷ്‌മിക്ക് താങ്ങാനാവാത്ത ആഘാതമാണ് മകളുടേയും ബാലഭാസ്കറിന്റേയും മരണം ഏൽപിച്ചിരിക്കുന്നത്. ലക്ഷ്മിയെ ഇരുവരുടേയും മരണവിവരം അറിയിച്ചിട്ടില്ല. പരിക്കേറ്റ ലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാലും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് ഇനിയും സമയമെടുക്കും. ലക്ഷ്മിയെ എങ്ങനെയാണ് ആശ്വസിപ്പിക്കുക എന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്താണ് ബാലഭാസ്‌കറും ലക്ഷ്മിയും പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് 22-ാം വയസിലായിരുന്നു വിവാഹം. യൂണിവേഴ്സിറ്റി കോളേജിൽ എം.എ സംസ്‌കൃതം അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ബാലഭാസ്‌കർ. ലക്ഷ്മി എം.എ ഹിന്ദി വിദ്യാർത്ഥിയും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് സന്താനഭാഗ്യം ഉണ്ടായില്ല. ഏറെ നാളത്തെ ചികിത്സകൾക്കുശേഷമാണ് രണ്ടുവർഷം മുമ്പ് തേജസ്വി ഇവരുടെ ജീവിതത്തിൽ വെളിച്ചം നിറച്ച് എത്തിയത്. അപകടസമയത്ത് കാറിന്റെ മുൻസീറ്റിൽ അച്ഛന്റെ മടിയിലിരുന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞുതേജസ്വി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴുത് കുഞ്ഞിന്റെ പേരിൽ വഴിപാടുകൾ നടത്തി മടങ്ങും വഴിയായിരുന്നു അപകടം. കാറിന്റെ ചില്ല് തകർത്താണ് തേജസ്വിയെ പുറത്തെടുത്തത്. അബോധാവസ്ഥയിലായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കൂട്ടിക്കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ബാലഭാസ്കറും വിടവാങ്ങിയിരിക്കുന്നു.
വയലിനിസ്റ്റായ അമ്മാവൻ ബി. ശശികുമാറിന്റെ ശിക്ഷണത്തിൽ മൂന്ന് വയസു മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്‌റ്റേജിലെത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ചു വർഷം തുടർച്ചയായി കേരള സർവകലാശാല യുവജനോത്സവത്തിൽ വയലിനിൽ ഒന്നാംസ്ഥാനം നേടിയ ബാലഭാസ്‌കർ പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്‌ത് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. തുടർന്ന് മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്തോ വെസ്‌റ്റേൺ ഫ്യൂഷൻ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്.