തിരുവനന്തപുരം: ഒരു ചിരിയോടെ മാത്രമെ വയലിനുമെടുത്ത് ബാലഭാസ്‌കർ വേദിയിൽ എത്താറുള്ളൂ. സംഗീതത്തോടൊപ്പം പോസിറ്റീവ് എനർജി കൂടി ബാലഭാസ്‌കർ ആസ്വാദക ഹൃദയങ്ങളിലേക്ക് കടത്തിവിടും. പ്രണയത്തിന്റെ എല്ലാം ഭാവങ്ങളോടും ചേർന്നു നിൽക്കുന്നതാണ് വയലിന്റെ സ്വരം. കണ്ണീരും സ്വപ്നങ്ങളും സന്തോഷവും പ്രതീക്ഷയും എല്ലാം ഇടകലർന്ന ശബ്ദസങ്കലനം. വയലിന്റെ ഈ കാല്പനിക ഭംഗിയെ ബാലഭാസ്‌കറോളം സ്വായത്തമാക്കിയ മറ്റൊരു വയലിനിസ്റ്റ് ഇന്ന് ഈ ദേശത്തില്ല. സംഗീതത്തിന്റെ തീരത്തുകൂടി നടക്കാതെ തിരയായി തീർന്ന ബാലഭാസ്‌കറിതാ ആത്മാവിൽ ഏരിഞ്ഞു തീരാത്ത വേദന പകർന്ന് ശോകരാഗമായി മാറിയിരിക്കുന്നു. തോളിൽ വയലിൻ വച്ച് അല്പമൊന്നു ചരിഞ്ഞു നിന്ന് ബാലഭാസ്‌കർ വയലിൻ മീട്ടി തുടങ്ങിയാൽ പിന്നെ കാണികൾ വശീകരണസിദ്ധിയുള്ള ആ സംഗീതത്തിന്റെ മാസ്മരികതയിൽ മയങ്ങിപ്പോകും. മെലഡിയായാലും ഫാസ്റ്റ് നമ്പറുകളായാലും കേൾക്കുന്നവർ ഏതു കഠിനഹൃദയനായാലും മനസൊരു തൂവൽ പോലെ അതിനൊപ്പം ചലിക്കും.
മൂന്നു വയസു മുതൽ തുടങ്ങിയ സംഗീത പഠനം. പന്ത്രണ്ടാം വയസിൽ വയലിനുമായി വേദിയിൽ. പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം പകർന്നുകൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനെന്നെ പെരുമ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംസ്‌കൃതം എം.എയ്ക്ക് ചേർന്നത് ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ് കർണാടക സംഗീതത്തിലെ വരികളുടെ അർത്ഥം മനസിലാക്കി പാടണം. പാസായത് രണ്ടാം റാങ്കോടെ. സംഗീതത്തിൽ ഇത്രത്തോളം സൂക്ഷ്മത പുലർത്തിയ ഈ പ്രതിഭ കേരളീയർക്കു മുന്നിൽ ഇലക്ട്രിക് വയലിനും ഇന്തോ വെസ്റ്റേൺ ഫ്യൂഷനും പരിചയപ്പെടുത്തി. ലോകമെമ്പാടും ആസ്വാദകരെ നേടിയെടുത്ത മാന്ത്രിക സംഗീതജ്ഞനാണ് ബാലഭാസ്‌കർ. ലോകപ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം ഫ്യൂഷൻ ഒരുക്കി സംഗീത പ്രേമികളുടെ ഹൃദയതാളമായി. ഇലക്ട്രിക് വയലിനിലൂടെ ന്യൂജനറേഷന്റെ തുടിപ്പാകുമ്പോഴും ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രം