s400-triumph

 ന്യൂഡൽഹി: കരയിൽ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന റഷ്യൻ നിർമിത എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈലുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യൻ ഉടൻ ഒപ്പിടും. ഒക്‌ടോബർ 4 ന് വാർഷിക ഇന്ത്യൻ - റഷ്യൻ സമ്മേളനത്തിന് രാജ്യതലസ്ഥാനത്തെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായിട്ടായിരിക്കും കരാർ ഒപ്പിടുന്നത്. പുടിന്റെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് മിസൈൽ കരാർ ഒപ്പിടുകയെന്നതാണെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി യൂറി യുഷാകോവ് വ്യക്തമാക്കി. 5 ബില്യൻ അമേരിക്കൻ ഡോളർ (ഏതാണ്ട് 36,000 കോടിരൂപ) മതിപ്പ് വരുന്നതാണ് കരാറെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ നാല് യുദ്ധക്കപ്പലുകൾ കൂടി റഷ്യ ഇന്ത്യയ്‌ക്ക് കൈമാറും.

അതേസമയം, അമേരിക്കയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നത്. റഷ്യയിൽ നിന്ന് മിസൈൽ സംവിധാനം വാങ്ങുന്നതിന് തങ്ങളുടെ അനുമതി വേണമെന്നാണ് അമേരിക്കൻ നിലപാട്. എന്നാൽ ഇന്ത്യ ഒരു പരമാധികാര രാജ്യമാണെന്നും വിദേശശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഹെലിക്കോപ്‌ടർ അതിർത്തി ലംഘിച്ചതിന്റെ പശ്ചാത്തലത്തിൽ മിസൈൽ സംവിധാനം എത്രയും പെട്ടെന്ന് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രാലയവും.

എസ് 400 മിസൈൽ

റഷ്യ വികസിപ്പിച്ച കരയിൽ നിന്നും തൊടുക്കാവുന്ന വ്യോമപ്രതിരോധ സംവിധാനം

2007 മുതൽ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈൽ 400 കിലോമീറ്റർ പരിധിയിലെ മൂന്ന് ഡസനോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാനാവും

സാധാരണ റഡാറുകൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത രഹസ്യവിമാനങ്ങളെപ്പോലും കണ്ടെത്തി വെടിവച്ചിടാൻ കഴിവുണ്ട്

അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും കവച്ച് വയ്‌ക്കുന്ന എസ് 400 ട്രയംഫ് മിസൈലുകൾ ലോകത്തിലെ മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന പേരിലാണ് അറിയപ്പെടുന്നത്