സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കിയവരെക്കുറിച്ച് കേട്ടിട്ടില്ലേ.. പക്ഷേ, കൈയില്ലാത്തവർ എങ്ങനെയാണ് ജീവിതം പിടിച്ചെടുക്കുക എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഫ്ലോറിഡ സ്വദേശിയായ ഷഹോളി അയേഴ്സ് എന്ന ഫാഷൻ മോഡലിനെക്കുറിച്ച് അറിയണം. മിലാൻ ഫാഷൻ വീക്കുൾപ്പെടെ ലോകത്തെ പല വേദികളിലും തരംഗമായ, പ്രമുഖ ബ്രാൻഡുകളുടെ അംബാസഡറായ ഷഹോളി ജനിച്ചതുതന്നെ വലതുകൈ മുട്ടിനുതാഴേക്ക് ശൂന്യമായാണ്.
ഇനിയുള്ള കഥ ഷഹോളിപറയും. ''ചെറുപ്പത്തിൽ അദ്ധ്യാപകർ പറയുമായിരുന്നു എനിക്ക് ജിം ക്ലാസിൽ പങ്കെടുക്കാൻ പറ്റില്ലല്ലോയെന്ന്. കുറച്ചുമുതിർന്നപ്പോൾ, കോച്ച് പറയുമായിരുന്നു എനിക്ക് ബാസ്ക്കറ്റ്ബാൾ കളിക്കാൻ പറ്റില്ലല്ലോയെന്ന്. അങ്ങനെ ഒരുപാട് 'പറ്റില്ലല്ലോ' ഞാൻ കേട്ടിട്ടുണ്ട്. കോളേജിലെത്തിയപ്പോഴാണ് എനിക്കൊരു ഫാഷൻ മോഡൽ ആകണമെന്ന് ദൃഢമായി മനസിനെ പറഞ്ഞുപഠിപ്പിക്കുന്നത്.
കൈകളില്ലാത്തതിനാൽ, നിനക്കത് പറ്റില്ലെന്ന് പറഞ്ഞ് ഫാഷൻ ഏജൻസിയിലെ ജീവനക്കാരും എന്നെ തിരിച്ചയച്ചു. അത് 10 വർഷം മുമ്പായിരുന്നു. പക്ഷേ, തോറ്റുകൊടുക്കാൻ ഞാൻ തയാറല്ലായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തി ഒരുങ്ങി, ഞാനെന്റെ കുറച്ചു ഫോട്ടോസ് എടുത്തു. ഞാനങ്ങനെയെന്റെ പോർട്ട് ഫോലിയോ തയാറാക്കി. പിന്നെ, ചെറിയ ചെറിയ ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങി ഞാനെന്റെസ്വപ്നത്തെ മാർക്കറ്റ് ചെയ്തു. അവർക്കുവേണ്ടി ചെറിയ തുകയ്ക്ക് ഞാൻ മോഡലിംഗ് ചെയ്തുതുടങ്ങി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് ഞാനെന്റെ സ്വപനത്തിനൊപ്പമായിരുന്നു ജീവിച്ചത്. ചിലപ്പോൾ മാത്രമാണ് ഞാൻ വെപ്പുകൈ ഉപയോഗിക്കുന്നത്. '
ന്യൂയോർക്ക് ഫാഷൻ വീക്കിൽ കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി ഷഹോളിയുണ്ട്. തീർന്നില്ല, തനിക്ക് കിട്ടിയ അവസരങ്ങളിൽപ്പിടിച്ച് മുകളിലേക്ക് കയറുകമാത്രമല്ല അവർ ചെയ്തത്. തന്നെപ്പോലെയുള്ള 100 കണക്കിന് ആളുകൾക്കായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഡിസബലിറ്റി ഇൻക്ലൂഷന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഷഹോളിയിപ്പോൾ. അംഗപരിമിതരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ഈ ഫൗണ്ടേഷൻ ചെയ്യുന്നത്.