തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്താണ് ബാല ഭാസ്‌കർ ലക്ഷ്മിയുമായി പ്രണയത്തിലാകുന്നത്. ആരു നീ എന്നോമലേ എന്ന പ്രശസ്തമായ ഗാനം ബാല ഭാസ്‌കർ ഒരുക്കിയതു തന്നെ ലക്ഷ്മിക്കു വേണ്ടിയായിരുന്നു. ആ ഗാനം ക്യാമ്പസ് അതിർത്തികൾ ലംഘിച്ച് വൻ സ്വീകാര്യത നേടിയിരുന്നു. ജോയ് തമലം ആയിരുന്നു ബാലുവിനായി ആ പ്രണയ വരികൾ ഒരുക്കിയത്. ആ പ്രണയമഴയിൽ കുളിച്ച് എതിർപ്പുകളെ അവഗണിച്ച് 22ാം വയസിൽ ബാലു ലക്ഷ്മിയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ സംഗീത മേഖലയിൽ തന്റേതായ ഇടം നേടിയിരുന്നു. കൺഫ്യൂഷൻ എന്ന മ്യൂസിക് ബാൻഡ് തുടങ്ങിയതു തന്നെ ലക്ഷ്മിക്കു വേണ്ടിയായിരുന്നു. സഹപാഠികൾക്കൊപ്പം ചേർന്ന് കലാലയ ഗാനങ്ങളായിരുന്നു കൺഫ്യൂഷൻ ബാൻഡ് ഒരുക്കിയത്. ഗാനങ്ങളും ട്രൂപ്പും വളരെ പെട്ടെന്നുതന്നെ ഹിറ്റായി. അധികം വൈകാതെ തന്നെ ബാലഭാസ്‌കർ വമ്പൻ ബാൻഡുകളുടെ ഭാഗമായി മാറി. ദ ബിഗ് ബാൻഡുമായി ലോക പ്രശസ്ത സംഗീതജ്ഞർക്കൊപ്പം ബാലു ഫ്യൂഷൻ അവതരിപ്പിച്ച് മുന്നേറി.
ടെലിവിഷൻ ചാനലിൽ ഫ്യൂഷൻ അഭിമുഖം തുടങ്ങിയത് ബാല ഭാസ്‌കറായിരുന്നു. പ്രശസ്തരായ ആളുകളുടെ അഭിമുഖവും അവരുമായി ഒരു ഫ്യൂഷനുമായിരുന്നു പരിപാടിയുടെ പ്രത്യേകത. വളരെ വേഗം ആരാധകരെ സൃഷ്ടിക്കാൻ ഈ പരിപാടിക്കു കഴിഞ്ഞു. കുറച്ചുനാൾ 'ബാലലീല' എന്ന പേരിൽ ഒറ്റയ്ക്കും ഫ്യൂഷനുമായി താരം ലോകം കറങ്ങി. അപ്പോഴും ലക്ഷ്മിയെയും മകളെയും കൂടെക്കൂട്ടിയിരുന്നു. 16 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകളെ ജാനിയെന്നാണ് ബാലു വിളിച്ചിരുന്നത്. ഓരോ നിമിഷവും ജാനിക്കും ലക്ഷ്മിക്കുമൊപ്പം ചെലവഴിക്കാനാണ് ബാലു ആഗ്രഹിച്ചത്. അപകടത്തിൽ വിധി മകളെ തട്ടിയെടുത്ത് ഒരാഴ്ച പിന്നിടും മുൻപുതന്നെ ബാലുവും ജാനിക്കു പിന്നാലെ പോയി. അവളെ പിരിഞ്ഞിരിക്കാനാകാത്തതു പോലെ...