തിരുവനന്തപുരം: പുറത്ത് മാനം കറുത്തിരുണ്ട് മഴ ചാറിത്തുടങ്ങിയപ്പോഴാണ് ബാലഭാസ്‌കറിന്റെ മൃതദേഹം വഹിച്ച വാഹനം വഴുതക്കാട്ടെ കലാഭവൻ തിയേറ്ററിലേക്കു പുറപ്പെട്ടത്. മഴച്ചാറ്റലിന്റെ സംഗീതം അകമ്പടിയായുള്ള വിലാപയാത്ര കലാഭവനിൽ എത്തിയപ്പോൾ വയലിൻ മാന്ത്രികന്റെ ചേതനയറ്റ ശരീരത്തെ കൂട്ടുകാർ വരവേറ്റത് വയലനിൽ നിന്നും കീബോർഡിൽ നിന്നും ഉതിർത്ത നനുത്ത ശോകച്ഛവിയുള്ള സംഗീതം കൊണ്ട്. കലാഭവൻ തീയേറ്ററിലെ പൊതുദർശന ചടങ്ങിൽ സ്റ്റീഫൻ ദേവസ്സിയും റോജോയും രജിത്തും വില്യമും പാച്ചുവും ശിവകുമാറുമടങ്ങുന്ന സുഹൃത്ത്സംഘം ബാലഭാസ്‌കറിന് അർപ്പിച്ചത് സംഗീതം സപര്യയാക്കിയ മനുഷ്യന് നൽകാവുന്ന ഉചിതമായ യാത്രാമൊഴി.
വൈകിട്ട് നാലോടെയാണ് മൃതദേഹം കലാഭവനിൽ എത്തിച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പൊതുദർശന ചടങ്ങിന് പിന്നണിയായി വയലിനും കീബോർഡിലും കൂട്ടുകാർ തീർത്തത് ആയിരം കണ്ണുമായ്, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, ഉയിരേ, സ്‌നേഹിതനേ തുടങ്ങി ബാലുവിന്റെ പ്രിയ ഈണങ്ങൾ. വയലിനിൽ റോജോയും കീബോർഡിൽ സ്റ്റീഫനും. ശോകച്ഛായയിലുള്ള സംഗീതം അന്തരീക്ഷത്തെയാകെ കനത്ത മൗനത്തിന്റേതാക്കി മാറ്റി.
ഒരുപാട് വേദികളിൽ വയലിനിലും കീബോർഡിലും വിസ്മയം തീർത്ത കൂട്ടുകെട്ടിലെ വയലിൻ തന്ത്രികൾ നിശ്ചലമായ യാഥാർത്ഥ്യം ഓർത്തപ്പോഴൊക്കെയും കീബോർഡ് വാദനത്തിനിടെ സ്റ്റീഫൻ തേങ്ങി. ഇടയ്ക്കിടെ കണ്ണുതുടച്ചുകൊണ്ടിരുന്നു. ഒടുവിൽ കരച്ചിലടക്കാൻ പാടുപെട്ട സ്റ്റീഫൻ തറയിലിരുന്ന് പൊട്ടിക്കരഞ്ഞു. ഇത് കൂട്ടുകാരെയും കൂടി നിന്നവരെയുമാകെ കരച്ചിലിൽ എത്തിച്ചു. ആറു മണിയോടെ മൃതദേഹം തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ കലാഭവനിൽ നിന്ന് പുറത്തെടുക്കുന്നതു വരെ സംഗീതാർച്ചന തുടർന്നു. മൃതദേഹം വാഹനത്തിലേക്ക് കയറ്റിയപ്പോൾ വയലിന്റെയും കീബോർഡിന്റെയും വിഷാദനാദം നിലച്ചു. പിന്നെ കൂട്ടുകാർ കെട്ടിപ്പിടിച്ച് കരഞ്ഞു. വണ്ടി കലാഭവന്റെ മുറ്റത്തുനിന്ന് പടിക്കെട്ട് കയറി റോഡിലേക്ക്. തോരാമഴയിൽ ജനിച്ച വീട്ടിലേക്ക് ബാലുവിന്റെ മടക്കയാത്ര.