നൃത്തമായിരുന്നു നടി മേഘാ മാത്യുവിന് പ്രാണൻ. കുഞ്ഞുനാൾ മുതലേ ചുവടുകൾ വച്ചു, നൃത്തമാണ് ജീവിതത്തിൽ തനിക്ക് ഏറ്റവും സന്തോഷം തരുന്നതെന്ന് അന്നേ അവൾ തിരിച്ചറിഞ്ഞുവെന്നും പറയാം. ഇഷ്ടപ്പെട്ട നൃത്തവഴിയിലൂടെ, അതിലുമിഷ്ടമായ മറ്റൊരിടത്തേക്ക് എത്തിയതിന്റെ സന്തോഷമുണ്ടായിരുന്നു മേഘയുടെ വാക്കുകളിൽ. അഭിനയിച്ച ചിത്രങ്ങളെല്ലാം മേഘയ്ക്ക് സന്തോഷമേ നൽകിയിട്ടുള്ളൂ. ഇനി വരാൻ പോകുന്ന 'മന്ദാര' വും 'പ്രൊഫ. ഡിങ്കനും' ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. സിനിമയുടെ വഴിയിലും പഠനത്തെ കൈവിട്ടിട്ടില്ല മേഘ. അതു വീട്ടുകാരുടെ നിർബന്ധം കൂടിയായിരുന്നു. പഠനവും സിനിമയ്‌ക്കൊപ്പം മുന്നോട്ട് പോകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ അഭിനയത്തിനിടയിൽ എം.കോം പഠനവും പൂർത്തിയാക്കി. മേഘയുടെ വിശേഷങ്ങളിലേക്ക്.
'മന്ദാരം റിലീസാകാൻ പോകുന്ന സന്തോഷമാണിപ്പോൾ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ലൊരു മൂവിയായിരിക്കും അത്. നല്ലൊരു റോളുമാണ്. ഷൂട്ടിംഗ് സെറ്റ് ഒരു കുടുംബാന്തരീക്ഷം പോലെയായിരുന്നു. ആദ്യമായാണ് അങ്ങനെ ഒരു അനുഭവം. ആസിഫലിയാണ് നായകൻ. അർജുൻ അശോകന്റെ പെയർ ആയാണ് സിനിമയിൽ വരുന്നത്. പ്രണയകഥയാണ്, മൂന്നുകാലങ്ങളിലൂടെ കടന്നു പോകുന്ന ഒരു റോളാണിത്. വർഷ, അനാർക്കലി എന്നിവരും ചിത്രത്തിലുണ്ട്. ഞങ്ങളെല്ലാവരും നല്ല കൂട്ടായിരുന്നു. ഒരുപാട് പ്രതീക്ഷയുണ്ട് എല്ലാവർക്കും. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രസകരമായൊരു ചിത്രമാണിത്. വിജേഷ് വിജയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ ജീവിതാനുഭവം കൂടിയാണിത്. അതിന്റേതായ വ്യത്യസ്തതയും സിനിമയ്ക്കുണ്ട്. മാജിക് മൗണ്ടന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് വഴിയാണ് സിനിമയിലെത്തിയത്. പിന്നീടാണ് സംവിധായകനെ പോയി കാണുന്നത്. ഒരു കുടുംബം പോലെ എല്ലാവരും വർക്ക് ചെയ്ത സിനിമയായിരുന്നു ഇത്. ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം. ഞാൻ ചെയ്തതിൽ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള ചിത്രവും ഇതാണ്. ഇത്രയും കാലമെടുത്ത്, അത്രമാത്രം ആസ്വദിച്ചാണ് ചെയ്‌തെന്ന് പറയാം. ഓരോ നിമിഷവും ആസ്വദിച്ചു എന്നു തന്നെ പറയാം. അത്രമാത്രം സന്തോഷം ഞങ്ങളെല്ലാവർക്കുമുണ്ടായിരുന്നു.'
ആദ്യമായി ഒരു ത്രിഡി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലും മേഘ പങ്കുവച്ചു. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനിലാണ് മേഘ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു.