പടിഞ്ഞിരുന്ന് കച്ചേരി പാടുന്ന ബാലഭാസ്‌കറിനെ വിസ്മയം എന്നല്ലാതെ ഏതു പദം കൊണ്ടാണ് വിശേപ്പിക്കാനാവുക? ബാലഭാസ്‌കറും വയലിന്റെ ഈണങ്ങളും ചേർന്ന് നമ്മുടെയൊക്കെ മനസിൽ താളമിട്ടു തന്നിട്ട് 27 വർഷങ്ങൾ പിന്നിടുകയായിരുന്നു. സംഗീതത്തിന്റെ അനന്തവിഹായസിൽ ചിറക് വിരിച്ച് പറക്കുമ്പോഴും ഇടയ്ക്ക് വയലിനുമായി അമ്മാവനും ഗുരുവുമായ ബി.ശശികുമാറിനു മുന്നിൽ അനുസരണയുള്ള ശിഷ്യനായി എത്തും. ഒരിക്കലും സാധകം മുടക്കില്ല. റിഹേഴ്സിലില്ലാതെ പരിപാടിയില്ല. മുംബയിൽ ഒരിക്കൽ ബാലഭാസ്‌കർ വയലിൻ അവതിരിപ്പിക്കുന്നു. മുൻനിരയിൽ മുഴുകിയിരിക്കുന്നവരുടെ കൂട്ടത്തിൽ സച്ചിൻ ടെൻഡുൽക്കർ. ഒരു ഫോട്ടോഗ്രാഫർ മറഞ്ഞു നിന്നപ്പോൾ ഒന്നു മാറി നിൽക്കൂ, എനിക്കീ വായന ഒന്നു കാണണം എന്നു സച്ചിൻ പറഞ്ഞു.
ബാലഭാസ്‌കറിന്റെ സംഗീതത്തിന് മറ്റൊരു വലിയ ആരാധകനുണ്ട് സാക്ഷാൽ അമിതാഭ് ബച്ചൻ. ഒരു ദീപാവലി ആഘോഷത്തിനിടയിൽ വയലിൻ വായിച്ചു കഴിഞ്ഞ ശേഷം മുന്നിലെത്തിയ ബാലഭാസ്‌കറിനോടു പറഞ്ഞു എനിക്ക് നിങ്ങളുടെ ആൽബം വേണം, എവിടെ നിന്നു വാങ്ങാൻ കിട്ടും? അങ്ങനെ പറയരുത് ഞാൻ താങ്കൾക്ക് എന്റെ ആൽബങ്ങൾ അയച്ചുതാരം എന്നു തൊഴുതുകൊണ്ടു പറയുകയായിരുന്നു ബാലഭാസ്‌കർ. ബച്ചനും ജയാബച്ചനും ഒപ്പം ഒരു ഫോട്ടോ അത് ബാലഭാസ്‌കറിനെ സംബന്ധിച്ചിടത്തോളം മൂല്യമേറിയ സമ്മാനമായിരുന്നു. ബാലഭാസ്‌കറിന്റെ വശ്യമേറിയ സംഗീതത്തെക്കുറിച്ച് ലോകം അറിയാനായി തന്റെ ബ്ലോഗിൽ അമിതാഭ് എഴുതിയത് രണ്ടു വട്ടം.
''ഞാൻ എന്നെ തന്നെ അളക്കുന്ന ആളാണ് ഇന്നലത്തെ എന്നെക്കാളും ഇന്നു ഞാൻ എങ്ങനെയാവണം, നന്നാവണം എന്ന ചിന്തയിൽ ഓരോ ദിവസവും എന്നോടു മത്സരിക്കുകയാണ് ഞാൻ. ഇന്നലത്തേത് മോശമാണ് എന്ന അർത്ഥത്തിൽ ഇന്ന് എങ്ങനെ കൂടുതൽ നന്നാക്കാമെന്ന ചിന്തയാണ് എനിക്ക്. അതുകൊണ്ടു തന്നെ നിരന്തര സാധകം പതിവാണ്. വാശിയെന്നോ ഭയമെന്നോ എന്തുവേണമെങ്കിലും അതിനെ വിളിക്കാം. അത് എന്തായാലും എന്നെ ഉത്തേജിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. '' ബാലഭാസ്‌കർ ഒരിക്കൽ പറഞ്ഞു.