തിരുവനന്തപുരം: സിനിമയിൽ കയറിപ്പറ്റാൻ നടക്കുന്ന യുവതയിൽ നിന്ന് എന്നും വ്യത്യസ്തനായിരുന്നു ബാലു എന്ന് കൂട്ടുകാരും ആരാധകരും വിളിക്കുന്ന ബാല ഭാസ്‌കർ. 17ാം വയസിൽ സിനിമയിൽ സ്വതന്ത്ര സംവിധായകനാവുക എന്ന അപൂർവ അവസരം ബാലുവിന് ലഭിച്ചെങ്കിലും ഒരിക്കലും ആ വഴി തന്റേതല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. സിനിമകളിലെ സംഗീത സംവിധാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'അത് അങ്ങനെ സംഭവിച്ചു പോയി' എന്നാണ് ഒരു അഭിമുഖത്തിൽ ബാലു ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. അഞ്ച് സിനിമകളിൽ സംഗീതം നൽകിയതിനെക്കാൾ പ്രശസ്തി നിനക്കായ്, ആദ്യമായ് എന്നീ ആൽബങ്ങൾ ബാലുവിന് നൽകിയിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും ഒന്നിനും ബാലുവിനെ ആകർഷിക്കാനായില്ല.
വെള്ളിത്തിരയ്ക്കപ്പുറം സംഗീതത്തിൽ നിരവധി പരീക്ഷണങ്ങൾ ചെയ്യാനുണ്ടെന്ന് ബാലു ഉറപ്പിച്ചിരുന്നു. ആ ഉറപ്പ് മലയാളികൾക്ക് നൽകിയത് അഭിമാനിക്കാനുള്ള വക നൽകുകയായിരുന്നു. വരികൾക്ക് ഉള്ളറിഞ്ഞ് സംഗീതം നൽകുന്ന അപൂർവം സംഗീത സംവിധായകരുടെ കൂട്ടത്തിൽ തന്നെയാണ് മലയാളികൾ ബാലുവിനെയും പ്രതിഷ്ഠിച്ചത്. തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനു മുന്നിൽ വയലിൻ തന്ത്രികളിലൂടെ മാന്ത്രിക സംഗീതം കടത്തിവിട്ട് ആരാധകരെ തന്റെ സംഗീത വലയത്തിൽ നിറുത്താനുള്ള കഴിവ് ബാലുവിനുണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ബംഗളുരുവിലെ സംഗീത പരിപാടി ബാക്കിവച്ചിട്ടാണ് ബാലു ഈ ലോകത്തോട് വിടപറഞ്ഞത്.