balabhaskar

 സംഗീതത്തിന്റെ ആകാശത്തേക്ക് പ്രഭാത സൂര്യനെപ്പോലെ ഉദിച്ചുയർന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കർ (40) അകാലത്തിൽ പൊലിഞ്ഞു. ഇന്ന് പുലർച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യലിനിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച ബാലഭാസ്‌കർ, ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടർന്ന് ചിതിത്സയിലായിരുന്നു. ബാലഭാസ്‌കറെ അവസാനമായി കണ്ട ദിനം ഓർത്തെടുക്കുകയാണ് ശബരിനാഥൻ എം. എൽ.എ. തലസ്ഥാനത്തെ ഒരു റസ്‌റ്റോറന്റിൽ വച്ചാണ് അവസാനമായി ബാലഭാസ്‌കറെ ശബരിനാഥൻ കാണുന്നത്. ഭാര്യ ദിവ്യയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കവെ ബാലഭാസ്‌കറുടെ മകൾ തങ്ങളുടെ ടേബിളിലേക്ക് നടന്നുവന്നതെന്നും, നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് വന്ന കുട്ടിയെ താനും ഭാര്യയും വാത്സല്യത്തോടെ ഓമനിക്കുമ്പോൾ മകളെ തേടി ഒരു പിതാവിന്റെ ഉത്കണ്ഠയോടെ ബാലഭാസ്‌കർ അടുത്തേയ്ക്ക് വന്നുവെന്നും മകളുടെ പേര് പറഞ്ഞ് തങ്ങളെ പരിചയപ്പെടുത്തിയെന്നും ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ബാലഭാസ്‌കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളമാണെന്നും ശബരിനാഥൻ എം.എൽ.എ അനുസ്മരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബാലഭാസ്‌കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളിൽ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം. ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്.ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു 'മകളാണ്, പേര് തേജസ്വിനി'. രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും. ആദരാഞ്ജലികൾ.