ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കിയതാണ്. ഒരുപാട് ബൗദ്ധിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ജെ.എൻ.യുവിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ എ.ബി.വി.പി സഖ്യത്തെ തൂത്തെറിഞ്ഞ് ഇടതുസഖ്യം ജയിച്ചുകയറി. ഇടത് സഖ്യത്തിലെ എ.ഐ.എസ്.എഫ് നേതാവും ജെ.എൻ.യുവിലെ ഗവേഷക വിദ്യാർത്ഥിനിയുമായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള, ജെ.എൻ.യുവിൽ എ.ഐ.എസ്.എഫിന്റെ മുന്നണിപ്പോരാളികളിലൊരാളായ അമുത സംസാരിക്കുന്നു.
വീണ്ടും ജെ.എൻ.യു ചുവന്നിരിക്കുന്നു. എന്ത് തോന്നുന്നു?
സന്തോഷമുണ്ട്. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ഈ വിജയം. ജെ.എൻ.യുവിനെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന് ശക്തമായൊരു സന്ദേശം നൽകുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വിജയത്തിലൂടെ അത് സാദ്ധ്യമായിരിക്കുന്നു.
നാല് ഇടത് സംഘടനകൾ ഒരുമിച്ച് മത്സരിക്കാനുണ്ടായ സാഹചര്യം?
നേരത്തെ പറഞ്ഞതു പോലെ സർക്കാരിന് ശക്തമായ സന്ദേശം നൽകുകയായിരുന്നു വേണ്ടിയിരുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ചെയ്തികളിലും ഞങ്ങൾ തൃപ്തരല്ലെന്ന് ഉറക്കെപ്പറയണമായിരുന്നു. ഈ വിജയത്തിലൂടെ അത് സാധിച്ചിരിക്കുന്നു. കൂടാതെ ഹിന്ദുത്വ ശക്തികളെ എതിരിടണമെങ്കിൽ ഒരുമിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ഉത്തമബോദ്ധ്യവും ഞങ്ങൾക്കുണ്ടായിരുന്നു. സർക്കാരിന്റെ ജനവിരുദ്ധ, വിദ്യാർത്ഥിദ്രോഹ നടപടികൾക്കുള്ള താക്കീത് കൂടിയാണ് ഈ വിജയം.
വിജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നോ?
ശക്തമായ ഒരു പോരാട്ടം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാലതുണ്ടായില്ലെന്നതാണ് വാസ്തവം.
എ.ബി.വി.പിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. തീവ്രദേശീയതയാണോ അവർ മുന്നോട്ട് വച്ചത്?
തീവ്രദേശീയത എന്നതിനെക്കാൾ വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്തകൾക്ക് വിലങ്ങിടാനാണ് എ.ബി.വി.പി ശ്രമിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇതാണ് നടക്കുന്നത്. അതേരീതി ജെ.എൻ.യുവിലും നടപ്പിലാക്കാനാണ് അവർ ശ്രമിച്ചത്. വിദ്യാർത്ഥികളെ അരാഷ്ട്രീയവാദികളാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് അവർ നടത്തുന്നത്. ജെ.എൻ.യുവിൽ ദേശീയത എന്ന സംവാദത്തിന് പോലും അവർ ഒരിക്കലും തയ്യാറായിട്ടില്ല. തെറ്റായ നയങ്ങൾക്ക് അവർക്ക് ഉചിതമായ തിരിച്ചടി കിട്ടി എന്നതാണ് വസ്തുത.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു ചിത്രത്തിലേ ഇല്ലായിരുന്നു?
എൻ.എസ്.യു ക്യാമ്പസിൽ തീർത്തും നിർജീവമായ സംഘടനയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് എൻ.എസ്.യു. ക്യാമ്പസിൽ എ.ബി.വി.പി പണം ധാരാളം ഇറക്കുന്നുണ്ട്. എന്നാൽ, എ.ബി.വി.പി കാണിക്കുന്ന ഇത്തരത്തിലുള്ള പ്രോക്രിത്തരത്തിലേക്ക് എൻ.എസ്.യു ഇതുവരെ വന്നിട്ടില്ല. ഇനി അങ്ങനെ ഉണ്ടായിക്കൂടെന്നില്ല.
നിങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണ്?
