nobel-physics

സ്റ്രോക്ഹോം:ലേസർ ഫിസിക്‌സിലെ ഗവേഷണത്തിന് അമേരിക്കൻ ശാസ്ത്രജ്ഞൻ ആർതർ അഷ്‌കിൻ, ഫ്രഞ്ച് എൻജിനിയർ ജെറാൾഡ് മൗറൗ, കനേഡിയൻ ശാസ്‌ത്രജ്ഞ ഡോണ സ്ട്രിക്‌ലാൻഡ് എന്നിവർ ഈ വർഷത്തെ ഭൗതികശാസ്ത്ര നോബൽ പങ്കിട്ടു. നോബൽ  ചരിത്രത്തിൽ  ഭൗതികശാസ്ത്രത്തിന് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ സ്ട്രിക്‌ലാൻഡ്.  

ഒപ്ടിക്കൽ ചവണകളുടെ കണ്ടുപിടിത്തത്തിനും ജീവശാസ്ത്ര ലോകത്തെ അതിന്റെ പ്രയോഗത്തിനുമാണ് 96 കാരനായ ഡോ. അഷ്‌കിൻ പുരസ്കാരത്തിന് അർഹനായത്. ന്യൂജഴ്‌സിയിലെ ബെൽ ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞനാണ് അഷ്‌കിൻ. പരമാണുക്കൾ, വൈറസുകൾ, ജീവകോശങ്ങൾ തുടങ്ങി നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത കണങ്ങളെ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും ലേസർ രശ്‌മികളെ ചവണ പോലെ ഉപയോഗിക്കാമെന്നാണ് അദ്ദേഹം കണ്ടെത്തിയത്. പ്രധാന കണ്ടുപിടിത്തം ഇതായതിനാൽ സമ്മാനത്തുകയുടെ പകുതി അദ്ദേഹത്തിന് ലഭിക്കും.

 1986ലാണ് അഷ്‌കിൻ ആദ്യമായി പ്രകാശ ചവണ കണ്ടുപിടിച്ചത്. ഹെയർ ഡ്രൈയറിൽ നിന്നുള്ള വായുവിൽ ഒരു ടേബിൾ ടെന്നിസ് ബാൾ അന്തരീക്ഷത്തിൽ ഉയർത്തി നിറുത്തുന്നതു പോലെ സൂക്ഷ്‌മ കണങ്ങൾക്ക് യാതൊരു ആഘാതവും ഉണ്ടാക്കാതെ പ്രകാശ ചവണ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്ന് തെളിഞ്ഞതായി റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസസിന്റെ അറിയിപ്പിൽ പറയുന്നു.

അതിതീവ്രവും അതിസൂക്ഷ്മവുമായ പ്രകാശ സ്‌പന്ദനങ്ങളുടെ (ഒപ്ടിക്കൽ പൾസ്) കണ്ടെത്തലിനാണ്  ജെറാൾഡ് മൗറൗ (74), ഡോണ സ്ട്രിക്‌ലാൻഡ് (59) എന്നിവർ പുരസ്കാരത്തിന് അർഹരായത്. ഡോണയുടെ ഗൈഡ് കൂടിയാണ് മൗറൗ.

 ലേസർ നേത്ര ശസ്‌ത്രക്രിയ ഉൾപ്പെടെ മെഡിക്കൽ രംഗത്തും അതിസൂക്ഷ്‌മ ശസ്‌ത്രക്രിയാ ഉപകരണങ്ങൾ വികസിപ്പിക്കുന്നതുൾപ്പെടെ ബയോ മെഡിക്കൽ വ്യവസായത്തിലും വലിയ മുന്നേറ്റത്തിന് ഈ കണ്ടുപിടിത്തങ്ങൾ സഹായകമാകും.    

മൂന്നാമത്തെ വനിത
നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ ഫിസിക്‌സിന് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ സ്‌ട്രിക്‌ലാൻഡ്. കാനഡയിലെ ഒന്റേറിയോയിലെ വാട്ടർലൂ യൂണിവേഴ്‌സിറ്റിയിൽ ലേസർ ഫിസിസിസ്റ്റ് ആണ് ഡോണ. 1903ൽ മേരി ക്യൂറി (ഫ്രാൻസ്), 1963ൽ മരിയ ഗിപ്പർട്ട് മേയർ (ജർമ്മനി - അമേരിക്ക) എന്നിവരാണ് മുൻപ് ഫിസിക്‌സ് നോബൽ നേടിയിട്ടുള്ളത്. റേഡിയോ ആക്ടിവിറ്റിയെ പറ്റിയുള്ള ഗവേഷണത്തിന് ഭർത്താവ് പിയറി ക്യൂറി, ഹെൻറി ബെക്കറൽ എന്നിവർക്കൊപ്പമാണ് മേരി ക്യൂറി നോബൽ സമ്മാനം നേടിയത്. പരമാണുവിന്റെ (ആറ്റം) ന്യൂക്ലിയസുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിനാണ് മേയർ സമ്മാനം നേടിയത്.