തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ പ്രതികരണവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ലെന്നും ഇതിൽ നിന്നും പിൻമാറുന്നതാണ് സർക്കാരിന് നല്ലതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അല്ലെങ്കിൽ വിശ്വാസികളുടെ രോഷാഗ്നിയിൽ ഈ സർക്കാരും സി.പി.എമ്മും ചാമ്പലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കെ. സുരേന്ദ്രൻ സ്വീകരിച്ചത്. ''അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്""- രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിൽ കെ. സുരേന്ദ്രൻ കുറിച്ച് വാക്കുകൾ ആണിത്. എന്നാൽ ശബരിമല വിധി വന്നതിന് പിന്നാലെ സുരേന്ദ്രൻ നിലപാട് മാറ്റുകയായിരുന്നു.