manu

കൗതുത്തിൽ ആരംഭിച്ച് ജ്ഞാനത്തിൽ അവസാനിക്കുന്നതാണ് കവിത'' (A poem b​e​g​i​ns in d​e​l​i​g​ht a​nd e​n​ds in wisd​o​m) അമേരിക്കൻ കവിയായ റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ. ഈ വരികൾ തന്റെ ജീവിതമാക്കി മാറ്റിയ വ്യക്തിയാണ് ഡോ. മനു രമാകാന്ത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള കവികളെയും കവിതകളെയും തൊട്ടറിഞ്ഞ് അദ്ദേഹം നടത്തിവന്ന യാത്ര ഇപ്പോൾ നൂറു എപ്പിസോഡുകൾ പൂർത്തിയാക്കുന്നു. 2016 നവംബർ 30ന് അച്ഛനും പ്രശസ്ത കവിയുമായ കിളിമാനൂർ രമാകാന്തന്റെ ഏഴാം ചരമവാർഷികദിനത്തിലാണ് മനു രമാകാന്ത് വ്യത്യസ്തമായ ഒരു തീരുമാനമെടുത്തത്. 'എ കപ്പ് ഒഫ് കവിത' ഏഴു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോബ്ലോഗ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമുള്ള കവികളെയും കവിതകളെയും പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സാധാരണയായി ലോർക്ക, നെരൂദ, ഷെല്ലി, വേർഡ്സ് വർത്ത്, കീറ്റ്സ് തുടങ്ങിയ ഇംഗ്ലീഷ് കവികളാണ് ഇവിടെ സുപരിചിതർ. ഇവരെ കൂടാതെ അധികമാരും അറിയാതെ പോകുന്ന എത്രയോ പ്രഗത്ഭരായ കവികൾ നമ്മുടെ ലോകത്തുണ്ട്. പലർക്കും ധാരണയില്ലാതെ പോകുന്ന കാര്യം. അങ്ങനെയുള്ള കവിതകളെയും പരിചയപ്പെടുത്തുകയാണ് മനുരമാകാന്തന്റെ 'എ കപ്പ് ഒഫ് കവിത' എന്ന ഈ വീഡിയോ ബ്ലോഗ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് ഏഴു മണിക്കാണ് ഈ വീഡിയോയുടെ പുതിയ എപ്പിസോഡുകൾ വരുന്നത്.

കവിയും എഴുത്തുകാരനുമായ കിളിമാനൂർ രമാകാന്തന്റെയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥയായിരുന്ന നോവലിസ്റ്റ് കെ. ഇന്ദിരയുടെയും മകനാണ് ചെമ്പഴന്തി ശ്രീനാരായണ കോളേജ് ഇംഗ്ലീഷ് വിഭാഗം തലവനായ ഡോ. മനു രമാകാന്ത്. ഇരുപത്തൊന്ന് വർഷമായി അദ്ധ്യാപകനായി പ്രവർത്തിക്കുന്ന അദ്ദേഹം വളർന്നത് വായനയുടെ ലോകത്തിലാണ്. മലയാളം അദ്ധ്യാപകൻ കൂടിയായിരുന്ന അച്ഛൻ കിളിമാനൂർ രമാകാന്തൻ, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. കുട്ടിക്കാലത്ത് അച്ഛൻ വായിച്ചു കേൾപ്പിക്കുന്ന കവിതകൾ അദ്ദേഹം ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. അതിനുശേഷം വീട്ടിൽ നടക്കുന്ന ചർച്ചകൾ അദ്ദേഹത്തിന് കൂടുതൽ അറിവ് പകർന്നു. സാഹിത്യ അന്തരീക്ഷം നിറഞ്ഞു തൂവിയ വീട്. തന്നെക്കാളേറെ വായനാശീലം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. കുട്ടിക്കാലം മുതലേ കവിത കണ്ടും കേട്ടും വളർന്ന വ്യക്തിയാണ് മനു രമാകാന്ത്. അച്ഛനിൽ നിന്നും കിട്ടിയ സ്വാധീനമാണ് മനുവിന്റെ 'എ കപ്പ് ഒഫ് കവിത'യ്ക്കു പിന്നിൽ. പ്രസിദ്ധമായ ഡാന്റെയുടെ ഡിവൈൻ കോമഡിയ്ക്ക് ഇന്ത്യയിൽആദ്യമായ് ഒരു പരിഭാഷയുണ്ടാകുന്നത് മലയാളത്തിലാണ്. കിളിമാനൂർ രമാകാന്തനാണ് ഇത് പരിഭാഷപ്പെടുത്തിയത്. കൂടാതെ മറ്റനേകം കൃതികൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലോകസാഹിത്യത്തിലുണ്ടായിരുന്ന അറിവ് തന്റെ മകന് പകർന്നു നൽകാനും അദ്ദേഹത്തിന് സാധിച്ചു.

