kisan-sabha-march

 

 

ഗാസിയാബാദ്: കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കിസാൻ സംഘ് നടത്തിയ മാർച്ചിൽ സംഘർഷം. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ചാണ് കർഷകരുടെ സമരം.

അഞ്ച് ദിവസം മുമ്പ് ഹരിദ്വാറിൽ നിന്ന് തുടങ്ങിയ മാർച്ച് ദില്ലി യുപി അതിർത്തിയായ ഗാസിയാബാദിൽ എത്തിയപ്പോഴാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കർഷകർക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിൻമാറാൻ തയ്യാറാകാതിരുന്ന കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവർദ്ധന തടയുക, എം.എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കർഷകർ ദില്ലിയിലേക്ക് മാർച്ച് നടത്തുന്നത്.

പതിനായിരക്കണക്കിന് കർഷകർ എത്തുന്ന സാഹചര്യത്തിൽ ദില്ലി നഗരാതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി പുരോഗമിച്ച മാർച്ച് ഉത്തർപ്രദേശ് അതിർത്തിയിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. കർഷകർ ഇവ ഭേദിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്.  നിരവധി കർഷകർക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്.