''വളരെ വലിയൊരു സിനിമയാണത്. ത്രിഡി ചിത്രമാണ് എന്നതിന്റെ വ്യത്യാസം എല്ലാ കാര്യങ്ങളിലുമുണ്ട്. സംവിധായകൻ റാഫി മെക്കാർട്ടിൻ വഴിയാണ് ഞാൻ ആ പടത്തിലെത്തുന്നത്. നല്ലൊരു അനുഭവമാണത്. രാമചന്ദ്രബാബു സാറിന്റെ സിനിമ എന്നതു തന്നെ ഏറെ അഭിമാനമുള്ള കാര്യമാണ്. മൈഡിയർ കുട്ടിച്ചാത്തനൊക്കെ കണ്ട ആ ഫീലാണ് അഭിനയിക്കുമ്പോൾ എനിക്ക് തോന്നുന്നത്. സാധാരണ സിനിമയേക്കാൾ കൂടുതൽ സമയം ഷൂട്ടിംഗിന് എടുക്കുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ആ സിനിമ ഒരുങ്ങുന്നത്. ഒരുപാട് കഥാപാത്രങ്ങളൊന്നുമില്ല, പക്ഷേ രസകരമായ രീതിയിലാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. നിറയെ തമാശകളൊക്കെയുണ്ട്. ദിലീപേട്ടന്റെ സുഹൃത്തിന്റെ വേഷമാണ് എനിക്ക്. ആദ്യമായാണ് ഞാൻ ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്നത്. എല്ലാവരെയും നന്നായി കെയർ ചെയ്യുന്ന വ്യക്തിയാണ്. സിനിമയിൽ കാണുന്നതു പോലെ ഷൂട്ടിംഗ് സമയത്തും നല്ല തമാശയായിരുന്നു. തികച്ചും പ്രൊഫഷണലാണ്, അഭിനയിക്കുന്ന സമയത്ത് എന്താണ് നമ്മൾ കൊടുക്കേണ്ടതെന്ന് വളരെ കൃത്യമായി അറിയുന്ന ഒരാളാണ്. അങ്ങനെയുള്ള തിരിച്ചറിവ് കൂടെ അഭിനയിക്കുന്നവരെയും സഹായിക്കും. ഇത്രയും വലിയ താരമാണെന്ന തോന്നൽ ആരിലും ഉണ്ടാക്കില്ല. സിനിമയിൽ കാണുന്നതു പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.''
കോട്ടയം സ്വദേശിയായ മേഘ ഇപ്പോൾ എറണാകുളത്താണ് താമസം. നൃത്തത്തിലൂടെ തന്നെയാണ് ആദ്യസിനിമയായ 'ആനന്ദ' ത്തിലേക്ക് അവസരം കിട്ടുന്നത്. നൃത്തം കൂടെയുണ്ടായിരുന്നിട്ട് കൂടി സിനിമയെക്കുറിച്ച് മേഘ കൂടുതൽ ചിന്തിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആദ്യ സിനിമ വന്നു വിളിച്ചത്. കൂടുതൽ സ്വപ്നങ്ങളൊന്നും ഇല്ല എന്നതുകൊണ്ടു തന്നെ വളരെ സ്വാഭാവികമായിട്ടായിരുന്നു ഇതെല്ലാം സംഭവിച്ചത്.