ഹിന്ദുവെന്ന വേർതിരിവോ അല്ലെങ്കിൽ ഹിന്ദുത്വ നയങ്ങളോ നിലപാടുകളോ ക്യാമ്പസിൽ നടക്കില്ല. ഇവിടെ ആർക്കും എന്തും സംസാരിക്കാനുള്ള അവകാശം വേണം, മാത്രമല്ല, പൊതുവിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. എല്ലാവരുടേയും അവകാശമാണ് വിദ്യാഭ്യാസം എന്നത്. അത് ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല. മാത്രമല്ല, ജെ.എൻ.എയുവിലെ വിദ്യാർത്ഥികൾക്ക് സമാധാനമായി പഠിക്കാനുള്ള അവസരവും ഉണ്ടാകണം. സംവാദങ്ങളുണ്ടാകണം, വിരുദ്ധാഭിപ്രായങ്ങൾ ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കേണ്ടവ അംഗീകരിക്കപ്പെടുകയും വേണം. എതിർപ്പുകൾ അക്രമത്തിലേക്ക് പോകാതെ പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് ഞങ്ങളിൽ നിന്നുണ്ടാകുക.
വിദ്യാർത്ഥികളിൽ അരാഷ്ട്രീയത വളരുന്നുണ്ടോ?
തീർച്ചയായും. എ.ബി.വി.പി പണാധിപത്യം കൊണ്ടും കായികബലം കൊണ്ടും വിദ്യാർത്ഥികളെ അരാഷ്ട്രീയവാദികളാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി ഭരണസംവിധാനത്തെ പോലും അവർ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. മുൻകാലങ്ങളിൽ ജെ.എൻ.യുവിൽ ചർച്ചകളും സംവാദങ്ങളും മറ്റും നടക്കുമായിരുന്നു. ഒരു വൈബ്രന്റ് ക്യാന്പസായിരുന്ന ജെ.എൻ.എയു പഴയത് പോലെയാവണം.
അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടോ?
തീർച്ചയായും. ജെ.എൻ.യുവിലെന്നല്ല രാജ്യം തന്നെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കരിനിഴലിലാണ്. എല്ലായിടത്തും കർഫ്യൂ, ഗാർഡുകളുടെ സുരക്ഷ...വല്ലാത്തൊരു അവസ്ഥയാണിത്. ഇനി ഇത്രയുമൊക്കെ ഉണ്ടായിട്ടും പീഡനങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കുന്നുണ്ടോ? ഇല്ല. അതിനാൽ തന്നെ എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. ജെ.എൻ.യുവിലെ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
ജെ.എൻ.യു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന പ്രചരണം ഉണ്ടായിരുന്നു?
ആരെയാണ് രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നതെന്നാണ് യഥാർത്ഥത്തിൽ പരിശോധിക്കേണ്ടത്. ഭീമ കൊറേഗാവ് അക്രമത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തില്ലേ. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നത് തികച്ചും പരിതാപകരമായ അവസ്ഥയാണ്. വിദ്യാർത്ഥികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ അവർ രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്നു. ഇത്തരക്കാരുടെ കണ്ണിൽ ആരാണ് ദേശീയവാദികൾ. പശുവിന്റെ പേരിൽ ആൾക്കാരെ കൊല്ലുന്നവരോ? അതോ കുട്ടികളേയും സ്ത്രീകളേയും മാനഭംഗപ്പെടുത്തുന്നവരോ? ആ ദേശീയവാദത്തെ ഞങ്ങൾ പൂർണമായും തിരസ്കരിക്കുകയാണ്. ഇതിനൊക്കെ എതിരായ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ഒരു ഉപകരണമായി അവർ മാറ്റിയിരിക്കുകയാണ് രാജ്യദ്രോഹം എന്ന വാക്കിനെ. ഉമർ ഖാലിദിന്റെ കാര്യത്തിൽ എഫ്.ഐ.ആർ പോലുമില്ലായിരുന്നുവെന്നത് മറക്കരുത്.
നജീബ് അഹമ്മദിന്റെ തിരോധാനത്തെ കുറിച്ച്?
ഈ വർഷത്തെ ഞങ്ങളുടെ അജണ്ടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമാണത്. നജീബിന് നീതി കിട്ടിയേ തീരു. കാണാതാകുന്നതിന് മുമ്പ് നജീബിനെ എ.ബി.വി.പിക്കാർ ആക്രമിച്ചിരുന്നു. നജീബിന്റെ തിരോധാനം ക്യാമ്പസിലെ ന്യൂനപക്ഷ വിദ്യാർത്ഥികളെ ആശങ്കയിലും ഭയത്തിലുമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള അവർക്ക് സുരക്ഷയും പ്രതീക്ഷയും നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നജീബിനുണ്ടായത് ഇനി ഒരു വിദ്യാർത്ഥിക്കും ഉണ്ടാകരുത്. അതിനായി ഭരണതലത്തിലും മറ്റെല്ലാ തരത്തിലും ഞങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കാവിദേശീയത രാജ്യം മുഴുവൻ വ്യാപിക്കുന്നുണ്ടോ?
