jasna

കോട്ടയം: ദുരൂഹസാഹചര്യത്തിൽ ആറുമാസം മുമ്പ് കാണാതായ ജസ്ന മരിയ ജയിംസിന്റെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ലോക്നാഥ് ബഹ്ര ഉത്തരവിട്ടത്. കേസ് സംബന്ധിച്ച ഫയൽ ഐ.ജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറും. കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകളാണ് ജസ്ന. മുണ്ടക്കയത്തുനിന്ന് ജസ്ന ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതു മാത്രമാണ് ആറുമാസം അന്വേഷിച്ചിട്ടും ലോക്കൽ പൊലീസിന് ലഭിച്ച ആകെയുള്ള തെളിവ്. ഞാൻ മരിക്കാൻ പോവുന്നുവെന്ന് ഒരു സുഹൃത്തിന് മൊബൈൽ ഫോണിലൂടെ അയച്ച മെസേജും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണം വഴിമുട്ടുകയായിരുന്നു.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ജസ്ന. ജസ്നയെക്കുറിച്ച് സൂചന നല്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ സംസ്ഥാന പൊലീസ് മേധാവി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് പലരും സന്ദേശങ്ങൾ പൊലീസിന് കൈമാറിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. സംസ്ഥാന പൊലീസ് പല പ്രാവശ്യം ബംഗളൂരുവിൽ പോയി തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ജസ്നക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശാജനകമായിരുന്നു. ഇടുക്കി ജില്ലയിലെ കൊക്കകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലെ വനാതിർത്തിയിൽ നിന്ന് ഒരു കാൽ കണ്ടെത്തിയിരുന്നു. ഇത് ജസ്നയുടേതാണെന്ന സംശയത്തെ തുടർന്ന് ലാബിൽ പരിശോധിച്ചെങ്കിലും അത് ജസ്നയുടേതല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡി.എൻ.എ ടെസ്റ്റിലൂടെയാണ് ഇത് സ്ഥരീകരിച്ചത്. അറ്റുപോയ നിലയിൽ കണ്ടെത്തിയ കാൽ 36 വയസുള്ള ഒരു സ്ത്രീയുടേതാണെന്നായിരുന്നു കണ്ടെത്തൽ.