റിലീസ് ദിവസം തന്നെ സിനിമകൾ കാണുന്ന അപ്പയും അമ്മയുമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഇന്നും ഒരു സിനിമ വീട്ടിലിരുന്ന് കാണുക എന്നു പറയുന്നത് അവർക്ക് ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. ഈ ശീലം കൊണ്ടു തന്നെ ചെറുപ്പം മുതലേ ഞാനും തിയേറ്ററിലാണ് സിനിമ കാണുന്നത്. അതുകൊണ്ടു തന്നെ സിനിമ എപ്പോഴും ഞങ്ങൾക്കിടയിലുണ്ടായിരുന്നു. കയ്യെത്തിയാൽ തൊടാവുന്ന അത്രയും അടുപ്പത്തിൽ. സിനിമ അത്രയും ഇഷ്ടവുമായിരുന്നു. സിനിമ കഴിവും ഭാഗ്യവും ഒരേ പോലെ വേണ്ട കരിയർ ആണ്. അഭിനയവും പഠനവും ഒന്നിച്ചുകൊണ്ടു പോകുമെന്ന തീരുമാനം തുടക്കകാലത്തേ ഉണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ ഒരൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠനം നന്നായി തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. സിനിമയാണ് ഏറ്റവും ആദ്യം എന്ന ചിന്ത എനിക്കില്ല. ഇപ്പോൾ വരുന്ന അവസരങ്ങൾ നന്നായി ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനപ്പുറത്തേക്ക് ചിന്തിച്ചിട്ടില്ല.''
''എനിക്ക് കംഫർട്ടബിളായിട്ടുള്ള സിനിമകൾ മാത്രമേ ഞാൻ ഇതുവരെ ചെയ്തിട്ടുള്ളൂ. അല്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ സിനിമകൾ വരുമ്പോഴും എനിക്ക് ഓ.കെയല്ലാത്ത ഒന്നും ചെയ്തിട്ടില്ല എന്നു തന്നെ പറയാം. വീട്ടിൽ നിന്നുള്ള പിന്തുണയാണ് എന്റെ ഏറ്റവും വലിയ ശക്തി. അവരോടു കൂടി എനിക്ക് ആ ടീമിനെക്കുറിച്ച് പറയാൻ കഴിയണം. നീരാളി എന്ന ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. നവംബറിൽ ഷൈജു തമീൻസ് കമ്പനിയുടെ ബാനറിൽ ഒരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്, ജയ്യുടെ ചിത്രമാണിത്. ഏറെ പ്രതീക്ഷയുണ്ട് ആ ചിത്രത്തിൽ, അതിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ.''
യാത്രയെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഒരാളാണ് മേഘ. ഇന്ത്യയ്ക്കകത്തും പുറത്തും നീണ്ടസഞ്ചാരം തന്നെ ഇതിനകം നടത്തിക്കഴിഞ്ഞു. യാത്ര എന്നു പറയുമ്പോൾ തന്നെ ബാഗെടുത്ത് പുറപ്പെടുന്നവരാണ് അച്ഛൻ മാത്യുവും അമ്മ ജാൻസിയും സഹോദരൻ ജിതിനുമെന്നതിനാൽ ആ ഇഷ്ടത്തിന് വീട്ടിൽ നിന്നു പോലും കട്ട സപ്പോർട്ടാണ് കിട്ടിയിട്ടുള്ളത്. അഭിനയത്തിലും ഈയൊരു പിന്തുണ മേഘയ്ക്ക് കിട്ടിയിട്ടുണ്ട്. അമ്മ ജാൻസിയാണ് മേഘയുടെ ഏറ്റവും വലിയ വിമർശക. ഏതുകാര്യത്തിലും അമ്മയുടെ അഭിപ്രായം അത്ര പോസിറ്റീവായാണ് മേഘ ഉള്ളിലേക്കെടുക്കുന്നതും. ഇത്തവണയെങ്കിലും അമ്മ നല്ലതു പറയുമെന്ന് മേഘ പ്രതീക്ഷിച്ചാലും നല്ല വാക്കുകൾ അത്രയെളുപ്പത്തിൽ കിട്ടാറില്ല. ചില കാര്യങ്ങളിലുള്ള തന്റെ മടി മാറ്റാൻ പുറകേ നടക്കുന്ന അമ്മയെ ഓർത്ത് ഇടയ്ക്ക് മേഘ ചിരിച്ചു. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുള്ള വീട്ടിൽ ഇനി ഇപ്പോൾ അൽപ്പം വിമർശിച്ചാലും കുഴപ്പമില്ല, തനിക്കുവേണ്ടിയാണല്ലോ എന്ന സന്തോഷമുണ്ടായിരുന്നു ആ ചിരിയിൽ.