തിരുവനന്തപുരം: താൻ എന്നെങ്കിലും ശബരിമലയിൽ പോവുകയാണെങ്കിൽ അത് മകളുടെയും ഭാര്യയുടെയും കൈപിടിച്ചായിരിക്കുമെന്ന് പ്രശസ്‌ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. ഇതിനുള്ള അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ കൈവന്നിരിക്കുന്നത്. വളരെ വിപ്ലവകരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ മലചവിട്ടാൻ കഴിയുമെങ്കിൽ അതിൽ കൂടുതൽ എന്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ഇഷ്‌ടപ്പെടാത്ത ഏതെങ്കിലും ദൈവമുണ്ടോ.ശ്രീകൃഷ്‌ണ ഭഗവാൻ എത്ര ഗോപികമാരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ശിവന്റെ ശക്തി മുഴുവൻ പാർവതിയാണെന്നാണു പറയുന്നത്. നമ്മുടെ നാട്ടിലെ എത്രയോ ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികൾ സ്ത്രീയല്ലേ. എന്തിനാണ് സ്ത്രീകളെ ശബരിമലയിൽ നിന്ന് അകറ്റിനിർത്തുന്നത്. ആരാണ് ഇങ്ങനെയൊരു ആചാരമുണ്ടാക്കിയത്. ശബരിമല സ്വാമി സ്ത്രീകളെ ഇങ്ങോട്ടു കയറ്റരുതെന്ന് ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ട് കാലത്ത് വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന ശബരിമലയിൽ പോയി തിരിച്ച് വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയായിരിക്കാം സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ സ്ത്രീകളെ പാർശ്വവത്കരിക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.