gandhijayanti

 ദുബായ്: മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം മൂവർണത്തിൽ അണിഞ്ഞൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ചൊവ്വാഴ്‌ച രാത്രി 8.20 മുതൽ 8.40 വരെയായിരുന്നു എൽ.ഇ.ഡി സ്ക്രീനുകൾ ഉപയോഗിച്ച് പ്രത്യേക പരിപാടി ഒരുക്കിയത്. യു.എ.ഇയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കോൺസുലേറ്റ്, എമ്മാർ പ്രോപ്പർട്ടീസ് തുടങ്ങിയവർ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.

ഗാന്ധിജിയുടെ ജന്മദിനം അദ്ദേഹത്തിന്റെ ചിത്രം ബുർജ് ഖലീഫ പോലൊരു കെട്ടിടത്തിൽ പ്രദർശിപ്പിച്ച് ആഘോഷിക്കുന്നത് മഹത്തരമായൊരു കാര്യമാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഗാന്ധിജിയുടെ സ്‌മരണ പുതുക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും അത് ജീവിതത്തിൽ നടപ്പിൽ വരുത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ജീവിതം നിരവധി തലമുറകൾക്ക് പ്രചോദനമേകുമെന്നും ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾ ഇന്നത്തെ കാലത്തും പ്രസക്‌തിയുള്ളതാണെന്നും എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലബാർ പറഞ്ഞു. ഗാന്ധിജിയുടെ 150 ആം ജന്മദിനത്തിൽ അദ്ദേഹത്തെ ഓർക്കുന്നതിനൊപ്പം യു.എ.ഇയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യാക്കാരോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.