സംഘപരിവാർ സംഘടനകൾക്ക് എല്ലായിടത്തും തിരിച്ചടികളുണ്ടാകുന്നുണ്ട്. അതിനാലാണ് അവർ അക്രമങ്ങൾ നടത്തുന്നത്. ജെ.എൻ.യുവിൽ എ.ബി.വി.പിക്ക് ലഭിച്ചതും ഈ തിരിച്ചടിയാണ്. അതിനാലാണ് അക്രമങ്ങൾ രാജ്യത്താകമാനം അവർ വ്യാപിപ്പിക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടാകുന്നതും ഇതുകൊണ്ടൊക്കെയാണ്.
തീവ്രഹിന്ദുത്വ നിലപാടുള്ളയാളെ വി.സി ആക്കിയതിനെ എങ്ങനെ കാണുന്നു?
ജെ.എൻ.യുവിനെ ബി.ജെ.പിയും കേന്ദ്ര സർക്കാരും ഭയക്കുന്നുണ്ട്. അതിനാൽ തന്നെ ഇത് നശിച്ചു കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിന് വേണ്ടിയാണ് തീവ്രഹിന്ദുത്വ നിലപാടുള്ളയാളെ വൈസ് ചാൻസലർ ആക്കിയത്. ആരും ഒരിക്കലും വിചാരിക്കാത്ത, കുഗ്രാമങ്ങളിൽ നിന്നുള്ളവർ, ഒ.ബി.സി വിഭാഗക്കാർ, ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരൊക്കെ ജെ.എൻ.യുവിൽ പഠിക്കുന്നുണ്ട്. അപ്പോൾ അങ്ങനെയൊരു സാമൂഹ്യാവസ്ഥ ക്യാമ്പസിൽ ഉണ്ടാകുന്നത് അവരെ ആശങ്കപ്പെടുത്തുന്നു. തങ്ങളുടെ വളർച്ചയ്ക്ക് അത് വലിയ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ അവർ അതിനെ തകർക്കാൻ നോക്കുകയാണ്.
രാഷ്ട്രീയം തുടരുമോ?
രാഷ്ട്രീയം തുടരും എന്നത് ശരിയാണ്. ഓരോരുത്തരുടെ വ്യക്തിജീവിതത്തിൽ പോലും രാഷ്ട്രീയമുണ്ട്. ഏതെങ്കിലും പാർട്ടിയുടെ സമുന്നത പദവിയിലെത്തുന്നത് മാത്രമല്ല രാഷ്ട്രീയം. അല്ലാതെയും എനിക്ക് രാഷ്ട്രീയം തുടരാനാകും.
ജോയിന്റ് സെക്രട്ടറി എന്ന നിലയിൽ പറയാനുള്ളത്?
തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എളുപ്പമുള്ള വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഈ വിജയം ആത്മവിശ്വാസം തരുന്നുണ്ട്. പോരാട്ടം തുടരുക തന്നെ ചെയ്യും.
അമുത ജയദീപ്
മുതിർന്ന മാദ്ധ്യമപ്രവർത്തകനും സി.പി.ഐ നേതാവുമായ കെ.പി.ജയദീപിന്റേയും ഷീല സാറാ തോമസിന്റേയും മകളാണ് അമുത. സഹോദരൻ അനുപം ജയദീപ് അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു. ഡൽഹിയിലാണ് അമുത പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എട്ടാം ക്ലാസ് വരെയുളള പഠനം ഡൽഹിയിലായിരുന്നു. പിന്നീട് പ്ലസ് ടു വരെ തിരുവനന്തപുരത്ത് പഠിച്ചു. കൊച്ചിയിലെ രാജഗിരി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എസ്.ഡബ്ല്യു നേടി. പിന്നീട് ജെ.എൻ.യുവിൽ നിന്ന് എം.എസ്.ഡബ്ല്യുവും എംഫിലും നേടി. ഇപ്പോൾ അവിടെ ഗവേഷക വിദ്യാർത്ഥിയാണ്.