balabhaskar

 തിരുവനന്തപുരം: വയലിൻ തന്ത്രികളിൽ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കർ വിട വാങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സിനിമാ ലോകം. മമ്മൂട്ടിയും മോഹൻലാലും, ദിലീപും  ദുൽഖർ സൽമാനും പൃഥ്വിരാജും അടക്കം പ്രമുഖരുടെ നീണ്ട നിരയാണ് ബാലഭാസ്‌കറിന് അനുശേചനവുമായി എത്തിയത്. ഈ മരണം വളരെ നേരത്തേ ആയെന്നും അനീതിയാണെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. മകൾക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു.

വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല പ്രിയ സുഹൃത്തിനെയെന്ന നടൻ ദിലീപ് പറഞ്ഞു. ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌.മറക്കാനാവുന്നില്ല,സഹിക്കാനാവുന്നില്ല,ഈ വേർപാട്‌, ആദരാഞ്ജലികൾ- ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് തേജസ്വിബാല പിറന്നത്. തേജസ്വിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവർ തൃശ്ശൂരിലേക്ക് പോയത്. രണ്ട് ദിവസം മുമ്പ് ബോധം തെളിഞ്ഞയുടൻ ലക്ഷ്മി മകളെ അന്വേഷിച്ചെങ്കിലും ബന്ധുക്കൾ അവളുടെ വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചില്ല. നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. എയിംസിൽ നിന്ന് വിദഗ്ദ ഡോക്ടർമാരെയെത്തിച്ച് ചികിത്സ നൽകാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ബാലഭാസ്‌കർവിടവാങ്ങിയത്.