'എ കപ്പ് ഒഫ് കവിത' ഓരോ വെള്ളിയാഴ്ചയും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്നുള്ള ഒരു കവിയുടെ കവിതയുമായി എത്തുന്നു. സാധാരണഗതിയിൽ ഏഴുമിനിട്ട് ദൈർഘ്യമുള്ള വീഡിയോയ്ക്കായി മനു തിരഞ്ഞെടുക്കുന്നത് ചെറു കവിതകളെയോ അല്ലെങ്കിൽ വലിയ കവിതകളിൽ നിന്ന് ഏതാനും ചില വരികളോ ആണ്. കാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഏഴുമിനിറ്റിൽ കൂടുതൽ ആളുകളുടെ ശ്രദ്ധപിടിച്ചു നിർത്താൻ പ്രയാസമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും വലിയ മനോഹരമായ കവിതകൾ മനു രമാകാന്തന് ഉപേക്ഷിക്കേണ്ടിവരുന്നു. വീഡിയോയിൽ ആദ്യം കവിതയെയും കവിയെയും പരിചയപ്പെടുത്തുന്നു. പിന്നീട് കവിതയിലെ വരികൾ വായിച്ചതിനുശേഷം അതിനെപ്പറ്റി വിശദീകരിക്കുന്നു. കാണികളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള വിവരണത്തിൽ കവിതയുടെ പശ്ചാത്തലവും സംസ്‌കാരവുമെല്ലാം വിഷയമാകാറുണ്ട്. അവസാനം കവിയെപ്പറ്റി ഒരു ചെറുവിവരണം കാണിച്ചുകൊണ്ട് വീഡിയോ അവസാനിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വീഡിയോ പുറത്തിറങ്ങി കഴിയുന്നതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ല. തുടർന്നുള്ള പ്രതികരണങ്ങളും ചർച്ചകളും ഫേസ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും സജീവമായി നടക്കുന്നു. ശ്രോതാക്കളെ ചിന്തയിലാഴ്ത്തുന്ന തരത്തിലാണ് കവിതയുടെ അവതരണവും വിശദീകരണവും. തന്റേതായ താത്പര്യങ്ങൾക്കനുസരിച്ച് കവിതകളെ ഒഴിവാക്കാൻ അദ്ദേഹം തയ്യാറല്ല. തന്നെ സ്പർശിക്കുന്ന കവിതകൾ ആണെങ്കിൽ ഉറപ്പായും അദ്ദേഹം അത് തിരഞ്ഞെടുക്കും. പലരുടെയും ചിന്ത കവിത മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നാണ്. അതുകൊണ്ട് തന്ന മനോഹരമായ കവിതകൾ മറ്റുള്ളവർക്ക് മനസിലാക്കി നൽകണമെന്നാണ് ആഗ്രഹം. വീഡിയോ കണ്ടതിനുശേഷം പലരും തങ്ങളുടെ പ്രതികരണങ്ങൾ അദ്ദേഹത്തെ അറിയിക്കാറുണ്ട്. പത്തുമുതൽ എൺപതുവയസ്സുള്ളവർ വരെ മുന്നിലുണ്ട്. വളരെ വിശാലമായൊരു ക്ലാസ് മുറി. അത് നൽകുന്ന ആവേശവും ആത്മവിശ്വാസവും വളരെ വലുതാണ്. വീഡിയോ മറ്റുള്ളവർ കണ്ടതിനുശേഷം തനിക്ക് ലഭിക്കുന്ന വിലപ്പെട്ട പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്നേവരെ യാതൊരു വിധവരുമാനവും ഇതിലൂടെ ലഭിച്ചിട്ടില്ല. എങ്കിൽപോലും ' എ കപ്പ് ഒഫ് കവിത' നൽകുന്ന സംതൃപ്തി ഒരു കപ്പിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്. അതുപോലെ തന്നെയാണ് ഓരോ എപ്പിസോഡും മറ്റുള്ളവർ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും. ശശിതരൂർ അടക്കം പല പ്രമുഖരും തന്റെ വീഡിയോയെ പ്രശംസിച്ച് പ്രതികരണങ്ങൾ നൽകിയത് അദ്ദേഹം നിധിപോലെ സൂക്ഷിക്കുന്നു. പണ്ട് കോളേജിൽ താൻ പഠിപ്പിച്ച വിദ്യാർത്ഥികൾ മാത്രമല്ല, ലോകത്തിന്റെ അങ്ങേതലം മുതൽ ഇങ്ങേയറ്റം വരെയുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തോടൊപ്പമുണ്ട്. നേരിട്ടു കണ്ടിട്ടില്ലാത്ത എത്രയോപേർ തന്റെ വീഡിയോകളെ ഇഷ്ടപ്പെടുകയും അടുത്തതിനായി കാത്തിരിക്കുകയും ചെയ്യുന്നുവെന്ന് അറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത കൗതുകമാണ് അദ്ദേഹത്തിനുള്ളത്. പ്രതിഫലം പ്രതീക്ഷിക്കാതെ നാം നന്മകൾ ചെയ്യണം. അദ്ധ്യാപകൻ എന്ന നിലയിൽ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഇവിടെ വരെയുള്ള യാത്രയുടെ കാതൽ.manu1

