sabarimala-women-entry

 

 

പന്തളം: തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹർജി നൽകുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയിൽ ഉപവസിക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു,

പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ പന്തളം മെഡിക്കൽ മിഷൻ പരിസരത്ത് നിന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്തരാണ് ഈ യാത്രയിൽ പങ്കെടുത്തത്. ശബരിമല വിഷയത്തിൽ  കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേർന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊച്ചിയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ആലപ്പുഴയിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.