തിരുവനന്തപുരം: ചെണ്ടയിൽ വയലിൻ ചേർത്തൊരു ഫ്യൂഷൻ. അന്ന് അത് കേട്ടവരിലുണ്ടാക്കിയ അമ്പരപ്പ് ചെറുതായിരുന്നില്ല. ചെണ്ടയിലെ രാജാവ് മട്ടന്നൂർ ശങ്കരൻകുട്ടിയും വയലിൻ മാന്ത്രികൻ ബാല ഭാസ്‌കറും ഒന്നിച്ചപ്പോൾ സംഗീത ആസ്വാദകർക്ക് ലഭിച്ചത് ഒരു ദേവാസുര സംഗീതമായിരുന്നു. ബാലുവിന്റെ ആത്മവിശ്വാസമായിരുന്നു അന്ന് ആ ഫ്യൂഷന് അടിസ്ഥാനമായത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്യ, ഡ്രമ്മിലെ രാജാവ് ശിവമണി, സംഗീതത്തിന്റെ മറുപേര് എ.ആർ റഹ്മാൻ തുടങ്ങി ബാലഭാസ്‌കർ വേദി പങ്കിട്ട പ്രഗത്ഭരുടെ നിര നീളുകയാണ്.
തിരുവനന്തപുരത്ത് ഏറെ ആരാധിച്ച എ.ആർ. റഹ്മാനൊപ്പം വേദി പങ്കിടുന്നതിനിടെ ഗ്രീൻ റൂമിലിരുന്ന് റഹ്മാൻ ബാലയോടു പറഞ്ഞത് 'നിങ്ങൾ ഏറെ പോപ്പുലറാണല്ലൊ. ആളുകളെല്ലാം നിങ്ങളെയാണു ചോദിക്കുന്നത്' എന്നാണ്. ആരാധനാ പാത്രത്തെ മുന്നിൽ കണ്ട സന്തോഷത്തിൽ വാക്കുകൾ തൊണ്ടയിൽ ഉടക്കിയ അവസ്ഥയിലായിരുന്നു ബാലു. വയലിനിലെചിന്റസ്റ്റിൽ മുഖം ചേർത്താൽ പിന്നെ ബാലു മാന്ത്രികനാകും. ആരാധകർക്ക് ആസ്വദിക്കാൻ കഴിയാത്ത സംഗീതം സംഗീതമല്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു അദ്ദേഹം. അവരുടെ കൈയടികളിൽ മുഖത്തു വിരിയുന്ന ചിരി പ്രിയപ്പെട്ടവർക്കെല്ലാംഇനി വേദനിക്കുന്ന ഓർമ്മയായിരിക്കും.