'എ കപ്പ് ഒഫ് കവിത'യുടെ വിജയത്തിനു പിന്നിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിദ്യാർത്ഥികളുടെയും പിന്തുണ വളരെ വലുതാണ്. അമ്മ ഇന്ദിര, വീട്ടമ്മയായ ഭാര്യ ദിവ്യ, ബി.കോം രണ്ടാംവർഷ വിദ്യാർത്ഥിനിയായ മകൾ നേഹ എന്നിവർ അദ്ദേഹത്തിന് ആത്മവിശ്വാസം പകരാൻ ഒപ്പമുണ്ട്. വീട്ടിൽതന്നെയാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. അപ്പോൾ അതിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ എപ്പിസോഡും ആദ്യം കണ്ട് വിലയിരുത്തുന്നതും ഇവർ തന്നെ. അതിനുശേഷം ആണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. മറ്റൊരുകാര്യം വീഡിയോയ്ക്കുവേണ്ട എല്ലാംതന്നെ അദ്ദേഹം ഒറ്റയ്ക്കാണ് ചെയ്യുന്നത്. കവിത കണ്ടെത്തണം, കവിത സ്‌ക്രി്ര്രപ് ആക്കണം, കാമറ തയ്യാറാക്കണം, ലൈറ്റ് സജ്ജീകരിക്കണം, എഡിറ്റ് ചെയ്യണം അങ്ങനെ ആദ്യം മുതൽ അവസാനംവരെ എല്ലാം തനിച്ചാണ് ചെയ്യുന്നത്. ചിത്രീകരണത്തിനായി വീടിനുമുകളിലെ ഒരു മുറി തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എഡിറ്റിംഗ് പഠിച്ചിട്ടില്ലാത്ത ആളാണ് അദ്ദേഹം. എഡിറ്റിംഗിന്റെ അടിസ്ഥാനവശങ്ങൾ വീട്ടിൽവന്ന് പറഞ്ഞുകൊടുത്തത് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ്. അവരിൽ നിന്നുള്ള സ്‌നേഹവും പിന്തുണയും അദ്ദേഹത്തെ മുന്നിലേക്ക് നയിച്ചു. ഏറ്റവും അടുത്ത സുഹൃത്തും നടനുമായ മുരളിഗോപി എല്ലാ കാര്യത്തിലും അദ്ദേഹത്തോടൊപ്പം തന്നെയുണ്ട്. 'എ കപ്പ് ഒഫ് കവിത'യുടെ പ്രചരണം ഏറ്റെടുത്തിരിക്കുന്നത് 'മുരളിഗോപി ക്രിയേറ്റീവ് ഫ്രറ്റേർണിറ്റി' ആണ്. ആദ്യകാലത്ത് വീഡിയോയുടെ ശബ്ദത്തിന്റെയും എഡിറ്റിംഗിന്റെയും ചെറിയ പോരായ്മകൾ കണ്ടെത്താൻ സാധിച്ചതിനാൽ അവ തിരുത്തി കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചതിൽ മുരളീഗോപി അതിൽവഹിച്ച പങ്ക് വളരെ വലുതാണ്. ശൂന്യതയിൽ നിന്നും തുടങ്ങിയ 'എ കപ്പ് ഒഫ് കവിത' നൂറാം എപ്പിസോഡിൽ എത്തുന്നതോടെ രണ്ടുവർഷം നീണ്ട പരിശ്രമത്തിന് ലഭിക്കുന്ന തിളക്കമാർന്ന ഒരുവൻവിജയം ആയിരിക്കും. എഴുത്തുകാരനും ഫ്രീലാന്റ് ജേണലിസ്റ്റ് കൂടിയായ മനു രമാകാന്ത് എഴുതിയ 'സാങ് ച്വറി ഫോർ ദ സോൾ' പരമ്പരയിൽപ്പെട്ട നാലു പുസ്തകങ്ങൾ കേരളടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. പറമ്പിക്കുളം, ഇരവികുളം, പെരിയാർ, സൈലന്റ് വാലി... എന്നീ നാലുവനങ്ങളെ പറ്റിയുള്ളതാണ് ഈ നാലു പുസ്തകങ്ങളും. യാത്രയ്ക്കിടയിൽ ഒരുപാട് പുതിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മറക്കാനാവാത്ത ഒന്നായിരുന്നു ഒരു കടുവയുടെ മുന്നിൽപ്പെട്ടു പോയത്. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നൂറാം എപ്പിസോഡിനുശേഷം എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. ജീവിതം എന്നത് ആവേശത്തോടെ ആസ്വദിച്ച് ജീവിക്കാനുള്ളതാണ്. വായനയിലൂടെ പുതിയ അനുഭവങ്ങൾ നാം നേടിയെടുക്കണമെന്നും മനസിന് ഇഷ്ടമുള്ളതു ചെയ്തു ജീവിക്കണം എന്നു മാത്രം മനുരമാകാന്തൻ പറഞ്ഞുവയ്ക്കുന്നു.